ദുബായ്: ഐപിഎല്ലിൽ ഡൽഹി കാപിറ്റൽസിനെ നേരിടാരിക്കെ സൺറൈസേഴ്സ് ഹൈദരാബാദിന് കനത്ത തിരിച്ചടി. അവരുടെ സ്റ്റാർ പേസർ ടി നടരാജാന് കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച നടക്കേണ്ട മത്സരത്തിന് മുമ്പ് നടത്തിയ പരിശോധനയിലാണ് നടരാജന് രോഗം സ്ഥിരീകരിച്ചത്. ഐ.പി.എൽ രണ്ടാം ഘട്ടം ആരംഭിച്ച ശേഷം റിപ്പോർട്ട് ചെയ്യുന്ന ആദ്യ കോവിഡ് കേസാണിത്.

രോഗം സ്ഥിരീകരിച്ചതോടെ നടരാജൻ ഐസൊലേഷനിൽ പ്രവേശിച്ചു. നടരാജനുമായി അടുത്ത സമ്പർക്കമുള്ള ആറ് ടീം അംഗങ്ങളും നിരീക്ഷണത്തിലാണ്. ഓൾറൗണ്ടർ വിജയ് ശങ്കർ, ടീം മാനേജർ വിജയ് കുമാർ, ഫിസിയോ ശ്യാം സുന്ദർ, ഡോക്ടർ അഞ്ജന, ലോജിസ്റ്റിക്ക് മാനേജർ തുഷാർ ഖേഡ്കർ, നെറ്റ് ബൗളർ പെരിയസാമി ഗണേശൻ എന്നിവരാണ് നിരീക്ഷണത്തിലുള്ളത്. നിലവിൽ ആർക്കും രോഗലക്ഷണങ്ങളൊന്നുമില്ല.

 

എന്നാൽ മത്സരം നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് ബി.സി.സിഐ അറിയിച്ചു. രാത്രി 7.30ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം. രണ്ടാം ഘട്ട ഐ.പി.എല്ലിലെ ആദ്യ മത്സരത്തിനാണ് ഇരുടീമുകളും ഇന്നിറങ്ങുന്നത്. ആദ്യ ഘട്ടത്തിൽ കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിലാണ് ടൂർണമെന്റ് ഇന്ത്യയിൽ നിന്ന് റദ്ദാക്കി യു.എ.ഇയിൽ നടത്താൻ തീരുമാനിച്ചത്.

ബാക്കിയുള്ള ഹൈദരാബാദ് താരങ്ങളെല്ലാം നെഗറ്റീവായിരുന്നു. ഇതിനെ തുടർന്നാണ് ദുബായിലെ മത്സരം കൃത്യസയമത്ത് നടത്താൻ തീരുമാനിച്ചത്. ഹൈദരാബാദിനെ സംബന്ധിച്ചിടത്തോളം നിർണായകമാണ് ഇന്നത്തെ മത്സരം. ഏഴ് മത്സരങ്ങളിൽ ആറു പരാജയപ്പെട്ട അവർക്ക് രണ്ട് പോയിന്റ് മാത്രമാണുള്ളത്. ഇതിനിടെ നടരാജന്റെ അഭാവം എങ്ങനെ മറികടക്കുമെന്ന് കണ്ടറിയണം.

നടരാജനു പുറമേ ടീമിലെ മറ്റു താരങ്ങളെയും ഐസലേഷനിലേക്കു മാറ്റിയ ആറു പേരേയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയെങ്കിലും ഫലം നെഗറ്റീവാണെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചു. ഇതുവരെ 24 ഐപിഎൽ മത്സരങ്ങൾ കളിച്ച മുപ്പതുകാരനായ നടരാജൻ 20 വിക്കറ്റുകൾ വീഴ്‌ത്തിയിട്ടുണ്ട്.

കാൽമുട്ടിന് ശസ്ത്രക്രിയയ്ക്ക് വിധേയനായ നടരാജൻ ഈയിടെയാണ് മത്സരരംഗത്തേക്ക് തിരിച്ചെത്തിയത്. സൺറൈസേഴ്സിന് വേണ്ടി പന്തെറിഞ്ഞ് ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരാനുള്ള നടരാജന്റെ മോഹത്തിന് വലിയ തിരിച്ചടിയാണ് കോവിഡ് സമ്മാനിച്ചത്.