തിരുവനന്തപുരം: ദേശീയ വാഴ മഹോത്സവം 2018 നു മുന്നോടിയായി ഫെബ്രുവരി 7, 8 തീയതികളിൽ കല്ലിയൂരിൽ പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. വാഴപ്പഴത്തിൽ നിന്നും മൂല്യവർധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള പരിശീലനം നൽകുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് നിർമ്മിക്കുന്ന ഉത്പന്നങ്ങളുമായി 17 മുതൽ 21 വരെ കല്ലിയൂരിലെ വെള്ളായണി ക്ഷേത്ര മൈതാനിയിൽ നടക്കുന്ന വാഴ മഹോത്സവത്തിൽ പങ്കെടുക്കുവാനും തങ്ങളുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനുമുള്ള അവസരം ലഭിക്കുന്നതാണ്.

തിരുവനന്തപുരം ആസ്ഥാനമായുള്ള സെന്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ) , കല്ലിയൂർ ഗ്രാമ പഞ്ചായത്ത്, മിത്രാ നികേതൻ കൃഷി വിജ്ഞാന കേന്ദ്രം, യുണൈറ്റഡ് നേഷൻസ് യൂണിവേഴ്‌സിറ്റിയായാൽ അംഗീകൃതമായ റീജിയണൽ സെൻട്രൽ ഓഫ് എക്‌സ്‌പെർടീസ്, ഐ സി എ ആർ- നാഷണൽ സെന്റർ ഫോർ ബനാന, തിരുച്ചിറപ്പള്ളി, യുനെസ്‌കോ, ന്യൂ ഡൽഹി, ബനാന ഗവേഷണത്തിലും പ്രചാരത്തിലും കേന്ദ്രീകരിച്ചിരിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, ഈ മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾ എന്നിവരുമായി സഹകരിച്ചാണ് വാഴ മഹോത്സവം സംഘടിപ്പിക്കുന്നത്.

വൈവിധ്യ സംരക്ഷണം, സ്വത്വ സംരക്ഷണം, മൂല്യ വർദ്ധനവ് എന്നീ വിഷയങ്ങളെ കേന്ദ്രീകരിച്ച് സംഘടിപ്പിക്കപ്പെടുന്ന ദേശിയ വാഴ മഹോത്സവത്തിൽ ദേശീയ സെമിനാർ, എക്‌സിബിഷൻ, പരിശീലന പരിപാടികൾ, കർഷക സംഗമം തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണ്.പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കൂടുതൽ വിവരങ്ങൾക്കായി 0471-2722151 എന്ന നമ്പറിൽ ബന്ധപ്പെടുകയോ nationalbananafest@gmail.com - ലേയ്ക്ക് മെയിൽ ചെയ്യാവുന്നതാണ്.