- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡുകൾ വാഹിദ് ഹൈജാക്ക് ചെയ്തു; അടിയന്തര സ്വഭാവമാക്കി ദേശീയ ഗെയിംസിനെ പൊതുമരാമത്ത് വകുപ്പ് മാറ്റിയത് അഴിമതിക്ക് കളമൊരുക്കാൻ; നല്ല റോഡുകൾ വീണ്ടും ടാർ ചെയ്തു; അമർഷവുമായി കെ മുരളീധരൻ
തിരുവനന്തപുരം: ഏഴ് വർഷം മുമ്പ് കേരളത്തിന് അനുവദിച്ച് കിട്ടിയതാണ് ദേശീയ ഗെയിംസ്. സ്റ്റേഡിയങ്ങൾ ഏതൊക്കെയാണെന്നും മുൻകൂട്ടി വ്യക്തമായിരുന്നു. എന്നിട്ടും സ്റ്റേഡിയങ്ങളിലേക്കുള്ള പൊതുമരാമത്ത് റോഡ് പണി അടിയന്തര സ്വഭാവമുള്ളതാക്കി അഴിമതിക്ക് കളമൊരുക്കി. അഴിമതിയുടെ ചെളിക്കുളമായി മാറിയ 35-ാമത് ദേശീയ കായികമേളയിൽ റോഡുകളുടെ നിർമ്മാണത്ത
തിരുവനന്തപുരം: ഏഴ് വർഷം മുമ്പ് കേരളത്തിന് അനുവദിച്ച് കിട്ടിയതാണ് ദേശീയ ഗെയിംസ്. സ്റ്റേഡിയങ്ങൾ ഏതൊക്കെയാണെന്നും മുൻകൂട്ടി വ്യക്തമായിരുന്നു. എന്നിട്ടും സ്റ്റേഡിയങ്ങളിലേക്കുള്ള പൊതുമരാമത്ത് റോഡ് പണി അടിയന്തര സ്വഭാവമുള്ളതാക്കി അഴിമതിക്ക് കളമൊരുക്കി.
അഴിമതിയുടെ ചെളിക്കുളമായി മാറിയ 35-ാമത് ദേശീയ കായികമേളയിൽ റോഡുകളുടെ നിർമ്മാണത്തിലും വ്യാപകമായ അഴിമതിയും ചട്ടലംഘനവും നടന്നിട്ടുള്ളതായാണ് ആരോപണം. മേള നടക്കുന്ന വേദിയിലേക്കുള്ള റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ പേരിലാണ് ക്രമക്കേട് നടന്നിട്ടുള്ളത്. സർക്കാരുമായി ഇടഞ്ഞു നിൽക്കുന്ന പത്തനാപുരം എംഎൽഎ കെബി ഗണേശ് കുമാറും ഈ അഴിമതിയുടെ സൂചനകൾ ലോകായുക്തയിൽ മൊഴി നൽകാൻ എത്തിയപ്പോൾ നൽകിയിരുന്നു. കോൺഗ്രസ് നേതാവായ കെ മുരളീധരനും റോഡ് നിർമ്മാണത്തിലെ അപാകതകൾക്കെതിരെ പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനോട് ഇടഞ്ഞിട്ടുണ്ട്.
ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് 50 കോടി രൂപയുടെ ഭരണാനുമതിയാണ് പൊതുമരാമത്ത് വകുപ്പ് റോഡു വിഭാഗത്തിന് നൽകിയത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലായി 43 പ്രവർത്തികൾ ഉൾപ്പെട്ടിട്ടുണ്ട്. ഇതിൽ 24 പ്രവർത്തികളും തിരുവനന്തപുരം ജില്ലയിലേതാണ്. ഒരു മാസം കൊണ്ട് ടെണ്ടർ നടപടികളും റോഡുപണിയും പൂർത്തീകരിച്ച് ചരിത്രം സൃഷ്ടിച്ചു. ഇതെല്ലാം അഴിമതിക്കുള്ള സാഹചര്യം ഒരുക്കാനായിരുന്നു എന്നാണ് പരാതി. അതുപോലെ റോഡുകളുടെ നിലവിലുള്ള അവസ്ഥ പരിഗണിച്ചല്ല തുക അനുവദിച്ചിട്ടുള്ളത് എന്നതും ശ്രദ്ധേയമാണ്.
ഉദാഹരണത്തിന് തിരുവനന്തപുരം ജില്ലയിൽ ഷൂട്ടിങ് റെയിഞ്ച് നടക്കുന്ന വട്ടിയൂർക്കാവ് സിടിപിയിലേക്കുള്ള 5 കിലോമീറ്റർ റോഡിന്റെ പുനരുദ്ധാരണത്തിന് 1 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. അനുവദിച്ചിട്ടുള്ളവയിൽ ഹെവി ട്രാഫിക്ക് കൂടുതലുള്ള റോഡാണ് ശാസ്തമംഗലം, വട്ടിയൂർക്കാവ് റോഡ്. എന്നാൽ യാതൊരു ട്രാഫിക്കും ഇല്ലാത്ത വെള്ളയമ്പലം നീന്തൽകുളത്തിലേക്കുള്ള മുക്കാൽ കിലോമീറ്റർ റോഡിന്റെ പുനരുദ്ധാരണത്തിന് 2 കോടി 35 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ പകുതി തുകയുടെ പണി പോലും ഇവിടെ നടന്നിട്ടില്ലായെന്ന് ആർക്കും കാണാൻ കഴിയും. അതുപോലെ കഴക്കൂട്ടം മേഖലയിലെ ചില റോഡുകൾക്ക് തുക വാരിക്കോരി കൊടുത്തിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിൽ അനുവദിച്ച 24 കോടി രൂപയുടെ അനുമതിയിൽ ഏകദേശം 15 കോടി രൂപയും കഴക്കൂട്ടം മണ്ഡലങ്ങളിലെ റോഡുകളാണ് ഉൾപ്പെട്ടിട്ടുള്ളത്. യഥാർത്ഥത്തിൽ ദേശീയ ഗെയിംസിന്റെ മറവിൽ റോഡുപണികൾ എംഎ വാഹിദ് എംഎൽഎ ഹൈജാക്ക് ചെയ്തുവെന്നാണ് ആക്ഷേപം. കോൺഗ്രസ്സ് പാർട്ടിയിലും പരാതി സജീവമാണ്. ഇക്കാര്യം കെ.മുരളീധരൻ, മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും കടുത്ത അമർഷം രേഖപ്പെടുത്തുകയും ചെയ്തതു കഴിഞ്ഞു. എ ഗ്രൂപ്പിലെ പ്രമുഖനാണ് എം എ വാഹിദ്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അടുപ്പക്കാരനെന്ന നിലയിൽ ദേശീയ ഗെയിംസിന്റെ മറവിൽ തന്റെ മണ്ഡലത്തിലെ റോഡുകൾ വാഹിദ് തട്ടിയെടുത്തുവെന്ന പരാതിയും ഉണ്ട്.
സാധാരണയായി എസ്റ്റിമേറ്റ് തുകയുടെ 75 ശതമാനത്തിൽ താഴെ മാത്രമാണ് പണി എടുക്കുന്നത്. ഭരണാനുമതി നൽകിയതിനു ശേഷം 60% വരെ അധിക നിരക്ക് അനുവദിച്ചാണ് അഴിമതിക്ക് കളമൊരുക്കിയിരുന്നത്. സസ്‌പെൻഷനിലായ ടി ഒ സൂരജ് പൊതുമരാമത്ത് സെക്രട്ടറിയായിരുന്നപ്പോൾ അധിക നിരക്ക്(ടെണ്ടർ എക്‌സസ്സ്)സർവ്വ സാധാരണമായിരുന്നു. ഉയർന്ന അധികനിരക്കിന് സർക്കാരിന്റെ അനുമതി ആവശ്യമാണ്. വിവിധ തലങ്ങളിൽ അഴിമതിപണം പങ്കുവച്ചതിനുശേഷം, കരാറുകാരന്റെ ലാഭവും കഴിച്ച് ബാക്കി തുകയുടെ പണിമാത്രമാണ് റോഡിൽ നടക്കുന്നത്. അതുകൊണ്ടാണ് പലറോഡുകളും നിർമ്മാണം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ തകർന്ന് തരിപ്പണമാകുന്നത്.
ദേശീയ ഗെയിംസിനായി അറ്റകുറ്റപ്പണിക്ക് അനുമതി നൽകിയ റോഡുകളെല്ലാം നിലവിൽ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ളതാണ്. അതിൽ ഭൂരിഭാഗം റോഡുകളിലേയും പുനരുദ്ധാരണ പ്രവർത്തനങ്ങൾ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ വകുപ്പ് തന്നെ ചെയ്തിട്ടുള്ളതാണ്. എന്നിട്ടും സാമാന്യം നല്ല രീതിയിലുള്ള റോഡുകളുടെ നിർമ്മാണത്തിന് വീണ്ടും കോടികളാണ് അനുവദിച്ചിട്ടുള്ളത്. ഡിസംബർ ആദ്യവാരമാണ് ഈ പദ്ധതികളുടെ ഭരണാനുമതി ധൃതിയിൽ നൽകിയത്. അതുകൊണ്ട് തന്നെ ടെൻഡർ നടപടികളിൽ ഇളവുകളും അനുവദിച്ച് ഇഷ്ടക്കാർക്ക് കരാർ നൽകാനായി.
റോഡ് നവീകരണത്തിന്റെ ഭരണാനുമതി ലഭിച്ച് ഒരു മാസത്തിനുള്ളിൽ പണികൾ ഏറെക്കുറെ പൂർത്തിയാക്കി. അടിയന്തര സ്വഭാവമുള്ള കാറ്റഗറിയിൽ ഉൾപ്പെടുത്തിയാണ് ഇത്ര വേഗത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയെടുത്തത്. നിലവിലുള്ള മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് പ്രവർത്തികൾ നടത്തിയതെന്നാണ് വ്യക്തമാകുന്നത്. സാധാരണയായി ടെണ്ടർ നടപടികൾക്കായി മാത്രം കുറഞ്ഞത് രണ്ടാഴ്ച സമയം ആവശ്യമായുണ്ട്. പ്രവർത്തിയുടെ ഓരോ ഘട്ടത്തിലും ചീഫ് ടെക്‌നിക്കൽ എക്‌സാമിനറുടെ പരിശോധനയും ആവശ്യമായുണ്ട്. ഇതൊന്നും നടന്നിട്ടില്ല
ഒരു കോടി രൂപയ്ക്ക് മുകളിലുള്ള പ്രവർത്തികളുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനുള്ള മാനദണ്ഡങ്ങളൊന്നും പാലിച്ചില്ല. കരാറുകാർ പോലും നിശ്ചയിച്ച് ഉറപ്പിച്ചവരായിരുന്നു. ഉദ്യോഗസ്ഥന്മാരും കരാറുകാരും തികഞ്ഞ അഡ്ജസ്റ്റ്‌മെന്റിലായിരുന്നു. പ്രവർത്തികൾ ലഭിക്കാത്ത കരാറുകാർക്ക് ഇതിൽ ശക്തമായ അസംതൃപ്തിയുണ്ട്. എന്നാൽ ഉദ്യോഗസ്ഥന്മാരെ പിണക്കാൻ കഴിയാത്തതുകൊണ്ടാണ് പലരും ഇത് പുറത്ത് പറയാത്തത്.
പ്രീ ക്വാളിഫിക്കേഷൻ എന്ന തുറുപ്പു ചീട്ട് ഉപയോഗിച്ചുകൊണ്ടാണ് ധാരാളം കരാറുകാരെ ടെണ്ടർ നടപടികളിൽ നിന്നും പുറന്തള്ളിയത്. ഭരണാനുമതി നൽകാൻ വൈകിപ്പിച്ചത് തന്നെ അഴിമതിക്ക് കളമൊരുക്കാൻ വേണ്ടിയാണെന്നാണ് ആക്ഷേപം. എങ്കിൽ മാത്രമേ നിലവിലുള്ള ചട്ടങ്ങളിൽ നിന്നും പരിശോധനകളിൽ നിന്നും പ്രവർത്തികളെ ഒഴിവാക്കാൻ കഴിയൂ.