ഏത് സർക്കാർ മാറി വന്നാലും എൻഎച്ചഎസിനോട് അവഗണനയാണ്. നഴ്സുമാർ അടക്കമുള്ള എൻഎച്ച്എസ് ജീവനക്കാർക്ക് ശമ്പളം കൂട്ടിയിട്ട് വർഷങ്ങളായി. എന്നാൽ ജോലി ഭാരം അനുനിമിഷം കൂടി വരുന്നു. പുതിയ നിയമനങ്ങൾ മരവിക്കപ്പെട്ടതോടെ ആർക്കും നിലം തൊടാൻ നേരമില്ല. സഹികെട്ട ജീവനക്കാർ ഒടുവിൽ എൻഎച്ച്എസിനെതിരെ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങുകയാണ്. എൻഎച്ച്എസ് ജീവനക്കാർ അടക്കം നിരവധി തൊഴിലാളികൾ നാളെ നടത്തുന്ന പാർലമെന്റ് മാർച്ച് ബ്രിട്ടീഷ് തൊഴിലാളി സമരങ്ങളുടെ ചരിത്രത്തിലെ നിർണായകമാകും.

യുകെയിലെ തൊഴിലാളി സംഘടനകളായ, ആർസിഎൻ, യൂനിസെൻ, യുനൈറ്റെ, അടങ്ങുന്ന മറ്റു തൊഴിലാളി സംഘടനകളും പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളും ഉൾപ്പെടെയുള്ള സംയുക്ത സമരസമിതിയാണ് നാളെ പ്രതിഷേധമായി പാർലമെന്റ് വളയാൻ എത്തുന്നത്. ബ്രിട്ടീഷ് സർക്കാർ എൻഎച്ച്എസ് - സാമൂഹിക സുരക്ഷാ മേഖലയിൽ നടപ്പിലാക്കിവരുന്ന എല്ലാ വിധ സ്വകാര്യവത്കരണത്തിനും, അടച്ചുപൂട്ടലുകൾക്കും തസ്തികൾ കുറച്ചു ജോലി ഭാരം കൂട്ടുന്നതിനും, നിയമന നിരോദനത്തിനെതിരെയുമാണ് നാളെ പ്രതിഷേധം നടക്കുന്നത്.

ലണ്ടനിലെ താവിസ്റ്റോക് സ്‌ക്വാറിൽ നിന്നും 12 മണിയോട് തുടങ്ങുന്ന മാർച്ച് 5 മണിക്ക് പാർലമെന്റിൽ അവസാനിക്കത്ത വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. ചടങ്ങിൽ തദവസരത്തിൽ സംയുക്ത സമരസമിതി നേതാക്കൾ അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്യും.യുകെയുടെ നാനാഭാഗത്തുനിന്നും ഏകദേശം ഒരു ലക്ഷം പ്രതിനിധികൾ സമരത്തിൽ പങ്കെടുക്കാനെത്തുമെന്നാണ് കണക്കുട്ടൽ.