കഴക്കൂട്ടം: മാദ്ധ്യമപ്രവർത്തകർക്കും ആത്‌ലറ്റുകൾക്കും വാങ്ങിയ കിറ്റുകൾ പൂഴ്തി വച്ചിരുന്നത് എംഎൽഎയുടെ നേതൃത്വത്തിൽ പിടിച്ചെടുത്തു. ദേശീയ ഗെയിംസിന്റെ പേരിൽ വാങ്ങി പൂഴ്‌ത്തിവച്ച കോടിക്കണക്കിന് രൂപയുടെ സാധനങ്ങൾ വി ശിവൻകുട്ടി എംഎൽഎയുടെ നേതൃത്വത്തിൽ പിടിച്ചെടുത്തു. കിൻഫ്രയിലെ വെയർഹൗസിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന ട്രാക്ക്‌സ്യൂട്ട്, ഷൂസ്, ജാക്കറ്റ്, ബാഗ്, തൊപ്പി തുടങ്ങിയ സാധനങ്ങളാണ് ഞായറാഴ്ച എംഎൽഎയുടെ നേതൃത്വത്തിൽ നടത്തിയ മിന്നൽപ്പരിശോധനയിൽ പിടിച്ചെടുത്തത്. ഗെയിംസിന് ശേഷം ഇവ വിറ്റ് കാശാക്കാനുള്ള ഗുഡതന്ത്രമാണ് ഇതോടെ പൊളിഞ്ഞത്.

കായികതാരങ്ങൾ, വളന്റിയർമാർ, മാദ്ധ്യമപ്രവർത്തകർ, ടീം അധികൃതർ, ലെയ്‌സൺ ഓഫീസർമാർ എന്നിവർക്ക് നൽകാനുള്ള കിറ്റുകളാണ് കണ്ടെടുത്തത്. വിവിധ മത്സരങ്ങൾക്കുവേണ്ടി ഡൽഹിയിൽനിന്നും വിദേശത്തുനിന്നും വാങ്ങിയ ഉപകരണങ്ങളും ഇവിടെനിന്ന് കണ്ടെടുത്തിട്ടുണ്ട്. മൂവായിരം ജോഡി കിറ്റ് ഉണ്ണിക്കൃഷ്ണൻ എന്നയാൾക്ക് മറിച്ചുവിറ്റതിന്റെ രേഖയും ലഭിച്ചിട്ടുണ്ട്. വളന്റിയർമാർ ഉൾപ്പെടെയുള്ളവർക്ക് ടീഷർട്ട് മാത്രം നൽകിയ ശേഷം ബാക്കിയുള്ള സാധനങ്ങൾ ഇവിടെ ഒളിപ്പിക്കുകയായിരുന്നു. ഡൽഹി കോമൺവെൽത്ത് ഗെയിംസിന് സമാനമായ അഴിമതിയാണ് പുറത്തുവരുന്നത്.

അയ്യായിരം രൂപയുടെ കിറ്റ് നൽകുമെന്ന് വളന്റിയർമാരോട് പറഞ്ഞിരുന്നെങ്കിലും അഞ്ഞൂറ് രൂപയുടെതുപോലും നൽകിയില്ല. വളന്റിയർമാർക്ക് നൽകുന്നതിന് 10,184 കിറ്റുകൾ 2015 ഫെബ്രുവരി അഞ്ചുവരെ കിൻഫ്ര അപ്പാരൽ പാർക്കിലെ ഗോഡൗണിൽനിന്ന് അധികൃതർ വാങ്ങിക്കൊണ്ടു പോയതായാണ് രേഖകളിലുള്ളത്. ദേശീയ ഗെയിംസിനായി വാങ്ങിയ 450 കമ്പ്യൂട്ടറുകൾ കണ്ടെത്താനുള്ള ശ്രമവും ശിവൻകുട്ടി എംഎൽഎയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. അതിനിടെ മത്സരങ്ങൾക്ക് ഇറക്കുമതി ചെയ്ത ഉപകരണങ്ങൾ മുംബൈയിലേക്ക് കടത്തിയതായും വിവരമുണ്ട്.

ജിംനാസ്റ്റിക്‌സ്, ഫുട്‌ബോൾ, ബീച്ച് ഹാൻഡ്‌ബോൾ, ഹോക്കി, ഹാൻഡ്‌ബോൾ തുടങ്ങിയ മത്സരങ്ങളുടെ ഉപകരണങ്ങൾ മുംബൈയിലേക്ക് കടത്തിയതായാണ് വിവരം. ഏഴ് ജില്ലകളിലെ ഗെയിംസ് കേന്ദ്രങ്ങളിലേക്കുള്ള സാധനങ്ങളാണ് ഇവിടെനിന്ന് വിതരണം ചെയ്യുന്നത്. ഒരുമാസം മുമ്പാണ് ഗെയിംസിന് വിതരണം ചെയ്യാനുള്ള സാധനങ്ങൾ ഡയമണ്ട് ഇന്ത്യാ കമ്പനിയിൽനിന്ന് ഇറക്കുമതിചെയ്തത്. ഡെൽറ്റ എന്ന കമ്പനിക്ക് കരാർ നൽകി വാങ്ങിയ കായികോപകരണങ്ങൾ ഗുണമേന്മയില്ലാത്തതാണ്.

കിറ്റൊന്നിന്ന് 3000 രൂപ നിരക്കിൽ കരാർ നൽകിയെങ്കിലും 200 രൂപയുടെ ഷൂസും 100 രൂപയുടെ ട്രാക്ക്‌സ്യൂട്ടും ജാക്കറ്റുകളുമാണ് ലഭിച്ചത്. ഇക്കാര്യം പുറത്തായതോടെ ശനിയാഴ്ച രാത്രി ലോറികളിൽ നിരവധി സാധനങ്ങൾ പുറത്തേക്ക് കടത്തി.