മെഡിക്കൽ, ഡെന്റൽ പ്രവേശനത്തിന് രാജ്യവ്യാപകമായി ഏകീകൃത പൊതുപ്രവേശന പരീക്ഷ നടത്തിയാൽ മതിയെന്ന സുപ്രീം കോടതി വിധി നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് അഥവാ നീറ്റിനെക്കുറിച്ച് വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും സംശയമേറാൻ കാരണമായി. പരീക്ഷ ഇക്കൊല്ലം തന്നെ നടത്തുമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിൽ ഇന്നലെ മെഡിക്കൽ പ്രവേശന പരീക്ഷ പൂർത്തിയായിരിക്കെയാണ് അതിന്റെ സാധുത പോലും ഇല്ലാതാക്കി കോടതി വിധി വന്നത്.

നീറ്റ് നടപ്പിലാകുന്നതോടെ സംസ്ഥാന സർക്കാരുകളും പ്രൈവറ്റ് മാനേജ്‌മെന്റുകളും നടത്തുന്ന പ്രവേശന പരീക്ഷകൾ അപ്രസക്തമാകും. രാജ്യത്തെ എല്ലാ മെഡിക്കൽ, ഡന്റൽ പ്രവേശനവും ഈ പരീക്ഷയുടെ അടിസ്ഥാനത്തിലായി മാറും. നേരത്തെ അഖിലേന്ത്യാ എൻട്രൻസിന് അപേക്ഷിച്ചവർക്ക് മെയ് ഒന്നിന് പരീക്ഷ നടത്താനാണ് ഇപ്പോൾ നിർദ്ദേശിച്ചിട്ടുള്ളത്.

ഇനിയും അപേക്ഷിക്കാത്തവർക്ക് ഒരിക്കൽക്കൂടി അവസരം ലഭിക്കും. ഇവർക്ക് ജൂലൈ 24-ന് പരീക്ഷ നടത്തും. ആദ്യഘട്ട പരീക്ഷയ്ക്ക് അപേക്ഷിച്ചവർക്ക് രണ്ടാം ഘട്ട പരീക്ഷ എഴുതാൻ അനുമതിയുണ്ടാവില്ല. ഓഗസ്റ്റ് 17-ന് രണ്ടുഘട്ടങ്ങളിലെയും പരീക്ഷകളുടെ ഫലം ഒരുമിച്ച് പ്രസിദ്ധപ്പെടുത്തുകയും ചെയ്യും.

നീറ്റ് ഇക്കൊല്ലം നടപ്പാക്കുന്നതിനെതിരെ തമിഴ്‌നാട്, ഉത്തർ പ്രദേശ്, കർണാടക സംസ്ഥാനങ്ങൾ കോടതിയെ സമീപിച്ചിരുന്നു. പരീക്ഷ നടത്തിപ്പ് വൈകിയെന്നും അടുത്ത വർഷം മുതൽ ഇതാകാമെന്നുമുള്ള ഇവരുടെ വാദം കോടതി അംഗീകരിച്ചില്ല. കേരളത്തിൽ ഇതൊന്നും കണക്കിലെടുക്കാതെയാണ് പ്രവേശന പരീക്ഷ നടത്തിയത്. ഈ പരീക്ഷയും ഫലത്തിൽ സാധുതയില്ലാത്തതാവും.

ജസ്റ്റിസുമാരായ അനിൽ ആർ.ദാവെ, എസ്.കെ.സിങ്, എ.കെ.ഗോയൽ എന്നിവരടങ്ങുന്ന ഭരണഘടനാ ബെഞ്ചാണ് നീറ്റിന് അനുമതി നൽകിയത്. 2012-ൽ ദേശീയ പൊതു പ്രവേശന പരീക്ഷ ആദ്യം കൊണ്ടുവന്നപ്പോൾ കേരളമുൾപ്പെടെ ഒട്ടേറെ സംസ്ഥാനങ്ങൾ ഇതിനെ എതിർത്തിരുന്നു. വിദ്യാഭ്യാസ കച്ചവടം വ്യാപകമായ സംസ്ഥാനങ്ങളാണ് പ്രവേശന പരീക്ഷയെ എതിർത്തത്. 2013-ൽ സുപ്രീം കോടതി നീറ്റ് ആവശ്യമില്ലെന്ന് വിധിച്ചിരുന്നു. സംസ്ഥാനങ്ങൾക്കും മെഡിക്കൽ കോളേജുകൾക്കും പ്രവേശന പരീക്ഷ നടത്താമെന്നും കോടതി വിധിച്ചു.

പന്ത്രണ്ടാം ക്ലാസ് മാർക്കിന്റെ അടിസ്ഥാനത്തിൽ എംബിബിഎസ് പ്രവേശനം നൽകുന്ന തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളാണ് നീറ്റിനെതിരെ രംഗത്തുവന്നത്. സിബിഎസ്ഇ പോലുള്ള കേന്ദ്ര സിലബസിൽ പഠിക്കുന്നവരും സംസ്ഥാന സിലബസ് പഠിക്കുന്നവരും തമ്മിൽ വലിയ അന്തരമുണ്ടെന്നും പൊതു പ്രവേശന പരീക്ഷ ഇവരുടെ സാധ്യതകൾ കുറയ്ക്കുമെന്നുമാണ് ഒരു വാദം. ഇതുചൂണ്ടിക്കാട്ടി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു.

എന്നാൽ മെഡിക്കൽ പ്രവേശനത്തിലെ തട്ടിപ്പുകൾ പലതും ഇല്ലാതാക്കാൻ നീറ്റിന് സാധിക്കുമെന്ന് ഐ.എം.എയും ഇന്ത്യൻ മെഡിക്കൽ കൗൺസിലും ഉൾപ്പെടെയുള്ള സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. മെഡിക്കൽ പ്രൊഫഷന്റെ പവിത്രത കാക്കാൻ ഇത് സഹായിക്കുമെന്ന് സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്തുകൊണ്ട് ഐ.എം.എ വ്യക്തമാക്കി.