തിരുവനന്തപുരം: സംസ്ഥാനത്തിന് അഭിമാനമാകേണ്ട 35 ാമത് ദേശീയ ഗെയിംസ് സെപ്റ്റംബറിലേക്ക് നീട്ടിവച്ചേക്കും. ഈ മാസം 31 മുതൽ ഫെബ്രുവരി 14 വരെ നടത്താനാണ് നിശ്ചയിച്ചിരുന്നത്.

അതിനിടെ പ്രചരണ ഓട്ടം നടത്താനും ഉദ്ഘാടന, സമാപന ചടങ്ങുകൾക്കുമായി ഒരു വ്യവസ്ഥയുമില്ലാതെ കോടികൾ ധൂർത്തടിക്കുന്ന ദേശീയ ഗെയിംസ് സംഘാടകർ പരിപാടിക്കായി ഇനിയും അടിയന്തിരമായി 80 കോടിരൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ഗെയിംസ് സംഘാടകർ തയ്യാറാക്കിയ നിർദ്ദേശം കായിക മന്ത്രിയുടെ അംഗീകാരത്തോടെ മുഖ്യമന്ത്രിക്ക് നൽകി. ഇത് ധനമന്ത്രിക്ക് കൈമാറിയിരിക്കുകയാണ്. നവകുപ്പിലെ എക്‌സ്‌പെൻഡിച്ചർ സെക്രട്ടറിയുടെ പരിഗണനയിലിരിക്കുന്ന നിർദ്ദേശത്തിന് ഇനിയും അംഗീകാരം നൽകിയിട്ടില്ല. ഗെയിംസിന്റെ തയ്യാറെടുപ്പുകൾ എങ്ങുമെത്താത്ത സാഹചര്യത്തിൽ അടുത്തയാഴ്ച കേന്ദ്രസംഘം പരിശോധനയ്‌ക്കെത്തുന്നതിനുമുമ്പ് കഴിയുന്നത്ര വേദികളിൽ താൽക്കാലിക സംവിധാനമൊരുക്കുന്നതിനാണ് അധികസഹായം തേടുന്നത്.

ദേശീയ ഗെയിംസിന്റെ വ്യവസ്ഥകളനുസരിച്ച് മത്സരം ആരംഭിക്കുന്നതിന് രണ്ടാഴ്ച മുമ്പെങ്കിലും വേദികളുടെ നിർമ്മാണം പൂർത്തിയാക്കി ഒളിമ്പിക് അസോസിയേഷന് കൈമാറേണ്ടതാണ്. എന്നാൽ, ഇത് സാദ്ധ്യമാകുമെന്ന് ഒരുറപ്പുമില്ല. ഈ സാഹചര്യത്തിലാണ് ഗെയിംസ് നീട്ടിവയ്ക്കുന്നത് സംബന്ധിച്ച ആലോചനകൾ നടക്കുന്നത്. എന്നാൽ ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ ഇതിനോട് കൃത്യമായി പ്രതികിരച്ചിട്ടില്ല. സ്റ്റേഡിയ പരിശോധനയ്ക്ക് ശേഷമേ അന്തിമ തീരുമാനം എടുക്കൂ. എന്നാൽ ഈ മാസം നടക്കുന്ന കൂട്ടയോട്ടത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. മനോരമയുടെ നേതൃത്വത്തിൽ കാര്യക്ഷമമായ പ്രവർത്തനമാണ് നടക്കുന്നത്. എന്നാൽ ഗെയിംസ് നീട്ടിവച്ചാൽ ഈ മാസത്തെ കൂട്ടയോട്ടമെന്നത് അപ്രധാനവും ആവശ്യമില്ലാത്തതുമാകും. എന്നാൽ സച്ചിൻ തെണ്ടുൽക്കർ അടക്കമുള്ള പ്രമുഖരെ മനോരമ കൂട്ടയോട്ടത്തിനായി ഉറപ്പിച്ചു കഴിഞ്ഞു. ഇവരോട് ഗെയിംസ് മാറ്റിവയ്ക്കുന്നത് വിശദീകരിക്കുന്നത് മനോരമയ്ക്ക് വലിയ കുറച്ചിലുമാണ്.

അന്താരാഷ്ട്ര കായിക കലണ്ടർ പ്രകാരം ഫെബ്രുവരി മുതൽ സെപ്റ്റംബർ വരെ ഗെയിംസ് നടത്താനാകില്ല. ഇതാണ് ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ നേരിടുന്ന പ്രശ്‌നം. മാർച്ച് 15 ന് ഏഷ്യൻ വാക്ക് റേയ്‌സ്, മെയ്‌ ഒന്നു മുതൽ നാലുവരെ ഏഷ്യൻ യൂത്ത് അത്‌ലറ്റിക് ചാമ്പ്യൻഷിഷ്, ജൂൺ 21ന് ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്, ഓഗസ്റ്റ് 22ന് ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്, ഓഗസ്റ്റ് 24ന് ലോക നീന്തൽ ചാമ്പ്യൻഷിപ്പ്, സെപ്റ്റംബർ 5ന് കോമൺവെൽത്ത് യൂത്ത് ഗെയിംസ് എന്നിവ നടക്കാനിരിക്കുകയാണ്. അതിനാൽ കേരളത്തിലെ ഗെയിംസ് നീട്ടിവയ്ക്കുന്നതിനോട് ഇനിയും അവർക്ക് താൽപ്പര്യമില്ല.

എന്നാൽ ഗെയിംസിന്റെ തയ്യാറെടുപ്പുകൾ പൂർത്തിയാകുന്നതിന് ഇനിയും ഒരു മാസമെങ്കിലും വേണ്ടിവരും. ഗെയിംസ് രണ്ടാഴ്ചയെങ്കിലും നീട്ടിവയ്ക്കുന്നതിനോട് സംസ്ഥാന സർക്കാരിനും യോജിപ്പാണുള്ളത്. തുടർന്നാണ് ഗെയിംസ് നീട്ടിവയ്ക്കുന്ന കാര്യം കേന്ദ്ര കായിക മന്ത്രാലയവും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും പരിഗണിക്കുന്നത്. അതിനിടെ ഗെയിംസിന് കൂടുതൽ തുക ആവശ്യപ്പെടുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ധനവകുപ്പ്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് ഗെയിംസിനായി കൂടുതൽ പണം അനുവദിക്കാൻ ബുദ്ധിമുട്ടാണെന്ന ധനവകുപ്പ് പറയുന്നു.