തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ സമാപന ചടങ്ങിലേക്ക് മുഖ്യാതിഥിയേയും കലാപരിപാടികൾ അവതരിപ്പിക്കാനും ആരേയും കിട്ടാനില്ല. പരിപാടി ഏറ്റവരെല്ലാം സംഘാടക സമിതിയെ തങ്ങളുടെ ബുദ്ധിമുട്ടുകൾ അറിയിക്കുകയാണ്. ഉദ്ഘാടനവേദിയിലെ കലാപരിപാടികൾക്കെതിരെ വ്യാപക വിമർശനങ്ങളും ആരോപണങ്ങളും ഉയർന്നതോടെ 14നു നടക്കുന്ന സമാപനച്ചടങ്ങിലെ പരിപാടികളും താളംതെറ്റി. എങ്ങനെ കാര്യങ്ങൾ മുന്നോട്ട് കൊണ്ടു പോകുമെന്ന ആശങ്ക സംഘാടക സമിതിയിൽ സജീവമാണ്.

സമാപന ചടങ്ങിൽ നടി ശോഭനയുടെ നേതൃത്വത്തിൽ ഇന്ത്യയിലെ നദികളെയും സംസ്‌കാരത്തെയും കോർത്തിണക്കിക്കൊണ്ടുള്ള നൃത്തരൂപം അവതരിപ്പിക്കാൻ നേരത്തെ തന്നെ കരാറായിരുന്നു. അഡ്വാൻസും നൽകിയിട്ടുണ്ട്. ശോഭനയുടെ നൃത്തസംഘം പരിശീലനവും പൂർത്തിയാക്കി. എന്നാൽ, ഉദ്ഘാടനച്ചടങ്ങിലെ പരിപാടികളുടെ പേരിലുണ്ടായ വിവാദംമൂലം ശോഭനയും അസൗകര്യങ്ങൾ അറിയിക്കുകയാണ്. വാങ്ങിയ അഡ്വാൻസ് തിരിച്ചുകൊടുത്ത് തടിയൂരാനാണ് തീരുമാനം. മലയാള സിനിമാ മേഖലയാകെ മോഹൻലാലിന് പിന്നിൽ അണി നിരക്കുന്ന സാഹചര്യത്തിലാണ് ഇത്. ദേശീയ ഗെയിംസ് അഴിമതിയിൽ അന്വേഷണം വല്ലതും വന്നാൽ വെറുതെ പുലിവാലു പിടിക്കാനില്ലെന്നാണ് ശോഭനയുടെ നിലപാട്.

ഇതിനിടെ ജയറാമിനെ എത്തിക്കാനും സംഘാടക സമിതി നീക്കം തുടങ്ങി. ജയറാമിന്റെ നേതൃത്വത്തിൽ ചെണ്ട മേളം അവതരിപ്പിക്കാനായിരുന്നു നീക്കം. സ്റ്റീഫൻ ദേവസിയെ പോലുള്ളവരെ എത്തിക്കാനും ശ്രമമുണ്ടായി. എന്നാൽ ലാലിസവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മോഹൻലാലിന് കടുത്ത അൃപ്തിയുണ്ട്. ദേശീയ ഗെയിംസ് സംഘാടനത്തിലെ ഏക പിഴവ് ലാലിസം മാത്രമാണെന്ന കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വിമർശനത്തെ കലാകാരന്മാർ ഗൗരവത്തോടെ തന്നെ എടുത്തിട്ടുണ്ട്. അതുകൊണ്ട് കൂടിയാണ് ശോഭനയും ജയറാമുമെല്ലാം പരിപാടിയിൽ നിന്ന് പിന്മാറുന്നത്.

വിവിധ സംസ്ഥാനങ്ങളിലെ നൃത്തരൂപങ്ങൾ കോർത്തിണക്കിയ പരിപാടിയും സമാപനത്തിന് ആസൂത്രണം ചെയ്തിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ ഇതും നടക്കുമെന്നുറപ്പില്ല. സമാപന ചടങ്ങിൽ ഏക ഉറപ്പുള്ളത് അടുത്ത ഗെയിംസ് വേദിയായ ഗോവയിലെ കലാകാരന്മാർ ഒരുക്കുന്ന കലാപരിപാടികളുടെ കാര്യത്തിലാണ്. 20 മിനിറ്റ് നീളുന്ന കലാപരിപാടികളാണു ഗോവൻ സംഘം അവതരിപ്പിക്കുക. അത് പരമ്പരാഗത രീതിയിലുള്ളതാണ്. കേരളത്തിലെ സംഘാടക സമിതിക്ക് അതിൽ ഒന്നും ചെയ്യാനില്ല. സമ്മാനദാനവും മാർച്ച്പാസ്റ്റും മുടക്കമില്ലാതെ നടക്കും.

സമാപന ചടങ്ങിൽ മുഖ്യാതിഥിയായി ആരെത്തുമെന്നതിലും വ്യക്തയില്ല. കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയെ പങ്കെടുപ്പിക്കാനായിരുന്നു നീക്കം. എന്നാൽ ബിജെപി സംസ്ഥാന നേതൃത്വം അതിനെതിരെ നീങ്ങുന്നുണ്ട്. അങ്ങനെ വന്നാൽ കേന്ദ്രമന്ത്രിമാരുടെ വരവ് മുടങ്ങും. അടുത്ത ഗെയിംസിന്റെ വേദി ഗോവയായതിനാൽ ഗോവയുടെ മുൻ മുഖ്യമന്ത്രിയും കേന്ദ്ര പ്രതിരോധ മന്ത്രിയുമായ മനോഹർ പരിക്കറും സംഘാടക സമിതിയുടെ പരിഗണനയിലുണ്ട്. എന്നാൽ ബിജെപിയുടെ എതിർപ്പ് ഇതിനും വെല്ലുവിളിയാണ്.

മുഖ്യാതിഥിയായി ഗവർണ്ണർ പി സാദശിവത്തെ പങ്കെടുപ്പിക്കാനാണ് മറ്റൊരു ആലോചന. എന്നാൽ ഗെയിംസ് നടത്തിപ്പ് താളം തെറ്റിയതിനാൽ ഗവർണ്ണർ ചടങ്ങ് ബഹിഷ്‌കരിക്കുമെന്നും സൂചനയുണ്ട്.