തിരുവനന്തപുരം: മുപ്പത്തിയഞ്ചാമത് നാഷണൽ ഗെയിംസിന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ 31ന് വൈകുന്നേരം ആറ് മണിക്ക് തുടക്കമാകും. ഗെയിംസിന്റെ ഔപചാരികമായ ഉദ്ഘാടനം കേന്ദ്ര നഗരവികസനവകുപ്പ് മന്ത്രി എം.വെങ്കയ്യ നായിഡു നിർവ്വഹിക്കുമെന്ന് കായികമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

ഉദ്ഘാടന ചടങ്ങിൽ ഗെയിംസ് ഗുഡ്‌വിൽ അംബാസിഡർ സച്ചിൻ തെൻഡുൽക്കർ പങ്കെടുക്കും. അദ്ദേഹം ദീപശിഖ പി.ടി.ഉഷയ്ക്കും അഞ്ജു ബോബി ജോർജ്ജിനും കൈമാറും. ഗെയിംസിന്റെ ദീപം ഇവർ രണ്ടുപേരും ചേർന്ന് തെളിക്കും. സിനിമാതാരം മോഹൻലാൽ ചടങ്ങിൽ പങ്കെടുക്കും. ഭാരതത്തിന്റെ സാംസ്‌കാരിക വൈവിദ്ധ്യവും കേരളത്തനിമയും കായിക പാരമ്പര്യവും വിളിച്ചോതുന്ന കലാസന്ധ്യയും നടക്കും. വിവിധ സംസ്ഥാനങ്ങളിലെ തനതു കലാരൂപങ്ങൾ ചടങ്ങിൽ വൈവിധ്യമാകും.

ഫെബ്രുവരി 14ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ഗവർണർ ജസ്റ്റിസ് പി.സദാശിവമാകും മുഖ്യാതിഥി. അതായത് ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ സമാപന ചടങ്ങിൽ രാഷ്ട്രപതിയോ പങ്കെടുക്കില്ല. ഉദ്ഘാടനത്തിന് ഉപരാഷ്ട്രപതി ഹമീദ് അൻസാരിയെ കൊണ്ടുവരാനുള്ള ശ്രമവും വിജയിച്ചില്ല. പ്രധാനമന്ത്രിയെ ഉദ്ഘാടനത്തിന് എത്തിച്ച് കായിക മേളയുടെ ഗ്ലാമർ ഉയർത്താനായിരുന്നു നീക്കം. എന്നാൽ കാര്യവട്ടത്തെ സ്റ്റേഡിയത്തിന്റെ പണി നീണ്ടതോടെ സുരക്ഷാ പരിശോധന അസ്ഥാനത്തായി. ഇതോടെ പ്രധാനമന്ത്രി യാത്ര ഉപേക്ഷിച്ചു. ആരോഗ്യകാരണങ്ങളാൽ രാഷ്ട്രപതിക്കും എത്താനായില്ല.

നാഷണൽ ഗെയിംസിലെ ഹോക്കി മത്സരങ്ങളുടെ വേദിയായ കൊല്ലത്തെ ന്യൂഹോക്കി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ജനുവരി 27 വൈകുന്നേരം അഞ്ച് മണിക്ക് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവ്വഹിക്കും. ഗെയിംസിലെ ഷൂട്ടിങ് മത്സരങ്ങളുടെ വേദിയായ തിരുവനന്തപുരം വട്ടിയൂർക്കാവിലെ ഷൂട്ടിങ് റെഞ്ചിന്റെ ഉദ്ഘാടനം ജനുവരി 28 രാവിലെ 11.30 ന് നിർവ്വഹിക്കും. റൈഫിൾ പിസ്റ്റൾ ഇനങ്ങളിലാണ് ഇവിടെ മത്സരങ്ങൾ അരങ്ങേറുന്നത്. നാഷണൽ ഗെയിംസിനെത്തുന്ന അത്‌ലറ്റുകൾ, പരിശീലകർ, ടീം ഒഫീഷ്യലുകൾ തുടങ്ങി അയ്യായിരത്തിൽപരംപേർക്കായി തിരുവനന്തപുരം മേനംകുളത്ത് തയ്യാറാകുന്ന ഗെയിംസ് വില്ലേജിന്റെ ഉദ്ഘാടനം ജനുവരി 28നാണ്.

നാഷണൽ ഗെയിംസിലെ അത്‌ലറ്റിക് മത്സരങ്ങളുടെ പരിശീലന വേദിയായ നവീകരിച്ച പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനവും അന്ന് മുഖ്യമന്ത്രി നിർവ്വഹിക്കും. പുരുഷ ഫുട്‌ബോൾ മത്സരങ്ങളുടെ വേദിയായ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം ജനുവരി 29 വൈകുന്നേരം അഞ്ച് മണിക്ക് കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സ്റ്റേഡിയത്തിലെ പവലിയന്റെ ഉദ്ഘാടനം പഞ്ചായത്ത് സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ.എം.കെ.മുനീർ നിർവ്വഹിക്കും.

ഉദ്ഘാടന സമാപന ചടങ്ങുകളുടെ വേദിയായ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിക്കും. 161 കോടി രൂപ ചെലവിൽ തയ്യാറാകുന്ന സ്റ്റേഡിയത്തിൽ ഏകദേശം ഒരു ലക്ഷം പേരെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട്.