- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ പതാക ഉയർത്തുമ്പോൾ ഏതു കയറാണു വലിക്കേണ്ടതെന്നു ചൂണ്ടിക്കാണിക്കേണ്ടതും പൊലീസ്; പിഴവു പറ്റിയത് എആർ ക്യാമ്പിലെ ഗ്രേഡ് എസ് ഐയ്ക്കും പൊലീസുകാരനും; മന്ത്രി അഹമ്മദ് ദേവർ കോവിലിനെ വിവാദത്തിലാക്കിയവർക്കെതിരെ നടപടി വരും
തിരുവനന്തപുരം : റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ചു മന്ത്രി അഹമ്മദ് ദേവർകോവിൽ ദേശീയ പതാക തലകീഴായി ഉയർത്തിയതിൽ വീഴ്ച പൊലീസുകാരുടേത്. സംഭവത്തിൽ പൊലീസുകാർക്ക് വീഴ്ച സംഭവിച്ചതായി റവന്യു വകുപ്പിന്റെ റിപ്പോർട്ട് വിശദീകരിക്കുന്നു. പതാക ഉയർത്തി സല്യൂട്ട് ചെയ്യുന്ന സമയത്തും പതാക തലകീഴായി പോയ കാര്യം മന്ത്രിയോ പൊലീസോ വകുപ്പ് ഉദ്യോഗസ്ഥരോ ശ്രദ്ധിച്ചില്ല. ഇത് വലിയ വിവാദമായിട്ടുണ്ട്.
അതിനിടെയാണ് പൊലീസിനെ കുറ്റപ്പെടുത്തുന്ന റവന്യൂ വകുപ്പിന്റെ റിപ്പോർട്ട്. പതാക ഉയർത്തുന്നതിനു മുൻപേ കയർ അഴിച്ചു കൊടുക്കുന്ന ആൾക്കു വീഴ്ച സംഭവിച്ചതായാണു വിലയിരുത്തൽ. രണ്ട് പൊലീസുകാർക്കു വീഴ്ച സംഭവിച്ചതായി റവന്യു വകുപ്പ് റിപ്പോർട്ട് നൽകി. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിയും മേലുദ്യോഗസ്ഥനു റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. ഇവർക്കെതിരെ വകുപ്പ്തല നടപടി ഉണ്ടാകും.
പതാകയും കൊടിമരവുമെല്ലാം വൃത്തിയാക്കി പതാക ഉയർത്തൽ ദിവസത്തേക്കു സജ്ജമാക്കേണ്ട ചുമതല റവന്യു വകുപ്പിനാണ്. കാസർകോട് വില്ലേജ് ഓഫിസർക്കാണ് ഈ ഉത്തരവാദിത്വമുണ്ടായിരുന്നത്. പിന്നീടു പതാക കെട്ടുന്നതും ഉയർത്തുന്നതുമെല്ലാം പൊലീസിന്റെ മേൽനോട്ടത്തിലാണ്. ഉയർത്തലിനു മുൻപ് റിഹേഴ്‌സലും നടത്തണം. വെള്ളത്തുണി ഉപയോഗിച്ച് ഡമ്മി പരീക്ഷണം നടത്തി എല്ലാം കൃത്യമാണെന്ന് ഉറപ്പാക്കണം. അതിനു ശേഷമേ പതാക ഉയർത്താനുള്ള അന്തിമ അനുമതി നൽകാറുള്ളു.
മന്ത്രി അഹമ്മദ് ദേവർകോവിൽ പതാക ഉയർത്തുമ്പോൾ ഏതു കയറാണു വലിക്കേണ്ടതെന്നു ചൂണ്ടിക്കാണിക്കേണ്ടതും പൊലീസായിരുന്നു. ഇവിടെയാണ് വീഴ്ച സംഭവിച്ചതെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ എ.ആർ ക്യാമ്പിലെ ഗ്രേഡ് എസ്‌ഐ നാരായണൻ, സിവിൽ പൊലീസ് ഓഫീസർ ബിജുമോൻ എന്നിവർക്ക് ഗുരുതരമായ വീഴ്ച പറ്റിയെന്നാണ് കണ്ടെത്തൽ. എ.ഡി.എമ്മിന്റെയും ജില്ലാ പൊലീസ് മേധാവിയുടെയും റിപ്പോർട്ടിൽ സമാനമായ കണ്ടെത്തലാണുള്ളത്.
ഐ.ജിക്ക് നൽകിയ റിപ്പോർട്ടിൽ കുറ്റക്കാർക്കെതിരേ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും പരാമർശമുള്ളതായാണ് വിവരം. വീഴ്ച വരുത്തിയവർക്കെതിരേ നടപടിയെടുക്കുമെന്ന് മന്ത്രിയും നേരത്തെ വ്യക്തമാക്കിയിരുന്നു. കാസർകോട് മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലാണ് മന്ത്രി അഹമ്മദ് ദേവർകോവിൽ ദേശീയ പതാക തലകീഴായി ഉയർത്തിയത്. തെറ്റായ രീതിയിൽ പതാക ഉയർത്തിയശേഷം മന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സല്യൂട്ടും ചെയ്തു.
പിന്നാലെ മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോഴാണ് ദേശീയപതാക ഉയർത്തിയതിലെ വീഴ്ച അധികൃതർക്ക് ബോധ്യപ്പെട്ടത്. ഇതിനുപിന്നാലെയാണ് സംഭവത്തിൽ വിശദമായ അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടത്.
മറുനാടന് മലയാളി ബ്യൂറോ