തിരുവനന്തപുരം: പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. അഴിമതിയുടെ ദേശീയ ഗെയിംസിൽ പങ്കെടുക്കരുതെന്ന അഭ്യർത്ഥന കേന്ദ്ര ധനമന്ത്രി അരുൺജെയ്റ്റ്‌ലിയും ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരിയും അംഗീകരിച്ചു.

ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശത്തെ മറികടക്കേണ്ടെന്നാണ് രണ്ട് മന്ത്രിമാരുടേയും തീരുമാനം. എന്നാൽ കേന്ദ്ര കായിക മന്ത്രിക്ക് രാഷ്ട്രീയകാര്യങ്ങൾ പറഞ്ഞ് ഗെയിംസിൽ നിന്ന് വിട്ടുനിൽക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. അതുകൊണ്ട് കേന്ദ്ര മന്ത്രിസഭയുടെ പ്രതിനിധിയായി കായിക മന്ത്രി സർബാനന്ദ സൊനോവാൾ തിരുവനന്തപുരത്തെ സമാപന ചടങ്ങിൽ പങ്കെടുക്കും. മിൽഖാ സിംഗുൾപ്പെടെയുള്ള ഇതിഹാസ കായികതാരങ്ങളെ എത്തിക്കാനും ശ്രമമുണ്ട്.

സായി ഡയറക്ടർ ജനറൽ എന്ന നിലയിൽ കായിക മേഖലയിൽ നല്ല ബന്ധമുള്ള വ്യക്തിയാണ് ജിജി തോംസൺ. ഈ ബന്ധമുപയോഗിച്ചാണ് മിൽഖാ സിംഗിനെ കൊണ്ട് വരാൻ നീക്കം. അതോടൊപ്പം കേരളത്തിലെ ഒളിമ്പ്യന്മാർക്കും മുൻതൂക്കം നൽകും. എന്നാൽ ഉദ്ഘാടന ചടങ്ങിൽ വേണ്ടത്ര പ്രാധാന്യം പിടി ഉഷയടക്കമുള്ള താരങ്ങൾക്ക് കിട്ടിയില്ലെന്ന പരാതിയും ഉണ്ട്. ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കറെ ഉയർത്തിക്കാട്ടിയപ്പോൾ ഉഷയേയും മറ്റും തഴഞ്ഞെന്നാണ് പരാതി.

കേരളത്തിന്റെ അഭിമാനമെന്ന നിലയിൽ മാത്രമാണ് ദീപശിഖ കത്തിക്കാൻ ഉഷയും അജ്ഞു ബോബി ജോർജ്ജും തയ്യാറായത്. വെറുതെ വിവാദമുണ്ടാക്കി ഗെയിംസിന്റെ ശോഭകളയാതിരിക്കാനാണിതെന്നാണ് സൂചന. എന്നാൽ സച്ചിനും മോഹൻലാലുമൊക്കെ കൈവിട്ടപ്പോൾ അത്‌ലറ്റുകളെ അന്വേഷിച്ചുള്ള ഗെയിംസ് സംഘാടക സമിതിയുടെ യാത്രയും പരിഹാസമാണെന്ന് അത്‌ലറ്റുകൾ വ്യക്തമാക്കുന്നുണ്ട്.

സമാപന ചടങ്ങിൽ കലാപരിപാടി അവതരിപ്പിക്കാൻ ശോഭന എത്തുമെന്നാണ് സൂചന. അഡ്വാൻസ് വാങ്ങിയ പരിപാടിയിൽ നിന്ന് പിന്മാറില്ലെന്ന് സംഘാടക സമിതിക്ക് ശോഭനയുടെ ഉറപ്പ് കിട്ടിയിട്ടുണ്ട്. എന്നാൽ ചെണ്ട കൊട്ടാൻ ജയറാം എത്തുമോ എന്ന് ഉറപ്പില്ല. എന്നാൽ പരമ്പരാഗത രീതിയിൽ അടുത്ത ഗെയിംസ് നടക്കുന്ന ഗോവയിലെ കലാകാരന്മാർ കലാപരിപാടികളുമായെത്തും.

ഒന്നര മണിക്കൂർ മാത്രമേ ചടങ്ങ് കാണൂ എന്നാണ് സൂചന. ഇതിനുള്ള നിർദ്ദേശം സംഘാടക സമിതിക്ക് ചീഫ് സെക്രട്ടറി ജിജി തോംസൺ നൽകിയിട്ടുണ്ട്. എല്ലാ കാര്യങ്ങളിലും നേരിട്ട് ഇടപെടാൻ തന്നെയാണ് തീരുമാനം. ഉദ്ഘാടനച്ചടങ്ങിനു മുടക്കിയ തുക അധികമല്ല. മുൻ നിശ്ചയിച്ച ബജറ്റ് പ്രകാരം തന്നെ സമാപന ചടങ്ങുകൾ നടത്തുമെന്ന നിലപാടിലാണ് മുഖ്യമന്ത്രി.

ദേശിയ ഗെയിംസ് സമാപന ചടങ്ങ് ലളിതമായി നടത്തണമെന്ന മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നിർദ്ദേശത്തെ തുടർന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നിരുന്നു. ഇത്തരം അവലോകന യോഗങ്ങൾ തുടരും. സമാപനത്തിന് രണ്ട് ദിവസം മുമ്പ് വ്യക്തമായ ചിത്രമുണ്ടാക്കും. റിഹേഴ്‌സൽ ഉൾപ്പെടെയുള്ളവ ചീഫ് സെക്രട്ടറി നേരിട്ട് വിലയിരുത്തും. കരിമരുന്ന പ്രയോഗവും നടത്തും. അങ്ങനെ ചീത്തപ്പേര് ഉണ്ടാകാത്ത വിധം സമാപന ചടങ്ങ് സംഘടിപ്പിക്കാനാണ് തീരുമാനം.

എന്നാൽ സമാപന ചടങ്ങിൽ പ്രതിപക്ഷത്ത് നിന്ന് ആരും എത്തില്ല. മുൻ മന്ത്രി വിജയകുമാർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തിരുന്നു. എന്നാൽ സിപിഐ(എം) സെക്രട്ടറിയേറ്റ് ചടങ്ങുകൾ ബഹിഷ്‌കരിക്കാൻ ഔദ്യോഗികമായി തീരുമാനം എടുത്ത സാഹചര്യത്തിൽ സമാപനത്തിന് വിജയകുമാർ പോകില്ലെന്നാണ് സൂചന.