രാജ്യം വർണശബളമായ പരിപാടികളോടെ ഇന്ന് 43ാമത് ദേശീയദിനം കൊണ്ടാടുകയാണ്. ദിവസങ്ങൾക്ക് മുമ്പേ ആരംഭിച്ച ആഘോഷ പരിപാടികൾ ഇന്ന് പൂർണതയിലെത്തുകയാണ്. മലയാളികൾ ഉൾപ്പെട്ട പ്രവാസി സമൂഹം ദേശീയ ദിനാഘോഷവും അതിനൊടപ്പം ലഭിച്ച അവധികളും ആഘോഷത്തിലാക്കിയിരിക്കുകയാണ്.

ബഹുനില കെട്ടിടങ്ങളും റോഡരികുകളുമെല്ലാം ദീപാലങ്കാര പ്രഭയിലാണ്. എമിറേറ്റുകളിൽ പ്രധാന ആഘോഷ പരിപാടികൾ നടക്കുന്ന സ്ഥലങ്ങളിലെല്ലാം മൽസരിച്ചാണ് അലങ്കാരജോലികൾ നടത്തിയിരിക്കുന്നത്. വിവിധ പ്രവാസി സമൂഹങ്ങളുടെ ആഭിമുഖ്യത്തിൽ ഘോഷയാത്രയടക്കം വമ്പൻ പരിപാടികളാണ് നടന്നുവരുന്നത്. ജന്മനാടിനോടെന്ന പോലെ സ്‌നേഹം സ്ഫുരിക്കുന്ന ആവേശത്തോടെ മറുനാട്ടുകാരും അണിനിരന്നതോടെ രാജ്യമാകെ ഉത്സവത്തിമിർപ്പിലാണ്.

ദുബൈയിൽ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന പരിപാടികളാണ് നടന്നുവരുന്നത്. തിങ്കളാഴ്ച വൈകിട്ട് ബുർജുൽ അറബ് ഹോട്ടലിന് സമീപം നടന്ന വർണാഭമായ കരിമരുന്ന് പ്രയോഗം കാണാൻ വൻ ജനക്കൂട്ടമാണത്തെിയത്. മാന്ത്രിക പ്രകടനവുമുണ്ടായിരുന്നു.

ചൊവ്വാഴ്ച ജുമൈറ ബീച്ചിൽ വിവിധ പരിപാടികൾ നടക്കും. വൈകിട്ട് അഞ്ചു മുതൽ വിനോദ പരിപാടികൾ ആരംഭിക്കും. രാത്രി ഒമ്പതിന് വെടിക്കെട്ടായിരിക്കും പ്രധാന ആകർഷണം. അൽവാസൽ റോഡിലെ സിറ്റി വാക്കിൽ ഉച്ച രണ്ടു മുതൽ 11 മണിവരെ വിവിധ വിനോദ ഉല്ലാസ പരിപാടികൾ നടക്കും.

ദുബൈ മാൾ ഉൾപ്പെടെയുള്ള വിവിധ മാളുകളിലും പാർക്കുകളിലും പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഇന്നു മുതൽ നാലു ദിവസം ദുബൈയിൽ ഫിഷ് മാർക്കറ്റും ബഹുനില കേന്ദ്രങ്ങളും ഒഴിച്ച് ബാക്കിയെല്ലായിടത്തും പാർക്കിങ് സൗജന്യമാണ്.