- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ വാഴ മഹോത്സവം: വൈവിധ്യങ്ങൾ ഒരുക്കി പ്രദർശനം
തിരുവനന്തപുരം: വാഴയിൽ നിന്നും ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളെ കുറിച്ച് ചോദിച്ചാൽ വാഴപ്പഴവും, വാഴയിലയും, വാഴപ്പിണ്ടിയും മാത്രം അറിയാവുന്നവർക്ക് വാഴയുടെ അടി മുതൽ മുടി വരെ ഉപയോഗമുണ്ടെന്ന് മനസിലാക്കി തരുന്ന പ്രദർശനം ദേശീയ വാഴ മഹോത്സവത്തിന്റെ ഭാഗമായി കല്ലിയൂരിൽ ആരംഭിച്ചു കഴിഞ്ഞു. രാജ്യത്തെ വിവിധയിടങ്ങളിൽ നിന്നുള്ള കൊതിയൂറും വാഴ ഇനങ്ങൾ. അതിൽ മുമ്പൻ കേരള നേന്ത്രൻ തന്നെ. നേന്ത്രനോട് മത്സരിക്കാൻ തമിഴ്‌നാട് കപ്പപ്പഴവും, ജി. 9 റോബസ്റ്റ വരെ. എണ്ണിയാൽ ഒടുങ്ങാത്ത വാഴവിഭവങ്ങൾ. വാഴക്കുല വെട്ടിയ ശേഷം മുറിച്ച് കളയുന്ന വാഴ തണ്ടും, പിണ്ടിയും ഉപയോഗിച്ച് മൂല്യവർദ്ധിത വിഭവങ്ങൾ ലഭിക്കുമെങ്കിലോ. അതും വരുമാനമാക്കുന്ന മാർഗങ്ങളും പ്രദർശനത്തിലുണ്ട്. വ്യത്യസ്ത ഫ്‌ളേവറിലുള്ള ബനാന വൈൻ, വാഴ പിക്കിൾ, ബനാന ചോക്ക് ലേറ്റ്, ബനാന ഹെൽത്ത് ഡ്രിങ്ക്, വാഴത്തണ്ട് അച്ചാർ, വാഴനാരിൽ ഉണ്ടാക്കിയ ചെരുപ്പുകൾ, ബാഗുകൾ, ചവിട്ട് മെത്ത, ബാഗുകൾ, മൊബൈൽ പൗച്ച് എന്നിവ പ്രകൃതിയോട് ഇറങ്ങി ചേരുന്ന നിത്യോപയോഗ വസ്തുക്കളുടെ പ്രദർശനവും, വിൽപ്പനയും മേളയിൽ ഒ
തിരുവനന്തപുരം: വാഴയിൽ നിന്നും ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളെ കുറിച്ച് ചോദിച്ചാൽ വാഴപ്പഴവും, വാഴയിലയും, വാഴപ്പിണ്ടിയും മാത്രം അറിയാവുന്നവർക്ക് വാഴയുടെ അടി മുതൽ മുടി വരെ ഉപയോഗമുണ്ടെന്ന് മനസിലാക്കി തരുന്ന പ്രദർശനം ദേശീയ വാഴ മഹോത്സവത്തിന്റെ ഭാഗമായി കല്ലിയൂരിൽ ആരംഭിച്ചു കഴിഞ്ഞു.
രാജ്യത്തെ വിവിധയിടങ്ങളിൽ നിന്നുള്ള കൊതിയൂറും വാഴ ഇനങ്ങൾ. അതിൽ മുമ്പൻ കേരള നേന്ത്രൻ തന്നെ. നേന്ത്രനോട് മത്സരിക്കാൻ തമിഴ്‌നാട് കപ്പപ്പഴവും, ജി. 9 റോബസ്റ്റ വരെ. എണ്ണിയാൽ ഒടുങ്ങാത്ത വാഴവിഭവങ്ങൾ. വാഴക്കുല വെട്ടിയ ശേഷം മുറിച്ച് കളയുന്ന വാഴ തണ്ടും, പിണ്ടിയും ഉപയോഗിച്ച് മൂല്യവർദ്ധിത വിഭവങ്ങൾ ലഭിക്കുമെങ്കിലോ. അതും വരുമാനമാക്കുന്ന മാർഗങ്ങളും പ്രദർശനത്തിലുണ്ട്.
വ്യത്യസ്ത ഫ്‌ളേവറിലുള്ള ബനാന വൈൻ, വാഴ പിക്കിൾ, ബനാന ചോക്ക് ലേറ്റ്, ബനാന ഹെൽത്ത് ഡ്രിങ്ക്, വാഴത്തണ്ട് അച്ചാർ, വാഴനാരിൽ ഉണ്ടാക്കിയ ചെരുപ്പുകൾ, ബാഗുകൾ, ചവിട്ട് മെത്ത, ബാഗുകൾ, മൊബൈൽ പൗച്ച് എന്നിവ പ്രകൃതിയോട് ഇറങ്ങി ചേരുന്ന നിത്യോപയോഗ വസ്തുക്കളുടെ പ്രദർശനവും, വിൽപ്പനയും മേളയിൽ ഒരുക്കിയിട്ടുണ്ട്.
പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങളുടെ മലിനീകരണം കാരണം പൊറുതിമുട്ടുന്ന നമ്മുടെ നാട്ടിൽ വാഴനാര് ഉപയോഗിച്ച് നിർമ്മിക്കുന്ന ഈ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൽ ഉപയോഗിക്കുന്നതുകൊണ്ട് പരിസര മലിനീകരണം കുറയുകയും, സ്വയംതൊഴിൽ കണ്ടെത്തുന്നവർക്ക് സഹായകരമാകുകയും ചെയ്യും. ഇതിനായി തമിഴ്‌നാട്ടിലേയും, ആന്ധ്രയിലേയും വിവിധ യൂണിറ്റുകളിൽ നിർമ്മിക്കുന്ന മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണവും പരിശീലനവും മേളയിൽ ഒരുക്കിയിട്ടുണ്ട്.
തിരുവനന്തപുരം കല്ലിയൂർ പഞ്ചായത്തിൽ സിസ്സയുടെയും കല്ലിയൂർ ഗ്രാമപഞ്ചായത്തിന്റേയും ആഭിമുഖ്യത്തിലാണ് ദേശീയ വാഴ മഹോത്സവം സംഘടിപ്പിക്കുന്നത്. രാവിലെ 10 മണി മുതൽ രാത്രി 8 വരെ നടക്കുന്ന മേള 21 ന് സമാപിക്കും.
കേന്ദ്ര കൃഷി മന്ത്രി രാധ മോഹൻ സിങ് ഉത്ഘാടനം ചെയ്തു
തിരുവനന്തപുരം: കാർഷിക ഗ്രാമമായ കല്ലിയൂരിന്റെ യശസ്സുയർത്തി വെള്ളായണി ക്ഷേത്ര മൈതാനിയിൽ അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ദേശീയ വാഴമഹോത്സവം ടൂറിസം സഹകരണം,ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേന്ദ്ര കൃഷി വകുപ്പ് മന്ത്രി ശ്രീ. രാധ മോഹൻ സിങ് ദേശീയ വാഴ മഹോത്സവം 2018 ഉത്ഘാടനം ചെയ്തു. സെന്റർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷനും (സിസ്സ) കല്ലിയൂർ ഗ്രാമപഞ്ചായത്തും സംയുക്തമായാണ് ദേശീയ വാഴ മഹോത്സവം സംഘടിപ്പിച്ചിട്ടുള്ളത്. സുരേഷ് ഗോപി എംപി. പ്രദർശനോൽഘാടനം നിർവഹിച്ചു. വാഴമഹോത്സവത്തോടനുബന്ധിച്ചു നടന്ന ദേശീയ സെമിനാറിൽ യുനെസ്‌കോ (ന്യൂഡൽഹി) ഇക്കോളജിക്കൽ സയൻസസ് നാഷണൽ പ്രോഗ്രാം ഓഫീസർ ഡോ.രാം ഭൂജ് മുഖ്യ പ്രഭാഷണം നടത്തി.സിസ്സ പ്രസിഡന്റ് ഡോ.ജി.ജി.ഗംഗാധരൻ അധ്യക്ഷത വഹിച്ചു.
കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ കൂട്ടായ ശ്രമഫലമായി കേരളം കാർഷിക മേഖലയിൽ അതിവേഗ വളർച്ചയുടെ പാതയിലാണെന്ന് മന്ത്രി രാധ മോഹൻ സിങ് പറഞ്ഞു. 2013 -14 കാലഘട്ടത്തിൽ 1,18,697 ഹെക്ടർ പ്രദേശത്താണ് വാഴക്കൃഷി ചെയ്തിരുന്നത്. ഇപ്പോഴത്തെ കണക്കു പ്രകാരം 1,39,897 ഹെക്ടർ പ്രദേശത്ത് വാഴക്കൃഷി ചെയ്യുന്നുണ്ട് . 21, 200 ഹെക്ടർ അധികഭൂമിയിലേക്ക് കൃഷി വ്യാപിച്ചിട്ടുണ്ട്. വ്യത്യസ്തയിനം വിളകളുടെ ഉൽപ്പാദനം വർധിപ്പിക്കാനായി കേന്ദ്ര സർക്കാർ രൂപീകരിച്ച 32 പ്രത്യേക കാർഷിക മേഖലകൾ സംസ്ഥാനത്തെ കാർഷിക മേഖലയുടെ വളർച്ചക്ക് വലിയ തോതിൽ വഴിയൊരുക്കും. വാഴക്കൃഷിക്ക് വേണ്ടിയുള്ള പ്രത്യേക കാർഷിക മേഖലയായി തൃശ്ശൂർ ജില്ലയെ തെരഞ്ഞെടുത്തിട്ടുണ്ട്,' മന്ത്രി പറഞ്ഞു.
ജനിതക എഞ്ചിനീയറിങ്, മോളിക്കുലാർ ബ്രീഡിങ്, ഓർഗാനിക് ഫാമിങ്, സംയോജിത കീട-രോഗ നിയന്ത്രണം, വിളവെടുപ്പാനന്തര സാങ്കേതിക വിദ്യ , മാലിന്യത്തിൽ നിന്ന് സമ്പത്തുണ്ടാക്കും വിധമുള്ള മൂല്യ വർദ്ധനവ് തുടങ്ങിയ മേഖലകളിൽ കേന്ദ്ര സർക്കാർ നൂതന പദ്ധതികൾ ആവിഷ്‌കരിച്ചു കൊണ്ടിരിക്കുകയാണ്. ദേശീയ വാഴ മഹോത്സവത്തിന്റെ ഭാഗമായുള്ള സെമിനാറുകൾ വാഴക്കൃഷിയിലും സംസ്‌കരണത്തിലും മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിലുമെല്ലാം ഉള്ള പ്രശ്‌നങ്ങളെപ്പറ്റി ഗൗരവപൂവ്വം ചർച്ച ചെയ്യുമെന്നും അത് പുതിയ തരം ഗവേഷണങ്ങളിലേക്ക് വഴിതുറക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വാഴക്കൃഷി മേഖലയിൽ കർഷകർ നേരിടുന്ന ഭാവി വെല്ലുവിളികളെ നേരിടാനും വളർച്ചക്കും വികസനത്തിനുമുള്ള വഴിയൊരുക്കാനും ഈ മഹോത്സവം കാരണമാവട്ടേ എന്ന് അദ്ദേഹം ആശംസിച്ചു.
കേരളത്തിൽ ആയുർദൈർഘ്യം വലിയതോതിൽ വർധിച്ചിട്ടുണ്ടെങ്കിലും ജീവിത ശൈലീ രോഗങ്ങളും കാൻസർ പോലുള്ള അപകടകരമായ അസുഖങ്ങളും വർധിക്കുന്നത് ഏറെ ആശങ്കാജനകമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.ഉപഭോഗ സംസ്‌കാരത്തിലേക്കുള്ള കേരളത്തിന്റെ വഴിമാറ്റമാണ് ഇതിനുള്ള പ്രധാന കാരണം. കൃഷിയെ സ്‌നേഹിക്കുന്ന ജീവിത ചര്യയും കാർഷിക സംസ്‌കൃതിയിലേക്കുള്ള മടങ്ങിപ്പോക്കുമാണ് ഈ അവസ്ഥയെ മറികടക്കാനുള്ള പോംവഴി. കല്ലിയൂർ ഗ്രാമത്തിൽ നടക്കുന്ന ദേശീയ വാഴ മഹോത്സവം കാർഷിക സംസ്‌കാരത്തിലേക്കും നല്ല കേരളത്തിലേക്കുള്ള തിരിച്ചുപോക്കിന് പ്രചോദനമേകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
സാധാരണ നിലയിൽ നഗരപ്രദേശങ്ങളിലോ പട്ടണങ്ങളിലോ വെച്ചു മാത്രം നടത്താറുള്ള ഇത്തരം പരിപാടികൾ ഒരു ഗ്രാമപ്രദേശത്തേക്ക് എത്തിക്കാൻ കഴിഞ്ഞത് വലിയ കാര്യമാണെന്നും ഇതിലൂടെ ഒരു കേരളീയ ഗ്രാമമാണ് ആദരിക്കപ്പെടുന്നതെന്നും സുരേഷ് ഗോപി എംപി. പറഞ്ഞു. 'ഭക്ഷ്യ വസ്തുക്കളിൽ നാം ഒരു തെരെഞ്ഞെടുപ്പ് നടത്തേണ്ടിയിരിക്കുന്നു. ഒരു കാരണവശാലും നമ്മുടെ ആരോഗ്യത്തിന് ഭക്ഷണത്തിലൂടെ ഹാനി സംഭവിക്കരുത് '- അദ്ദേഹം പറഞ്ഞു.
കല്ലിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. ജയലക്ഷ്മി അതിഥികളെ പൊന്നാടയണിയിച്ച് ആദരിച്ചു. ഒ .രാജഗോപാൽ എംഎൽഎ; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു എന്നിവർ അതിഥികളായിരുന്നു.
കേരളത്തിലെ ആദ്യത്തെ കൃഷി ഡയറക്ടറും കൃഷി ശാസ്ത്രജ്ഞനുമായ ആർ.ഹെയ്ലിയും ആദരം ഏറ്റുവാങ്ങിയവരിൽ ഉൾപ്പെടുന്നു. കെ.വി.ഐ.സി. ദക്ഷിണ മേഖല അംഗം .ജി.ചന്ദ്ര മൗലി;ബിജെപി.ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ്;സിപിഐ.ജില്ലാ സെക്രട്ടറി ജി.ആർ.അനിൽ എന്നിവർ ആശംസകൾ നേർന്നു.
സിസ്സ ജനറൽ സെക്രട്ടറി ഡോ.സി.സുരേഷ്‌കുമാർ; പ്രസിഡന്റ് ഡോ.ജി.ജി.ഗംഗാധരൻ; വെങ്ങാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.എസ്.ശ്രീകല;ജില്ലാ പഞ്ചായത്ത് മെമ്പർ വി. ലതാകുമാരി;നേമം ബ്‌ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണൻ; കല്ലിയൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്‌സൺ എസ്.ജയന്തി;നേമം ബ്‌ളോക് പഞ്ചായത്ത് മെമ്പർഎം.വിനുകുമാർ;കൗൺസിലർ എം.ആർ.ഗോപൻ;കൗൺസിലർ എസ്.സഫീറ ബീഗം എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ദേശീയ വാഴ മഹോത്സവത്തിന്റെ ഭാഗമായി ഇരുന്നൂറോളം പ്രദർശന സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. ഇതിൽ എഴുപതോളം സ്റ്റാളുകൾ കേരളത്തിന് പുറത്തുനിന്നുള്ളവയാണ്. ജമ്മു കാശ്മീർ, രാജസ്ഥാൻ, മഹാരാഷ്ട്ര, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ, കർണാടക ,തമിഴ്‌നാട് തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള വ്യത്യസ്തതരം ഭക്ഷ്യോൽപ്പന്നങ്ങളും , വാഴയുടെ നാരും പോളയും അടക്കമുള്ള വസ്തുക്കൾ ഉപയോഗിച്ചുള്ള വസ്ത്രങ്ങളും കരകൗശലോൽപ്പന്നങ്ങളും കാർഷിക-സംസ്‌കരണ മെഷിനറികളുമെല്ലാം മേളയുടെ ഭാഗമായി എത്തിച്ചേർന്നിട്ടുണ്ട്.
വരും ദിവസങ്ങളിൽ മേളയുടെ ഭാഗമായി നടക്കുന്ന കർഷക സംഗമം, സാംസ്‌കാരിക സമ്മേളനം, കവി സമ്മേളനം, പാചക മത്സരം, കുട്ടികളുടെ ചിത്ര രചനാ മത്സരം എന്നിവ മേളക്ക് കൊഴുപ്പു കൂട്ടുമെന്നാണ് സംഘാടകർ പറഞ്ഞു.