കൊച്ചി: അഴിമതിയുടെ കാര്യത്തിൽ ഏറെ വിവാദങ്ങളിൽ മുങ്ങിയ ദേശീയ ഗെയിംസിൽ അഴിമതി നടന്നിട്ടില്ലെന്നു സിബിഐ. അഴിമതി നടന്നതിന് തെളിവില്ലെന്നാണ് സിബിഐയുടെ കണ്ടെത്തൽ. സിബിഐയുടെ കൊച്ചി യൂണിറ്റ് ഇക്കാര്യം ചൂണ്ടിക്കാട്ടി ഉടൻ റിപ്പോർട്ട് സമർപ്പിക്കും. സിബിഐയുടെ പ്രാഥമിക അന്വേഷണത്തിലാണ് ഇക്കാര്യം തെളിഞ്ഞതെന്നാണ് വ്യക്തമാക്കുന്നത്.

ചെന്നൈയിലെ ജോയിന്റ് ഡയറക്ടർക്കാണ് കൊച്ചി യൂണിറ്റ് റിപ്പോർട്ട് കൈമാറിയത്. റിപ്പോർട്ട് ഉടൻ തന്നെ ഹൈക്കോടതിയിൽ സമർപ്പിക്കും. പ്രത്യക്ഷമായ ഒരു തെളിവുമില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്തെങ്കിലും പിഴവ് സംഭവിച്ചതിനെ അഴിമതിയായി ന്യായീകരിക്കരുതെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. ജനുവരി 31 മുതൽ ഫെബ്രുവരി 14 വരെയാണു ഗെയിംസ് നടന്നത്.

പല കാര്യങ്ങളിലും ഗെയിംസിൽ അഴിമതി നടന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ലാപ് ടോപ്പുമുതൽ ലാലിസം വരെയുള്ള കാര്യങ്ങളിൽ അഴിമതിയിൽ മുങ്ങിക്കുളിച്ച ദേശീയ ഗെയിംസിനെക്കുറിച്ച് വിവിധ കോണുകളിൽ നിന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

താരങ്ങൾക്ക് നിർമ്മിച്ച വില്ലകളിലും സാധനങ്ങൾ വാങ്ങിയതിലും സ്റ്റേഡിയത്തിന്റെ നിർമ്മാണത്തിലും അഴിമതി നടന്നെന്ന് വി ശിവൻകുട്ടി എംഎൽഎ അടക്കമുള്ള നേതാക്കൾ ആരോപിച്ചിരുന്നു. എന്നാൽ, വി ശിവൻകുട്ടി എംഎൽഎയുടെ ആരോപണങ്ങൾ രാഷ്ട്രീയപരമാണെന്നാണ് സിബിഐയുടെ കണ്ടെത്തൽ. ഗെയിംസിനായി സ്‌റ്റേഡിയങ്ങൾ നിർമ്മിച്ചത് ബിടിഒ അടിസ്ഥാനത്തിലാണ്. ജർമനിയിൽ നിന്നും സിന്തറ്റിക് ട്രാക്ക് വാങ്ങിയതിലും നഷ്ടം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടിൽ സിബിഐ പറയുന്നത്.

ദേശീയ ഗെയിംസ് നടത്തിപ്പിലും സാധനസാമഗ്രികൾ വാങ്ങിയതിലും അഴിമതിയുണ്ടെന്ന് ആരോപിച്ച് വി ശിവൻകുട്ടി എംഎൽഎയാണ് സിബിഐയ്ക്ക് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ വി ശിവൻകുട്ടിയുടെ മൊഴി സിബിഐ രേഖപ്പെടുത്തിയിരുന്നു. ഗെയിംസ് നടത്തിപ്പിലും കായിക ഉപകരണങ്ങൾ വാങ്ങിയതിലും 122 കോടി രൂപയുടെ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെബ്രുവരി 14ന് വി ശിവൻകുട്ടി സിബിഐയ്ക്ക് പരാതി നൽകിയത്. എന്നാൽ കേന്ദ്രസർക്കാർ ഫണ്ടുപയോഗിച്ച് സംസ്ഥാനസർക്കാർ സംഘടിപ്പിച്ച പരിപാടിയിൽ അഴിമതി നടന്നാൽ കേസെടുക്കാനാകുമോ എന്ന നിയമപരമായ സംശയം ഉയർന്നിരുന്നു. ഇതുസംബന്ധിച്ച് അനുകൂലമായ നിയമോപദേശം ലഭിച്ചതോടെയാണ് ദേശീയ ഗെയിംസിലെ അഴിമതിയാരോപണം അന്വേഷിക്കാൻ സിബിഐ തീരുമാനിച്ചത്.

ദേശീയഗെയിംസിന്റെ പേരിൽ പൂഴ്‌ത്തിവച്ച സാധനങ്ങൾ ദിവസങ്ങൾക്കുശേഷം ഓൺലൈൻ വിൽപ്പനയ്ക്കും വഴിയോര വിൽപ്പനയ്ക്കും വരെ എത്തിയിരുന്നു. ഡയമണ്ട് ഇന്ത്യ ലിമിറ്റഡ് (ദിൽ) എന്ന ഓൺലൈൻ കമ്പനിയിലൂടെയും തിരുവനന്തപുരം പുളിമൂട്ടിലെ വഴിയോരക്കച്ചവട കേന്ദ്രത്തിലുമാണ് ടീ ഷർട്ട്, ട്രാക്ക് സ്യൂട്ട്, തൊപ്പി, ലാപ് ടോപ്പ് ബാഗ്, ജൂട്ട് ബാഗ്, ടൗവൽ, ഡയറി, കീ ചെയിൻ തുടങ്ങി 72 സാധനങ്ങൾ വിൽപനയ്ക്കു വച്ചിരുന്നത്.

ദേശീയഗെയിംസിൽ അഹോരാത്രം സേവനമനുഷ്ഠിച്ച വളണ്ടിയർമാർക്കുപോലും ബാഗും കിറ്റും നൽകിയിരുന്നില്ല. സാധനങ്ങൾ തീർന്നുപോയെന്നും സ്‌റ്റോക്ക് വന്നില്ലെന്നുമൊക്കെപ്പറഞ്ഞ് വളണ്ടിയർമാരെയും ഒഫിഷ്യലുകളെയുമെല്ലാം കബളിപ്പിക്കുകയായിരുന്നു. കേരളത്തിൽ എത്തിച്ച സാധനങ്ങൾ തിരുവനന്തപുരം കിൻഫ്രയിലെ ഗോഡൗണിൽ പൂഴ്‌ത്തിവയ്ക്കുകയും ചെയ്തു. എന്നിട്ടാണ് ഇത് ഓൺലൈനിലും വഴിയോരത്തും വിൽപ്പനയ്ക്കു വച്ചത്.

വി ശിവൻകുട്ടി എം എൽ എയുടെ നേതൃത്വത്തിൽ ഇവ കണ്ടെടുത്തതോടെ മാദ്ധ്യമങ്ങൾക്ക് കിറ്റ് നൽകി വിവാദം അവസാനിപ്പിക്കാൻ സർക്കാർ ശ്രമിച്ചിരുന്നു.

വിഷു പ്രമാണിച്ച് നാളെ (15.4.2015) ഓഫീസിന് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. വായനക്കാർക്ക് വിഷു ആശംസകൾ-എഡിറ്റർ