തിരുവനന്തപുരം: കേരളം ആറ്റുനോറ്റിരുന്ന് കിട്ടിയ ദേശീയ ഗെയിംസ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കൈയിട്ടുവാരാനുള്ള മത്സരമാക്കിയതോടെ ഗെയിംസ് കുളമാകുമെന്ന കാര്യം ഉറപ്പായി. ദേശീയ ഗെയിംസിന് ഏതാനും ആഴ്‌ച്ചകൾ മാത്രം ബാക്കിനിൽക്കേ സ്‌റ്റേഡിയങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ എങ്ങുമെത്താത്ത അവസ്ഥയിൽ എത്തിയതിന് പുറമേ കോമൺവെൽത്ത് ഗെയിംസിലേതു പോലെ അഴിമതി നടക്കുന്നുണ്ടെന്ന് ആരോപിച്ച് കെ ബി ഗണേശ് കുമാർ സംഘാടക സമിതിയിൽ നിന്നും രാജിവച്ചതിന് പിന്നാലെ മറ്റ് ഭരണപക്ഷ എംഎൽഎമാരും രംഗത്തെത്തി. കെ മുരളീധരൻ എംഎൽഎയാണ് ഇന്ന് ദേശീയ ഗെയിംസ് നടത്തിപ്പിനെതിരെ രംഗത്തെത്തിയത്.

ദേശീയ ഗെയിംസ് നടത്തിപ്പ് വിവാദത്തിലായ സാഹചര്യത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് കെ മുരളീധരൻ രംഗത്തെത്തിയത്. ദേശീയ ഗെയിംസിന്റെ സുഗമമായ നടത്തിപ്പിനു എല്ലാവരുടെയും യോഗം വിളിച്ചുചേർക്കണം. ഗെയിംസിനെ വിവാദങ്ങളിൽപെടുത്തുന്നത് ശരിയല്ലെന്നും മുരളീധരൻ പറഞ്ഞു. ഉയർന്നുവന്നിട്ടുള്ള ആരോപണങ്ങൾ സംശയത്തിനിട നൽകിയിട്ടുണ്ട്. ഇത് പരിഹരിക്കണമെന്നും മുരളീധരൻ പറഞ്ഞു. പ്രശ്‌നം കെപിസിസിസർക്കാർ ഏകോപന സമിതിയിൽ ചർച്ചയാക്കാനാണ് നീക്കം. ഏകോപന സമിതിയുടെ യോഗം ചൊവ്വാഴ്ച ചേരുന്നുണ്ട്.

അതേസമയം അഴിമതി ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ കെപിസിസി ഇടപെടണമെന്ന ആവശ്യവും കോൺഗ്രസിലെ ഒരു വിഭാഗം ഉയർത്തിയിട്ടുണ്ട്. എന്നാൽ ബാർ വിവാദം അടങ്ങും മുമ്പ് മറ്റൊരു വിവാദത്തിൽ കൂടി ഇടപെടേണ്ടെന്ന നിലപാടിലാണ് സുധീരൻ. ഏകോപന സമിതിയിൽ സർക്കാരിനെതിരെ സുധീരൻ അഞ്ഞടിക്കുമെന്നും സൂചനയുണ്ട്. സർക്കാരിന്റെ പ്രതിശ്ചായയെ കൂടുതൽ കുഴപ്പത്തിലാക്കുന്നതാണ് ആരോപണമെന്നാണ് സുധീരന്റെ നിലപാട്. എന്നാൽ പരസ്യമായി തൽക്കാലം വിഷയത്തിൽ പ്രതികരിക്കുകയുമില്ല.

അതിനിടെ ദേശീയ ഗെയിംസിന്റെ കൾച്ചറൽ ആൻഡ് സെറിമണി കമ്മിറ്റിയുടെ ചെയർമാൻ സ്ഥാനം രാജിവച്ചതായി എംഎൽഎയും കോൺഗ്രസ് നേതാവുമായ പാലോട് രവിയും നേരത്തെ വ്യക്തമാക്കിയിരുന്നു. ഗെയിംസിന്റെ വേഗത്തിൽ തൃപ്തിയില്ലെന്ന് ആരോപിച്ച് തന്നെയാണ്പാലോട് രവിയുടെ രാജിയുമെന്നത് അഴിമതി ആരോപണങ്ങളെ ബലപ്പെടുത്തുന്നതാണ്. ഇതോടെയാണ് ദേശീയ ഗെയിംസ് കൂടുതൽ വിവാദമാകുകയാണ്. സ്‌റ്റേഡിയം നിർമ്മാണ പ്രവർത്തനങ്ങളിലെ വീഴ്ചകൾ സംബന്ധിച്ച കൂടുതൽ വാർത്തകൾ പുറത്തുവന്നു. പിരപ്പൻകോട്ടെ അന്താരാഷ്ട്ര നീന്തൽക്കുളത്തിന്റെ നിർമ്മാണത്തിലും ഗുരുതരമായ വീഴ്‌ച്ച വന്നിട്ടുണ്ട്.

നീന്തൽക്കുളം ചോർന്നൊലിക്കുന്ന നിലയിലാണ്. ഇവിടെ താൽകാലിക ഫ്‌ലെഡ് ലൈറ്റ് സ്ഥാപിക്കുന്നതിനുള്ള തീരുമാനത്തിനു പിന്നിലും വൻ അഴിമതിയുണ്ടെന്നാണ് ആരോപണം ഉയർന്നിട്ടുണ്ട്. ദേശീയഗെയിംസിനു തിരിതെളിഞ്ഞാൽ ആദ്യമത്സരങ്ങൾ നടക്കേണ്ടത് പിരപ്പിൻകോട്ടെ നീന്തൽകുളത്തിലാണ്. 700 കായികതാരങ്ങൾ മാറ്റുരക്കുന്ന വേദി. സംഘാടകർ അടക്കമുള്ളവർക്ക് ഒരുക്കേണ്ട സൗകര്യങ്ങൾ വേറെ. സ്പ്രിങ് ബോർഡ് ഡൈവിംഗും ഹൈ ബോർഡ് ഡൈവിംഗും ഒക്കെ നടക്കേണ്ട ഡൈവിങ് പൂളിൽ നിന്ന് വെള്ളം ചോർന്നു പോകുന്ന സ്ഥിതിയിലാണ്. ഇതിന് പരിഹാരം ഉണ്ടാക്കാൻ ഇതുവരെ ശ്രമിച്ചിട്ടില്ല.

കൂടാതെ നീന്തൽകുളവും പരിസരവുമെല്ലാം പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. പവലിയൻ വൃത്തിയാക്കാത അവസ്ഥയിലാണ്. പാർക്കിംഗിന് കണ്ടെത്തിയ സ്ഥലത്ത് പ്രാരംഭ ജോലികൾ പോലും നടന്നിട്ടില്ല. കുളിമുറിയും ഡ്രസ്സിങ് റൂമും അടക്കമുള്ള സംവിധാനങ്ങളും ഒരുങ്ങിയില്ല. പകലും രാത്രിയിലുമായി മത്സരങ്ങൾ നടക്കുന്ന വേദിയിൽ വിളക്കു സ്ഥാപിക്കുന്നതിൽ പോലും വൻ അഴിമതിയുണ്ടെന്നാണ് ആരോപണം.

ദേശീയ ഗെയിംസ് നടത്തിപ്പിന്റെ ഭാഗമായാണ് സംസ്ഥാന സ്പോർട്സ് കൗൺസിലിൽ നിന്ന് സംഘാടകർ നീന്തൽകുളം ഏറ്റെടുത്തത്. പരാധീനതകൾ മാത്രമുണ്ടായിരുന്ന സ്ഥാപനം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുമെന്നായിരുന്നു പ്രതീക്ഷ. പക്ഷെ മത്സരങ്ങൾ നടത്താൻ പോലും പറ്റാത്ത പരിതാപാവസ്ഥയിലാണിപ്പോൾ പിരപ്പിൻകോട്ടെ നീന്തൽക്കുളം. അതിനിടെ വേദികളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഇഴഞ്ഞു നീങ്ങുന്നതിൽ അതൃപ്തി രേഖപ്പെടുത്തി ഗെയിംസിന്റെ സഹസംഘാടകർ രംഗത്തെത്തി. ഗെയിംസിനോടനുബന്ധിച്ചുള്ള സംഘടിപ്പിച്ച കൂട്ടയോട്ട മത്സര നടത്തിപ്പിലും വൻ ക്രമക്കേടാണ് ആരോപിക്കുന്നത്.

കൂട്ടയോട്ടത്തിന്റെ പേരിൽ മലയാള മനോരമയ്ക്ക് പണം വാരിക്കോരി നൽകിയതിനെ ഒളിംപിക് അസോസിയേഷൻ പ്രതിനിധി വിമർശിച്ചു. മാദ്ധ്യമ സ്ഥാപനത്തിന് പണം നൽകിയത് മുൻധാരണ തെറ്റിച്ചാണെന്നാണ് ഉയർന്നിരിക്കുന്ന വിമർശനം. ഗെയിംസ് വേദികളെ കുറിച്ച് ആശങ്കകളുണ്ടെന്ന് ഓർഗനൈസിങ് സെക്രട്ടറി പിഎ ഹംസ പറഞ്ഞു. വേദികളുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ അപാകതയുണ്ട്. സാങ്കേതിക സമിതി 15ന് വേദികൾ പരിശോധിക്കും. കായികോപകരണങ്ങൾ വാങ്ങുന്നതിൽ കാലതാമസമുണ്ടായിട്ടുണ്ട്. വിവാദങ്ങൾ ഗെയിംസിന്റെ ശോഭ കെടുത്തുമെന്നും അതൃപ്തി സർക്കാരിനെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ക്രമക്കേടുകൾ നിഷേധിച്ച ഗെയിംസ് സെക്രട്ടേറിയറ്റ് സിഇഒ ജേക്കബ് പുന്നൂസ് ഗെയിംസിന്റെ സംഘാടക സമിതിയിൽ നിന്ന് രാജിവെക്കാൻ തയ്യാറാണെന്നും വ്യക്തമാക്കി. നേരത്തെ ഗെയിംസിന്റെ അഴിമതിയിലും ധൂർത്തിലും പ്രതിഷേധിച്ച് ഗെയിംസ് എക്‌സിക്യൂട്ടീവ് കൗൺസിലിൽനിന്ന് കെ ബി ഗണേശ്കുമാർ എംഎൽഎ ഇന്നലെയാണ് രാജിവച്ചത്. ദേശീയ ഗെയിംസിലെ ഭക്ഷണവിതരണം, ഗതാഗതം ടെൻഡറിൽ അടക്കം അഴിമതിയുണ്ടെന്നും ആരോപണം ഉയർന്നിരുന്നു.

ചട്ടങ്ങൾ മറികടന്ന് ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിനെ പരിപാടികളുടെ ചുമതല ഏൽപ്പിച്ചതിൽ പ്രതിഷേധിച്ചായിരുന്നു ഗണേശിന്റെ രാജി. ഗെയിംസിന്റെപേരിൽ നടക്കുന്നത് ഞെട്ടിക്കുന്ന അഴിമതിയാണെന്നും ഇത് കണ്ടുനിൽക്കാനാകില്ലെന്നും ഗണേശ്കുമാർ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് നൽകിയ കത്തിൽ പറഞ്ഞു. പൊതുപണം ധൂർത്തടിക്കുകയാണെന്നും പ്രഖ്യാപിതലക്ഷ്യത്തിൽനിന്ന് വ്യതിചലിക്കുകയാണെന്നും ഗണേശ്കുമാർ പറഞ്ഞിരുന്നു. മത്സരങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾപോലും ഗെയിംസിനുമുമ്പ് എത്തിച്ചേരുമോ എന്ന കാര്യവും അനിശ്ചിതത്വം ശക്തമാണ്. കോൺഗ്രസ് എംഎൽഎമാർ കൂടി ഗെയിംസ് നടത്തിപ്പിനെതിരെ രംഗത്തെത്തിയതോടെ വരും ദിവസങ്ങളിലും വിവാദം കൊഴുക്കുമെന്നത് ഉറപ്പാണ്.

ഗെയിംസിന് മുന്നോടിയായുള്ള കൂട്ടയോട്ടത്തിന്റെ നടത്തിപ്പിന്റെപേരിൽ മലയാള മനോരമയുടെ ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിന് പത്തുകോടിയിലേറെ രൂപയാണ് അനുവദിച്ചിരിക്കുന്നത്.