- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നിങ്ങളെ കുറിച്ച് അഭിമാനിക്കുന്നു; ഇതാദ്യമായാണ് ഞങ്ങൾ മൂന്നുപേരും ഒന്നിച്ചെത്തുന്നത്; ഈ പ്രൊജക്റ്റിനെ കുറിച്ച് വിവരിക്കാൻ എനിക്ക് വാക്കുകളില്ല'; 'മരയ്ക്കാർ അറബിക്കടലിന്റെ സിംഹം' നേടിത്തന്ന ദേശീയ പുരസ്കാരത്തിന്റെ ആഹ്ലാദം പങ്കിട്ട് കല്യാണി
തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിന് ലഭിച്ചത് മൂന്ന് അവാർഡുകളാണ്. പുരസ്‌കാര പ്രഖ്യാപനത്തിൽ ഏഴു അവാർഡുകളാണ് മലയാളത്തിന് ലഭിച്ചത്. ഇതിൽ മൂന്നു അവാർഡുകളും 'മരക്കാർ: അറബിക്കടലിന്റെ സിംഹം' ആണ് നേടിയത്. മികച്ച ഫീച്ചർ ചിത്രത്തിനുള്ള പുരസ്‌കാരം, മികച്ച സ്പെഷൽ ഇഫക്ട്സ്, മികച്ച കോസ്റ്റ്യൂം ഡിസൈനിനുള്ള പുരസ്‌കാരം എന്നിവയാണ് സിനിമയ്ക്ക് ലഭിച്ചത്.
വിഷ്വൽ എഫക്ട്സിന് പ്രിയദർശന്റെ മകൻ സിദ്ധാർത്ഥ് പ്രിയദർശനും വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരത്തിന് സുജിത് സുധാകരനും അർഹനായി. പുരസ്‌കാരനേട്ടത്തിൽ പ്രിയന്റെ കുടുംബത്തിനും അഭിമാനിക്കാം.
പ്രിയദർശനൊപ്പം മക്കളായ കല്യാണിയും സിദ്ധാർത്ഥ് പ്രിയദർശനും ഒരുമിച്ച ചിത്രമാണ് 'മരക്കാർ'. സിനിമയിലെ മികച്ച സ്പെഷൽ ഇഫക്ട്സിനുള്ള ദേശീയ പുരസ്‌കാരം പ്രിയന്റെ മകനായ സിദ്ധാർത്ഥിനാണ് ലഭിച്ചിരിക്കുന്നത്. പുരസ്‌കാര നേട്ടത്തെക്കുറിച്ച് കല്യാണി പ്രിയദർശൻ പറയുന്നത് ഇങ്ങനെ: ''നിങ്ങളെ കുറിച്ച് അഭിമാനിക്കുന്നു. ഇതാദ്യമായാണ് ഞങ്ങൾ മൂന്നുപേരും ഒന്നിച്ചെത്തുന്നത്. ഈ പ്രൊജക്റ്റിനെ കുറിച്ച് വിവരിക്കാൻ എനിക്ക് വാക്കുകളില്ല,''. കല്യാണിയുടെ ഈ ട്വീറ്റ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മാത്തുക്കുട്ടി സേവിയർ സംവിധാനം ചെയ്ത ഹെലന് രണ്ടു പുരസ്‌കാരങ്ങൾ ലഭിച്ചതാണ് മറ്റൊരു നേട്ടം. നവാഗത സംവിധായകനുള്ള അവാർഡ് മാത്തുക്കുട്ടി സേവിയറിനെ തേടിയെത്തിയപ്പോൾ മേക്കപ്പിന് രഞ്ജിത്തിനാണ് അംഗീകാരം ലഭിച്ചത്.
തമിഴ്നടൻ ധനുഷും ബോളിവുഡ് നടൻ മനോജ് ബാജ്്പേയിയും മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു. വെട്രിമാരൻ സംവിധാനം ചെയ്ത അസുരനിലെ അഭിനയത്തിനാണ് ധനുഷിനെ തേടി ദേശീയ പുരസ്‌കാരം എത്തിയത്. ഭോൺസ്ലേയിലെ അഭിനയത്തിനാണ് മനോജ് ബാജ്പേയിക്ക് അംഗീകാരം.
കങ്കണാ റണാവത്താണ് മികച്ച നടി. മണികർണിക, പങ്ക എന്നി സിനിമകളിലെ അഭിനയത്തിനാണ് കങ്കണാ റണാവത്തിന് അംഗീകാരം. വിജയ് സേതുപതിയും പല്ലവി ജോഷിയും മികച്ച സഹ നടിനടന്മാരായി തെരഞ്ഞെടുക്കപ്പെട്ടു. നോൺ ഫീച്ചർ വിഭാഗത്തിൽ മലയാളത്തിന് രണ്ട് പുരസ്‌കാരങ്ങളാണ് ലഭിച്ചത്. രാഹുൽ റിജി നായർ സംവിധാനം ചെയ്ത കള്ളനോട്ടം മികച്ച മലയാള സിനിമയായി തെരഞ്ഞെടുക്കപ്പെട്ടു.ബിരിയാണി സംവിധാനം ചെയ്ത സജിൻ ബാബു ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹനായി.
അവസാന റൗണ്ടിൽ 17 മലയാള ചലച്ചിത്രങ്ങളാണ് ഇടംപിടിച്ചത്.മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനത്തിനുള്ള പുരസ്‌കാരം സിക്കിമിന് ലഭിച്ചു. സഞ്ജയ് സൂരിയുടെ എ ഗാന്ധിയൻ അഫയർഃ ഇന്ത്യാസ് ക്യൂരിയസ് പോർട്രയൽ ഓഫ് ലവ് ഇൻ സിനിമ എന്ന പുസ്തകത്തിന് മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള അവാർഡ് ലഭിച്ചു.
ന്യൂസ് ഡെസ്ക്