തിരുവനന്തപുരം: ദേശീയ ഗെയിംസിനായി സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി കണ്ടെത്തിയ ലോഗോ അട്ടിമറിച്ചെന്ന സംവിധായകൻ ഷാജി എൻ കരുൺ. വലിയ അർത്ഥം നൽകി തയ്യാറാക്കിയ ലോഗോയിലാണ് സംഘാടകർ മാറ്റം വരുത്തിയതെന്നും സമിതി അംഗമായിരുന്ന ഷാജി എൻ കരുൺ പറഞ്ഞു.

കലയെ ബഹുമാനിക്കാൻ അറിയാത്തവരാണ് അട്ടിമറിക്കു പിന്നിൽ. സമിതിയിലെ അംഗങ്ങളുടെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്നതാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു.

കലാ സംവിധായകൻ തോട്ടാധരണി, തിരുവനന്തപുരം ഫൈൻ ആർട്‌സ് കോളേജ് പ്രിൻസിപ്പാൾ അജയകുമാർ എന്നിവരായിരുന്നു സമിതിയിലെ മറ്റ് അംഗങ്ങൾ. ലോഗോ തിരഞ്ഞെടുത്ത ശേഷം ഇതു മാറ്റിയ കാര്യം ഈ സമിതിയെ അറിയിക്കാൻ പോലും സംഘാടക സമിതി തയ്യാറായില്ല. 2010 ലാണ് മൂന്നംഗ സമിതിയെ സംസ്ഥാന സർക്കാർ ലോഗോ നിശ്ചയിക്കാനായി നിയമിച്ചത്.

ആയിരങ്ങൾ പങ്കെടുത്ത ലോഗോ മത്സരത്തിൽ നിന്നാണ് അവസാന റൗണ്ടിലേക്കുള്ള ലോഗോ തെരഞ്ഞെടുത്തത്. ദേശീയ ഗെയിംസിന്റെ ഭാഗ്യച്ചിഹ്‌നമായ വേഴാമ്പൽ മൂന്നു പേരാണ് സമർപ്പിച്ചത്. ക്യാപ്ഷനായി 'വിൻ ദ ഹാർട്ട് വിൻ ദ ഗെയിം എന്നു തിരഞ്ഞെടുക്കുകയും ചെയ്തു. ദേശീയ ഗെയിംസിന്റെ ലോഗോ തിരഞ്ഞെടുപ്പും മറ്റും ജനകീയമാക്കുന്നുവെന്ന പേരിൽ ലക്ഷക്കണക്കിനു രൂപയും ചെലവഴിച്ചു.

ലോഗോയും ക്യാപ്ഷനും വിദഗ്ധ സമിതി തിരഞ്ഞെടുത്തിരുന്നു. എന്നാൽ പിന്നീട് ലോഗോ അയച്ചവരുടെ ആശയം മോഷ്ടിച്ച ദേശീയ ഗെയിംസ് സംഘാടകസമിതി വേഴാമ്പലിനെ വരപ്പിക്കാൻ ഫൈൻ ആർട്‌സ് കോളജ് വിദ്യാത്ഥികളിൽ നിന്നു തിരഞ്ഞെടുത്ത ഏതാനും പേരെ പിന്നീട് ചുമതലപ്പെടുത്തുകയായിരുന്നു. യഥാർത്ഥ ആശയം നൽകിയവരെ പരിഗണിച്ചുമില്ല. ഇവർക്കു നൽകേണ്ട സമ്മാനവും മുക്കി. ക്യാപ്ഷന്റെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിച്ചത്. ജൂറി തെരഞ്ഞെടുത്ത വിൻ ദ ഹാർട്ട്‌സ്, വിൻ ദ ഗെയിംസ് എന്ന ക്യാപ്ഷനു പകരം 'ടുഗദർ ഇൻ സ്‌പോർട്' എന്ന പുതിയ ക്യാപ്ഷൻ സ്വന്തംനിലയ്ക്ക് എഴുതിച്ചേർത്തു. വിദഗ്ധരുടെ തിരഞ്ഞെടുപ്പ് അട്ടിമറിച്ച് തോന്നിയ പോലെയാണ് സംഘാടക സമിതി പ്രവർത്തിച്ചത്.