ന്യൂഡൽഹി: സിനിമാ തീയേറ്ററുകളിലെ ദേശീയഗാനവുമായി ബന്ധപ്പെട്ട ഹർജിയിൽ സുപ്രീം കോടതിയുടെ സുപ്രധാന വിധി. സിനിമാ തീയേറ്ററുകളിൽ ദേശീയഗാനം നിർബന്ധമല്ലെന്ന് സുപ്രീംകോടതി പറഞ്ഞു. തീരുമാനം അതാത് തീയേറ്ററുകൾക്ക് തന്നെ സ്വീകരിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉൾപ്പെട്ട ബെഞ്ചാണ് തീയേറ്ററുകളിൽ ദേശീയഗാനം നിർബന്ധമാക്കിയ ഉത്തരവ് ഇറക്കിയിരുന്നത്.ദേശീയഗാനം നിർബന്ധമാക്കിയ 2016 നവംബറിലെ നിയമം ഭേദഗതി ചെയ്തു. സിനിമ തുടങ്ങുംമുൻപു തിയറ്ററുകളിൽ ദേശീയ ഗാനം കേൾപ്പിക്കണമെന്ന ഉത്തരവു തൽക്കാലം മരവിപ്പിക്കണമെന്നു കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

ദേശീയഗാനം ആലപിക്കുന്നതു സംബന്ധിച്ച് ആറു മാസത്തിനകം മാർഗരേഖയുണ്ടാക്കാൻ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുടെ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ സർക്കാർ വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

മുമ്പ് ദേശഭക്തി തോളിൽ തൂക്കിയിട്ട് നടക്കേണ്ടകാര്യമില്ലെന്ന് സുപ്രീംകോടതി ജഡ്ജി ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞിരുന്നു. സിനിമാ തിയേറ്ററുകളിൽ ദേശീയഗാനം നിർബന്ധമാക്കാൻ 2016-ൽ ഇറക്കിയ ഉത്തരവിലെ യുക്തിയെയും അദ്ദേഹം വിമർശിച്ചിരുന്നു. ശ്യാം നാരായൺ ചോക്സെ എന്നയാൾ നൽകിയ ഹർജിയിലാണ് 2016-ലെ ഉത്തരവിറങ്ങിയത്.

ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉൾപ്പെട്ട ബെഞ്ചാണ് തീയേറ്ററുകളിൽ ദേശീയഗാനം നിർബന്ധമാക്കിയ ഉത്തരവ് ഇറക്കിയത്. പൗരന്മാരിൽ ദേശഭക്തിയും ദേശീയതയും കൊണ്ടുവരാൻ ഇതു കൊണ്ട് സാധിക്കുമെന്നായിരുന്നു ജസ്റ്റിസ് ദീപക് മിശ്ര അന്ന് അഭിപ്രായപ്പെട്ടത്.