തിരുവനന്തപുരം: ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട കണക്കുകൾ പരിശോധിക്കുമെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. മന്ത്രിസഭാ യോഗത്തിനു ശേഷം തീരുമാനങ്ങൾ മാദ്ധ്യമങ്ങൾക്കു മുന്നിൽ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

ഗെയിംസ് കഴിഞ്ഞാലുടൻ 45 ദിവസത്തിനകം കണക്കുകൾ പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പിനോട് നിർദ്ദേശിച്ചിരിക്കുന്നത്.

ഗെയിംസുമായി ബന്ധപ്പെട്ട് വ്യാപക അഴിമതി നടന്നതായി നേരത്തെ ആരോപണം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് വരവ്‌ചെലവ് കണക്കുകൾ മുഴുവൻ പരിശോധിക്കാൻ സർക്കാർ തീരുമാനിച്ചത്.

ഗെയിംസ് സമാപനച്ചടങ്ങിന്റെ ചെലവുകൾ കുറയ്ക്കില്ല. 2011ൽ തീരുമാനിച്ച രീതിയിൽ തന്നെ ചടങ്ങുകൾ നടത്തും.

സ്റ്റേഡിയങ്ങളൊന്നും നാഥനില്ലാതെ നശിച്ചുപോകുന്ന അവസ്ഥ ഉണ്ടാകില്ല. എല്ലാം കേരളത്തിന്റെ സ്വത്തായി സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗെയിംസിനായി നിർമ്മിച്ച സ്റ്റേഡിയങ്ങൾ കേരളത്തിന്റെ മുതൽക്കൂട്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗെയിംസിനായി തയ്യാറാക്കിയ സ്റ്റേഡിയങ്ങൾ സംരക്ഷിക്കാൻ സർക്കാർ പദ്ധതി തയ്യാറാക്കുന്നുണ്ട്.

ലാലിസം പരിപാടിയുമായി ബന്ധപ്പെട്ട് നടൻ മോഹൻലാൽ തിരിച്ചു നൽകിയ തുക എന്തു ചെയ്യണമെന്ന് കാര്യത്തിൽ സർക്കാർ തീരുമാനം കൈക്കൊണ്ടിട്ടില്ല. ഇക്കാര്യം മോഹൻലാലുമായി വീണ്ടും ആലോചിക്കും. ലാലിസം പരിപാടിക്കായി അവസാന നിമിഷമാണ് മോഹൻലാലിനെ സമീപിച്ചത്. എന്നാൽ പരിപാടിയുമായി സഹകരിച്ചതിന്റെ പേരിൽ മോഹൻലാലിന് ബുദ്ധിമുട്ടുണ്ടായെന്നും അതിൽ ഖേദമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനസമ്പർക്ക പരിപാടി ഉടൻ പുനരാരംഭിക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.