തിരുവനന്തപുരം: നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതൽ അവാർഡുകൾ വാങ്ങുന്നത് രണ്ട് കൂട്ടരാണ്. ഒന്ന് മാധ്യമ പ്രവർത്തകരും രണ്ടാമത്തെ വിഭാഗം സിനിമാക്കാരും. മാധ്യമപ്രവർത്തകർക്ക് അവാർഡ് കൊടുക്കുന്നത് പുരസ്‌ക്കാരം കൊടുക്കുന്നവരുടെ പേരും മറ്റും പത്രങ്ങളിൽ അച്ചടിച്ചു വരാൻ കൂടിയാണ്. സിനിമാക്കാർക്ക് അവാർഡ് കൊടുക്കുന്നത് അവാർഡ് ചടങ്ങിലേക്ക് ആളുകൾ എത്താൻ കൂടി വേണ്ടിയാണ്. ഈ രണ്ട് അവാർഡ് പരിപാടികളും നടത്താൻ ധാരാളം സ്‌പോൺസർമാരെയും കിട്ടും.

ഈ രണ്ട് വിഭാഗത്തിനും അവാർഡിന് സ്‌പോൺസർ ചെയ്താൽ അവർക്ക് പരസ്യം കൊടുക്കുന്നതിനേക്കാൾ ലാഭമാണ്. അതുകൊണ്ടാണ് വളരെ തട്ടിപ്പുകാരും അഴിമതിക്കാരും വിവാദ നായകന്മാരുമായ പല കച്ചവടക്കാരുമായവർ സ്‌പോൺസർ ചെയ്തിട്ടും പത്രക്കാരും സിനിമാക്കാരും ഒരു ലജ്ജയുമില്ലാതെ ഈ അവാർഡുകൾ കൈപ്പറ്റുന്നത്. ഏഷ്യാനെറ്റും മഴവിൽ മനോരമയും മുതൽ മറ്റ് എല്ലാ ചാനലുകളും കാലാകാലങ്ങളായി സിനിമാക്കാർക്ക് പുരസ്‌ക്കാരം നൽകി വരുന്നു. ഈ അവാർഡുകളൊക്കെ കൈപ്പറ്റാൻ വേണ്ടി അതത് സ്ഥാപനങ്ങളുടെ ഹെഡ്ക്വാർട്ടേഴ്‌സിൽ വന്നു താമസിച്ച് ക്യൂ നിന്ന് പുരസ്‌ക്കാരം കൈപ്പറ്റാറുണ്ട്.

ഈ ചാനലുകളുടെയെല്ലാം അവാർഡിന്റെ സ്‌പോൺസർമാർ കച്ചവടക്കാരാണ്. ഈ കച്ചവടക്കാരുടെ കൈയിൽ നിന്നാണ് പലരും പുരസ്‌ക്കാരങ്ങൾ വാങ്ങുന്നത്. എന്നിട്ടും ഇവർക്ക് രാജ്യത്തെ പരമോന്നത പുരസ്‌ക്കാരം ലഭിച്ചിട്ടും അത് നൽകുന്ന മന്ത്രി ഒരു സീരിയൽ നടിയായിരുന്നു എന്നതു കൊണ്ടുള്ള വിമ്മഷ്ടമാണ്. ഇത് തീർത്തും ലജ്ജാകരമായ കാര്യമാണെന്ന് പറയാതെ വയ്യ. ഈ സിനിമക്കാർ ബിജെപി സർക്കാറിന്റെ വർഗീയ പ്രീണനത്തിനെതിരെ അല്ലെങ്കിൽ കത്വയിലെ പെൺകുട്ടിയുടെ ദുരവസ്ഥക്കെതിരെ ഒരു നിലപാട് സ്വീകരിച്ചിട്ട് വേണ്ട എന്ന് പറയുകയാണെങ്കിൽ അതിന് ഒരു അന്തസ്സുണ്ടായിരുന്നു.

കേരളത്തിലെ സിനിമാക്കാർക്ക് സീരിയൽ രംഗത്തുള്ളവരോട് താൽപ്പര്യമില്ലെങ്കിൽ അത് തൊഴിലിനോടുള്ള അന്തസില്ലായാമ്മയാണ്. ഇന്നലെ ഈ വിഷയത്തിൽ നടന്ന ചർച്ചകൾ ശ്രദ്ധിച്ചു നോക്കുക. അയാൾ എന്നുവരെ രാഷ്ട്രപതിയെ അഭിസംബോധന ചെയ്തു. ഏതെങ്കിലും കത്തോലിക്കാ വൈദികനെ തിരുമേനിയെന്ന് വിളിക്കാത്തവർ ഉണ്ടോ നമ്മുടെ നാട്ടിൽ. ഒരു മെത്രാൻ മരിച്ചാൽ കാലം ചെയ്തു എന്നു പറയാറില്ലേ.. അറബ് രാജകുമാരന്മാർ വരുമ്പോൾ ഹിസ് ഹൈനസ് എന്നു പറയാറില്ലേ..? എന്നിട്ടാണ് രാഷ്ട്രപതിയെ അയാൾ എന്ന് അഭിസംബോധന ചെയ്യുന്നത്.

അദ്ദേഹം മുമ്പോ ആർഎസ്എസുകാരനോ ബിജെപിക്കാരനോ എന്നുള്ളത് പ്രസക്തമായ കാര്യമല്ല. അദ്ദേഹം ഇന്ത്യ എന്ന രാജ്യത്തിന്റെ രാഷ്ട്രപിതാവാണ് എന്നതാണ് പ്രധാനം. അത് മനസിലാക്കാതെ സംസാരിക്കരുത്. അതുപോലെ തന്നെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ സീരിയൽ നടി എന്ന് അധിക്ഷേപിക്കുന്നതും ശരിയല്ല. ഈ സിനിമയുടെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയാണ് അവർ. രാഷ്ട്രപതി തന്നെ നൽകണം എന്നു പറയുന്നതും അർത്ഥരഹിതാണ്. രാഷ്ട്രപതി പ്രോട്ടോക്കോൾ അനുസരിച്ച് ഒരു വേദിയിൽ ഒരു മണിക്കൂറിൽ പങ്കെടുക്കാൻ മാത്രമേ കഴിയൂ എന്നുള്ളതു കൊണ്ടാണ്. പകരം പുരസ്‌ക്കാരം കൊടുക്കുന്നത് സ്മൃതി ഇറാനി ആണെങ്കിലും റത്തോഡാണെങ്കിലും അവാർഡ് രാഷ്ട്രപതിയുടേതാണ്.

ഒളിമ്പിക്‌സ് ജേതാവാണ് റത്തോഡ്. അത്തരമൊരു വ്യക്തിയിൽ നിന്നും അവാർഡ് വാങ്ങാൻ പറ്റില്ല എന്നു പറയുന്നത് ശരിക്കും പറഞ്ഞാൽ അഹങ്കാരമാണ്. അവാർഡ് വാങ്ങിയതിന്റെ പേരിൽ യേശുദാസിനെ അടക്കം അവഹേളിക്കുന്നതും അംഗീകരിക്കാൻ സാധിക്കാത്ത കാര്യമാണ്. അദ്ദേഹത്തിന്റെ സെൽഫി വിവാദമൊന്നും ന്യായീകരിക്കാൻ സാധിക്കില്ല. എന്നാൽ, അദ്ദേഹം സ്വന്തം തീരുമാനപ്രകാരം അവാർഡ് വാങ്ങാൻ പോയതിനെ എന്തിനാണ് ഇങ്ങനെ വിമർശിക്കുന്നത്? അത് തീർത്തും മര്യാദകേടാണ്.

ജയരാജ് എന്നു പറയുന്ന മുൻപ് അവാർഡ് വാങ്ങിയ സിനിമാക്കാരനും പറയുന്നു താൻ അവാർഡ് വാങ്ങിയത് രാഷ്ട്രപതിയിൽ നിന്നല്ല എന്ന്. എന്തിനും ഏതിനും രാഷ്ട്രീയം കലർത്തുന്ന ബുദ്ധിജീവികളുടെ സമീപനമാണ് ചോദ്യം ചെയ്യേണ്ടത്. ഇവിടെ അപമാനിക്കപ്പെട്ടത് രാഷ്ട്രപതിയും സ്മൃതി ഇറിനായുമാണ്. ഇവിടെ അപമാനിക്കപ്പെട്ടത് ഇന്ത്യൻ സിനിമയാണ്. ഇവിടെ സിനിമ പുരസക്കാരം നിർണയിച്ചത് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാറാണ്. അങ്ങനെ കേന്ദ്രം നിർണയിക്കുന്ന അവാർഡിൽ രാഷ്ട്രയമുണ്ടായേക്കാം. അങ്ങനെയുണ്ടെങ്കിൽ പുരസ്‌ക്കാരം സ്വീകരിക്കുന്നതിന് താൽപ്പര്യമില്ലെന്ന് നേരത്തെ ഈ സിനിമാക്കാർക്ക് പറയാമായിരുന്നു. അതിനുള്ള അധികാരം അവർക്കുണ്ട്. അല്ലാതെ ആ അവാർഡ് വേണമെന്ന് പറയുകയും മന്ത്രിയാണ് തരുന്നതെങ്കിൽ വേണ്ട എന്നു പറയുന്നതും അൽപ്പത്തരമാണ്.