തീയറ്ററുകളിൽ സിനിമ തുടങ്ങുന്നതിന് മുമ്പ് ദേശീയ ഗാനം ആലപിക്കണമെന്നും ആ സമയത്ത് എല്ലാവരും എഴുന്നേറ്റ് നിൽക്കണമെന്നും സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത് ഇന്നലെയാണ്. എന്നാൽ, വിധി പ്രഖ്യാപിച്ച ബെഞ്ചിലെ ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് ഇത് പുതിയ കാര്യമല്ല. 13 വർഷം മുമ്പ് ദീപക് മിശ്ര സമാനമായ വിധി പ്രഖ്യാപനം നടത്തിയിരുന്നു. അന്ന് മധ്യപ്രദേശ് ഹൈക്കോടതിയിലെ ജഡ്ജിയായിരുന്നു ദീപക് മിശ്ര. അന്നും പൊതുതാത്പര്യ ഹർജികൊടുത്തത് ഇത്തവണത്തെ ഹർജിക്കാരനായ ശ്യാം നാരായണൻ ചോക്‌സി തന്നെ.

സുപ്രീം കോടതിയിലും അതേ ജഡ്ജി തന്നെ വിധി പ്രഖ്യാപിച്ചത് തികച്ചും യാദൃച്ഛികം മാത്രമാണെന്ന് ചോക്‌സി പറയുന്നു. എന്നാൽ, ദേശീയ ഗാനത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഒട്ടേറെ സംഭവങ്ങൾ അടുത്തിടെയുണ്ടായതുകൊണ്ടാണ് താൻ വീണ്ടും പൊതുതാൽപര്യ ഹർജി നൽകിയതെന്നും ചോക്‌സി പറഞ്ഞു.

2003-ലാണ് ചോക്‌സി പൊതുതാൽപര്യ ഹർജിയുമായി മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചത്. കഭി ഖുശി കഭി ഘം എന്ന സിനിമയിൽ കരൺ ജോഹർ ദേശീയ ഗാനത്തെ അധിക്ഷേപിച്ചു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അന്നത്തെ ഹർജി. ദേശീയ ഗാനം ചിത്രീകരിക്കുന്ന സീനുകൾ വെളിച്ചമില്ലാതെയാണ് ചിത്രീകരിച്ചതെന്ന് ചോക്‌സി ആരോപിച്ചു. മാത്രമല്ല, ദേശീയ ഗാനം സിനിമയിൽ മുഴങ്ങുമ്പോൾ സിനിമാ ഹാളിലെ കാണികൾ എഴുന്നേറ്റ് നിന്നില്ലെന്നും ചോക്‌സി ചൂണ്ടിക്കാട്ടി.

ഇതേത്തുടർന്ന് പ്രസ്തുത സീൻ നീക്കം ചെയ്യാതെ സിനിമ പ്രദർശിപ്പിക്കരുതെന്ന് നിർദ്ദേശിച്ചുകൊണ്ട് ദീപക് മിശ്ര വിധി പ്രസ്താവിച്ചു. അതതുവരെ എല്ലാ തീയറ്ററുകളിൽനിന്നും സിനിമ പിൻവലിക്കണമെന്നും വിധിയിലുണ്ടായിരുന്നു. ഹൈക്കോടതി വിധി സുപ്രീം കോടതി തള്ളിയെങ്കിലും ചോക്‌സി പുനപ്പരിശോധന ഹർജി നൽകിയിരുന്നു. ഒടുവിൽ 2006 നവംബറിൽ അന്തിമ വിധി പറഞ്ഞ സുപ്രീം കോടതി, സിനിമ അതേ രീതിയിൽ പ്രദർശിപ്പിക്കാൻ അനുമതി നൽകുകയും ചെയ്തു.

ദേശീയ ഗാനം തീയറ്ററുകളിൽ കേൾപ്പിക്കണമെന്ന സമാന വിധി സുപ്രീം കോടതി വിധിച്ചെങ്കിലും, ഇക്കുറിയും ഇതിനെതിരെ നിരവധി പുനപ്പരിശോധനാ ഹർജികൾ ഉയർന്നേക്കുമെന്നാണ് സൂചന. തീയറ്ററുകളിൽ ദേശീയഗാനം കേൾപ്പിക്കണമെന്നത് സംബന്ധിച്ച് ഒട്ടേറെ ഹർജികൾ വിവിധ കോടതികളിൽ നിലനിൽക്കുന്നുണ്ട്. ദേശീയഗാനം പാടാതിരുന്നതിന് മൂന്ന് കുട്ടികളെ പുറത്താക്കിയ കേരളത്തിലെ ഒരു സ്‌കൂളിനോട് കുട്ടികളെ തിരിച്ചെടുക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ദേശീയ ഗാനം പാടണെന്ന് ആരെയും നിർബന്ധിക്കാനാവില്ലെന്ന് ഈ വിധിയിൽ കോടതി ചൂണ്ടിക്കാട്ടിരുന്നു.