തിരുവനന്തപുരം: ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പുതിയ തലം നൽകി ലോക്കൽ ഫണ്ട് ഓഡിറ്റ് റിപ്പോർട്ട്. സർക്കാരിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന തരത്തിലാണ് ഗെയിംസ് നടന്നതെന്നാണ് കണ്ടെത്തൽ. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം, മേനംകുളം ഗെയിംസ് വില്ലേജ് എന്നിവയുടെ നിർമ്മാണം സർക്കാറിന് വൻബാധ്യതയായെന്ന് ലോക്കൽഫണ്ട് ഓഡിറ്റ് റിപ്പോർട്ട്. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് സർക്കാർ 416.64 കോടി രൂപ മുടക്കുമ്പോഴും ഉടമാവകാശം കേരള സർവകലാശാലക്കാണ്. പദ്ധതി ഡി.ബി.ഒ.ടി(ഡിസൈൻ ചെയ്ത് നിർമ്മിച്ച് പ്രവർത്തിപ്പിച്ച് കൈമാറുക)തത്ത്വങ്ങൾക്ക് അനുസൃതമല്ലെന്നും പറയുന്നു.

ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിന്റെ സ്വതന്ത്ര കൺസൾട്ടന്റായി നിയോഗിച്ച ചെന്നൈയിലെ എസ്.ടി.യു.പി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ തെരഞ്ഞെടുപ്പിലും അപാകതയുണ്ട്. ഏത് മാനദണ്ഡപ്രകാരമാണ് കരാർ നൽകിയതെന്ന് വ്യക്തമല്ല. ഇതുവരെ പ്രതിഫലമായി 2,39,38,440രൂപ ഇവർക്ക് നൽകിയിട്ടുണ്ട്. മേനംകുളം ഗെയിംസ് വില്ലേജിന്റെ നിർമ്മാണത്തിലും നിരവധി അപാകതകൾ കണ്ടത്തെി. ആക്കുളത്ത് ഗെയിംസ് വില്ലേജ് സ്ഥാപിക്കാനുള്ള പദ്ധതി ഉപേക്ഷിച്ചതിലൂടെ 13.96 ലക്ഷം രൂപ പാഴായതായും റിപ്പോർട്ടിൽ പറയുന്നു. ഇതെല്ലാം അഴിമതി നടന്നതിന്റെ വ്യക്തമായ തെളിവായി വിലയിരുത്തുന്നു.

നേരത്തെ കേന്ദ്ര ഫണ്ടിന്റെ വിനിയോഗവുമായി ബന്ധപ്പെട്ട് അഴിമതിയൊന്നും നടന്നില്ലെന്ന് സിബിഐ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതോടെ ദേശീയ ഗെയിംസ് സുതാര്യമായാണ് നടന്നതെന്ന് വീമ്പു പറഞ്ഞവർക്കുള്ള തിരിച്ചടിയാണ് ഓഡിറ്റ് റിപ്പോർട്ട്. ഗ്രീൻ ഫീൽഡ് േേസ്റ്റഡിയത്തിനായി തയ്യാറാക്കിയ ധാരണാപത്രത്തിൽ വലിയ പിഴവുകൾ ഉണ്ടെന്നാണ് കണ്ടെത്തൽ. ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ 15വർഷം ചില കായികമത്സരങ്ങൾ സൗജന്യമായി നടത്താം എന്നതൊഴിച്ചാൽ സർക്കാറിന് ഏതെങ്കിലും വരുമാനമോ സേവനമോ ലഭിക്കില്ല. ഇതിനുശേഷം ഒരു മത്സരവും സൗജന്യമായി നടത്താനാവില്ല. സർക്കാറിന്റെ പൂർണ മുതൽമുടക്കിൽ നിർമ്മിക്കുന്ന സ്റ്റേഡിയം ആദ്യ 15വർഷം സ്വകാര്യ നിക്ഷേപകന്റെ കൈവശവും പിന്നീട് സർവകലാശാലയുടെ ഉടമസ്ഥതയിലുമാകും.

സർക്കാറിനുകൂടി നിയന്ത്രണാവകാശം ലഭിക്കുന്ന കരാർ ഉണ്ടാക്കുന്നതിൽ വീഴ്ച സംഭവിച്ചു. സർക്കാർ താൽപര്യങ്ങൾക്ക് അനുസൃതമല്ലാത്ത പാട്ടക്കരാറാണ് ഉണ്ടാക്കിയത്. സ്വകാര്യസംരംഭകരുടെ മുതൽമുടക്ക് സ്റ്റേഡിയം പ്രവർത്തിപ്പിക്കുന്നതിലൂടെയുള്ള വരുമാനത്തിൽ നിന്നാണ് സാധാരണ ലഭിക്കുക. എന്നാൽ ഇവിടെ ആന്വിവിറ്റി, പരിപാലനചെലവിന്റെ 90ശതമാനം എന്നിവ സർക്കാറാണ് നൽകുന്നത്.15 വർഷം കൊണ്ട് 15,84,27,600രൂപ സർവകലാശാലക്ക് പാട്ടം, സേവന നികുതി ഇനത്തിൽ നൽകേണ്ടിവരും. നിർമ്മാണം പൂർത്തിയാകാതെയാണ് ഗെയിംസിന്റെ ഉദ്ഘാടനസമാപനചടങ്ങുകൾ സ്റ്റേഡിയത്തിൽ നടന്നത്.

ഡിസംബർ 17ന് നിർമ്മാണം പൂർത്തിയാകേണ്ടതായിരുന്നു. വൈകുന്ന ഓരോ ദിവസത്തിനും ഒരുലക്ഷം രൂപ വീതം പിഴയൊടുക്കാൻ കരാറുകാർ ബാധ്യസ്ഥരാണെങ്കിലും പിഴ ഈടാക്കാൻ ഇതുവരെ നടപടി ഉണ്ടായിട്ടില്ല. പണി മുടങ്ങാനുണ്ടായ സാഹചര്യം വിശദീകരിച്ച് കരാറുകാർ നൽകിയ കത്തുകൾക്ക് അധികൃതർ മറുപടി പോലും നൽകിയില്ല. മേനംകുളത്തെ ഗെയിംസ് വില്ലേജിൽ പ്രീഫാബ് നിർമ്മാണം ലഭിച്ചത് പ്രീ ക്വാളിഫിക്കേഷൻ യോഗ്യതയില്ലാത്ത സ്ഥാപനത്തിനാണ്. പവർ ബ്‌ളോക് ഇൻേറണൽ റോഡ് നെറ്റ്‌വർക്ക് നിർമ്മാണത്തിന് അധികനിരക്ക് നൽകിയതിലൂടെ 11.16 ലക്ഷവും ഗെയിംസ് വില്ലേജിനുള്ള പ്രീ ഫാബ് മോക്ക് യൂനിറ്റ് നിർമ്മാണത്തിന് 25.23 ലക്ഷവും അധികചെലവുണ്ടായി.

സൈറ്റ് നിരപ്പാക്കുന്നതിന് എസ്റ്റിമേറ്റ് തുകയിലധികം ചെലവായി. ഗെയിംസ് വില്ലേജിന്റെ പരിപാലനം ബാധ്യതയാകും. വൈദ്യുതി, വാട്ടർ ചാർജ് ഇനത്തിൽ വൻതുക വേണ്ടിവരും. വില്ലേജിന്റെ സംരക്ഷണത്തിന് വൻ പൊലീസ് സംഘത്തെയും നിയോഗിക്കേണ്ടി വരും.