ന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത് കന്നഡ താരമായ സഞ്ചാരി വിജയ് ആണ്. 'നാനു അവനല്ല അവളു' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. മികച്ച നടിയായി ക്വീൻ എന്ന ചിത്രത്തിലെ മികവിന് കങ്കണ റനൗട്ടിനെ തെരഞ്ഞെടുത്തു. മറാഠി ചിത്രമായ കോർട്ടാണ് മികച്ച സിനിമ. ബോളിവുഡ് നടി പ്രിയങ്കാ ചോപ്ര നായികയായ മേരികോം മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരം നേടി. ഹൈദർ എന്ന സിനിമയിലെ ഗാനം ആലപിച്ച സുഖ്‌വിന്ദർ സിങ് മികച്ച ഗായികനായി. ഗായകൻ ഉണ്ണികൃഷ്ണന്റെ മകളായ പത്തുവയസുകാരി ഉത്തര ഉണ്ണികൃഷ്ണനാണ് മികച്ച പിന്നണി ഗായിക.

പ്രധാന പുരസ്‌കാരങ്ങൾ ഇല്ലെങ്കിലും മലയാളത്തിന്റെ സാന്നിധ്യവും പുരസ്‌കാരവേദിയിലെത്തി. മികച്ച പരിസ്ഥിതി ചിത്രമായി ജയരാജ് സംവിധാനം ചെയ്ത ഒറ്റാൽ തെരഞ്ഞെടുക്കപ്പെട്ടു. തിരക്കഥയ്ക്കുള്ള പുരസ്‌കാരവും ഒറ്റാലിന് ലഭിച്ചിട്ടുണ്ട്. ജോഷി മംഗലത്താണ് ചിത്രത്തിനു തിരക്കഥ രചിച്ചത്.

മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരം 1983 എന്ന ചിത്രത്തിലെ മികവിന് ഗോപി സുന്ദറിന് ലഭിച്ചു. സിദ്ധാർഥ് ശിവ സംവിധാനം ചെയ്ത ഐനാണ് മികച്ച മലയാള ചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിന് മുസ്തഫ പ്രത്യേക ജൂറി പരാമർശത്തിന് അർഹമായി.

മികച്ച നടനുള്ള മത്സരത്തിൽ അവസാന റൗണ്ടിൽ ഉൾപെട്ടിരുന്ന മമ്മൂട്ടിയും ജയസൂര്യയും പുറത്തായിരുന്നു. മുന്നറിയിപ്പിലെ അഭിനയത്തിന് മമ്മൂട്ടിയെയും പികെയിലെ പ്രകടനത്തിന് ആമിർ ഖാനെയും ഹൈദറിലെ നായകനായ ഷാഹിദ് കപൂറിനെയും അപ്പോത്തിക്കിരിയിലെ പ്രകടനത്തിന് ജയസൂര്യയെയും പുരസ്‌കാരത്തിന് പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇവരെയെല്ലാം മറികടന്നാണ് നടനുള്ള പുരസ്‌കാരത്തിന് കന്നഡ താരം അർഹനായത്.

നാൻ അവനല്ല അവളു, ഹാരിവു എന്നീ സിനിമകൾക്കാണ് കന്നട നടൻ സഞ്ചാരി വിജയ് പരിഗണിക്കപ്പെട്ടത്. തമിഴ് സംവിധായകൻ ഭാരതിരാജ അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാരപ്രഖ്യാപനം നടത്തിയത്. ഭാരതിരാജായെ കൂടാതെ, ഭാഗ്യരാജ്, മലയാളി നിരൂപകൻ ഡോ. നന്ത്യത്ത് ഗോപാലകൃഷ്ണൻ എന്നിവരാണ് ദക്ഷിണേന്ത്യയിൽ നിന്നുള്ള ജൂറിയംഗങ്ങൾ.