ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെയുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാക്കളുടെ വിയോജിപ്പിൽ പ്രതിസന്ധി തുടരുമ്പോഴും തന്റെ നിലപാട് വ്യക്തമാക്കി യേശുദാസ് രംഗത്തെത്തി. ചടങ്ങിൽ പങ്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഇത് പ്രകാരം പുരസ്‌ക്കാരം വാങ്ങാൻ യേശുദാസ് എത്തി. സംവിധായകന് ജയരാജും ചടങ്ങിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ചടങ്ങ് ബഹിഷ്‌കരിക്കുന്നതിനു തനിക്കു താൽപര്യമില്ല. എന്നാൽ വിവേചനത്തിൽപ്രതിഷേധിച്ചാണ് നിവേദനത്തിൽ ഒപ്പുവച്ചതെന്നും നിവേദനം നൽകിയതിനെ പിന്തുണയ്ക്കുന്നുവെന്നും യേശുദാസ് വ്യക്തമാക്കി. അതേ സമയം ഫഹദ് ഫാസിലും പാർവതിയും ഉൾപ്പെടുന്ന ഏഴുപേരിലധികം വരുന്ന ജേതാക്കൾ ചടങ്ങ് ബഹിഷ്‌കരിക്കും.

11 പേർക്കൊഴികെ രാഷ്ട്രപതി നേരിട്ടു പുരസ്‌കാരം നൽകില്ലെന്ന തീരുമാനമാണ് ജേതാക്കൾക്കിടയിൽ വിവാദമുണ്ടാക്കിത്. ഇതെ തുടർന്നു ചടങ്ങിൽ നിന്നും വിട്ടുനില്ക്കുമെന്ന് അവാര്ഡ് ജേതാക്കള് അറിയിച്ചു. ഇവരെ അനുനയിപ്പിക്കാൻ വേണ്ടി മന്ത്രി സ്മൃതി ഇറാനി നടത്തിയചർച്ചയാണ് പരാജയപ്പെട്ടത്. ഭരണഘടനാപരമായ പരിപാടി അല്ലാത്തതിനാൽ രാഷ്ട്രപതി ഏറെ നേരം പങ്കെടുക്കില്ലെന്നും ഇതും സംബന്ധിച്ച പുതുക്കിയ പ്രോട്ടോക്കോള് അടുത്തിടെയാണ് പുറത്തിറക്കിയതെന്നുമാണ് സര്ക്കാർ അറിയിച്ചത്.

വിനോദ് ഖന്നയ്ക്ക് മരണാനന്തര ബഹുമതിയായി ദാദാ സാഹിബ് ഫാല്കെ പുരസ്‌കാരം, മികച്ച നടി ശ്രീദേവിക്കുള്ള മരണാനന്തര പുരസ്‌കാരം, മികച്ച നടന് റിദ്ദി സെന്, മികച്ച ഗായകന് യേശുദാസ്, മികച്ച സംവിധായകന് ജയരാജ്, മികച്ച സംഗീതസംവിധായകന് എ ആർ റഹ്മാൻ തുടങ്ങി 11 പുരസ്‌കാരങ്ങളാണ് രാഷ്ട്രപതി വിതരണം ചെയ്യുന്നത്.

രാഷ്ട്രപതി നേരിട്ട് നൽകിയില്ലങ്കിൽ വിട്ടുനിൽക്കുമെന്ന് കാട്ടി അവാർഡ് ജേതാക്കള് രാഷ്ട്രപതിയുടെ ഓഫീസിനും സർക്കാരിനും കത്ത് നൽകി. രാഷ്ട്രപതി രാം നാഥ് കോവിന്ദ് പുരസ്‌കാരം നൽകുമെന്നാണ് അറിയിപ്പുകളിലും ക്ഷണപത്രങ്ങളിലുമുള്ളത്. ജേതാക്കൾക്ക് കേന്ദ്ര വാർത്താ വിതരണമന്ത്രാലയം അയച്ച ക്ഷണക്കത്തുകളിലും രാഷ്ട്രപതി സമ്മാനം നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ബുധനാഴ്ച വിജ്ഞാൻ ഭവനിൽ നടന്ന പുരസ്‌കാരച്ചടങ്ങിന്റെ റിഹേഴ്സലിനിടയിലാണ് ഈ തീരുമാനം മാറ്റിയതായി കേന്ദ്ര വാർത്താവിതരണ മന്ത്രാലയം ഉദ്യോഗസ്ഥർ അവാര്ഡ് ജേതാക്കളെ അറിയിച്ചത്. രണ്ട് ഘട്ടങ്ങളിലായി പുരസ്‌കാരം വിതരണം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി പുരസ്‌കാരങ്ങൾ മാത്രം രാഷ്ട്രപതി നൽകുകയും ബാക്കി മന്ത്രി സ്മൃതി ഇറാനി നൽകുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

എന്നാൽ കേരളത്തിൽ നിന്നുമുള്ള ചലച്ചിത്ര പ്രവർത്തകരുടെ നേതൃത്വത്തിലാണ് പ്രതിഷേധമുയർന്നത്. തങ്ങളെ അറിയിച്ചത് രാഷ്ട്രപതി പുരസ്‌കാരം നൽകുമെന്നാണെന്നും അവർ പറഞ്ഞു.