ത്തറിൽ ആരോഗ്യമേഖലയിൽ പുതിയ ലൈസൻസിങ് സംവിധാനം ഏർപ്പെടുത്തുന്നു. രാജ്യത്തെ സ്വകാര്യ ആശുപത്രികളുടെയും ക്ലിനിക്കുകളുടെയും ഗുണനിലവാരം ഉറപ്പുവരുത്താനാണ് ലൈസൻസിങ് നിയമത്തിൽ മാറ്റം വരുത്തുന്നത്.

പുതുതായി തയ്യാറായിക്കൊണ്ടിരിക്കുന്ന നാഷനൽ അക്രഡിറ്റേഷൻ സ്റ്റാൻഡേർഡിന് അനുസൃതമായാണ് ലൈൻസൻസിങ് സ്റ്റാൻഡേർഡ് കൊണ്ടുവരുന്നതെന്ന് ഉന്നതാരോഗ്യ സമിതിയിലെ ഹെൽത്ത് കെയർ ക്വാളിറ്റി ആൻഡ് പേഷ്യന്റ് സേഫ്റ്റി ഡിപാർട്ട്‌മെന്റ് ഡയരക്ടർ ഡോ. ജമാൽ റാഷിദ് അൽഖൻജി പറഞ്ഞു.

അടിസ്ഥാനസൗകര്യം, രോഗിയുടെ സുരക്ഷ, ശുചിത്വം, പരിരക്ഷാ നിലവാരം, മെഡിക്കൽ റെക്കോഡുകൾ, മെഡിക്കൽ പ്രാട്കീസ്, കസ്റ്റമർ കെയർ തുടങ്ങിയ ആരോഗ്യ രക്ഷയുടെ എല്ലാ വശങ്ങളും ഉൾക്കൊള്ളുന്നതായിരിക്കും പുതിയ സ്റ്റാൻഡേർഡ്. നിയമം നടപ്പിൽ വരുത്തിക്കഴിഞ്ഞാൽ നിലവിലുള്ള എല്ലാ കേന്ദ്രങ്ങളും അതിനനുസരിച്ച് മാറ്റം വരുത്തേണ്ടി വരും. പുതിയ നിലവാരത്തിലേക്ക് ഉയർത്തുന്നതിന് നിലവിലുള്ള കേന്ദ്രങ്ങൾക്ക് സമയം അനുവദിക്കുമെന്നും അൽഖൻജി പറഞ്ഞു.

നിലവിലുള്ള ലൈസൻസിങ് ചട്ടങ്ങൾ പതിറ്റാണ്ടുകൾക്ക് മുമ്പ് ഉണ്ടാക്കിയതാണ്. അതിന് ശേഷം ആരോഗ്യമേഖല വലിയ മാറ്റത്തിന് വിധേയമായി. അതിനനുസൃതമായി സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിന് പുതിയ ചട്ടങ്ങളും നിലവാരവും നിർണയിക്കേണ്ടതുണ്ട്- അൽഖൻജി പറഞ്ഞു.

എല്ലാ ആരോഗ്യ രക്ഷാ കേന്ദ്രങ്ങളും ഐ.എസ്.ക്യു.യു.എ(ഇന്റർനാഷനൽ സൊസൈറ്റി ഫോർ ക്വാളിറ്റി ഹെൽത്ത്‌കെയർ) അംഗീകരിച്ചിട്ടുള്ള ഒരു അന്ത്രാഷ്ട്ര സ്ഥാപനമോ അല്ലെങ്കിൽ ഖത്തറിലെ അധികാരമുള്ള സ്ഥാപനമോ അക്രഡിറ്റ് ചെയ്തിരിക്കണമെന്നും അദ്ദേഹം അറിയിച്ചു.