ന്യൂഡൽഹി: ഇന്ദിര ഗാന്ധിയുടെ മരുമകളായ തനിക്ക് ആരെയും ഭയമില്ലെന്നു കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിയും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുലും ഈ മാസം 19ന് വിചാരണയ്ക്കായി ഹാജരാകണമെന്ന് കോടതി നിർദേശിച്ചിരുന്നു.

ഡൽഹി പാട്യാല കോടതിയാണ് ഇതു സംബന്ധിച്ച് നിർദ്ദേശം നൽകിയത്. ഇതിനോടു പ്രതികരിക്കവെയാണ് തനിക്ക് ഒന്നിനെക്കുറിച്ചും ഭയമില്ലെന്നു സോണിയ പറഞ്ഞത്.

അതിനിടെ, കോൺഗ്രസ് നേതാക്കൾക്കെതിരെ കേന്ദ്രവും ബിജെപി നേതാക്കളും പകപോക്കൽ രാഷ്ട്രീയം കളിക്കുന്നുവെന്ന ആരോപണം കോൺഗ്രസ് അംഗങ്ങൾ പാർലമെന്റിൽ ഉന്നയിച്ചു. ഇരു സഭകളിലും കോൺഗ്രസ് അംഗങ്ങൾ ബഹളം വച്ചു. തുടർന്ന് ലോക്‌സഭയും രാജ്യസഭയും താൽക്കാലികമായി പിരിഞ്ഞു.

നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിക്കും രാഹുലിനും ഡൽഹി ഹൈക്കോടതിയിൽ ഇന്നലെ തിരിച്ചടി നേരിട്ടിരുന്നു. വിചാരണ കോടതിയുടെ സമൻസിനെതിരെ സോണിയയും രാഹുലും നൽകിയ ഹർജി തള്ളിയ കോടതി ഇരുവരും വിചാരണ കോടതിക്ക് മുമ്പാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നു.

നാഷണൽ ഹെറാൾഡ് പത്രം ഏറ്റെടുത്തതുമായി ബന്ധപ്പെട്ടുള്ള കേസിൽ നേരത്തെ കോടതിക്ക് മുമ്പാകെ ഹാജരാകണമെന്ന് വിചാരണ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ കോടതിയിൽ ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സോണിയയും രാഹുലും ഡൽഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹർജിയാണ് കോടതി തള്ളിയത്.

പത്രം സോണിയയുടെയും രാഹുലിന്റെയും ഉടമസ്ഥതയിലുള്ള യങ് ഇന്ത്യൻസ് ലിമിറ്റഡ് ഏറ്റെടുക്കുമ്പോൾ നാഷണൽ ഹെറാൾഡിന്റെ 90.25 കോടി രൂപയുടെ വായ്പ കോൺഗ്രസ് പാർട്ടി എഴുതിത്തള്ളിയതായി ജഡ്ജി സുനിൽ ഗൗർ നിരീക്ഷിച്ചു. നാഷണൽ ഹെറാൾഡ് പത്രം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് വിശ്വാസവഞ്ചനയ്ക്കും സാമ്പത്തിക ക്രമക്കേടിനും ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയാണ് ഇരുവർക്കുമെതിരെ പരാതി ഫയൽ ചെയ്തത്. നിയമം ലംഘിച്ച് സോണിയയും രാഹുലും പത്രത്തിന്റെ ഓഫീസടക്കം വിലമതിക്കുന്ന വസ്തുക്കൾ തട്ടിയെടുത്തുവെന്നും പരാതിയിൽ അദ്ദേഹം ആരോപിച്ചിരുന്നു.

ജവഹർലാൽ നെഹ്‌റു 1938ൽ തുടങ്ങിയ പത്രമാണ് നാഷണൽ ഹെറാൾഡ്. സ്വാതന്ത്ര്യ സമരത്തിൽ മുഖ്യ പങ്കുവഹിച്ച പത്രം സ്വാതന്ത്ര്യാനന്തരം കെടുകാര്യസ്ഥതയുടെയും അലംഭാവവും കാരണം പ്രതിസന്ധിയിലാകുകയായിരുന്നു. നഷ്ടത്തിലായതിനെ തുടർന്ന് 2008ൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് പത്രം പ്രസിദ്ധീകരണം നിർത്തിയത്.

അസോസിയേറ്റഡ് ജേണൽ ലിമിറ്റഡായിരുന്നു (എജെഎൽ) നാഷണൽ ഹെറാൾഡിന്റെ പ്രസാധകർ. കോൺഗ്രസ് 90.25 കോടി രൂപയാണ് അവർക്ക് വായ്പ അനുവദിച്ചത്. എന്നാൽ 2010 ഡിസംബർ 28ന് കമ്പനി സോണിയയുടെയും രാഹുലിന്റെയും കീഴിലുള്ള ചാരിറ്റി സ്ഥാപനമായ യങ് ഇന്ത്യയ്ക്ക് കൈമാറുമ്പോൾ കമ്പനിയുടെ വായ്പ 50 ലക്ഷമാണെന്നാണ് കാണിച്ചിരിക്കുന്നത്. ഇത് വിശ്വാസ വഞ്ചനയാണെന്ന് സുബ്രഹ്മണ്യം സ്വാമി ആരോപിക്കുന്നു. എജെഎല്ലിന് 2000 കോടിയുടെ സമ്പത്തുണ്ടെന്നിരിക്കെ 90 കോടി രൂപ എന്തിന് എഴുതിത്ത്തള്ളണമെന്നും അദ്ദേഹം ചോദിക്കുന്നു.

ആരോപണങ്ങളെയെല്ലാം നിഷേധിച്ചാണ് കോൺഗ്രസ് രംഗത്തെത്തിയത്. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായതിനാലും പാർട്ടിയുടെ പത്രമെന്ന നിലയ്ക്കുമാണ് 90 കോടി രൂപ വായ്പ അനുവദിച്ചതെന്നുമാണ് പാർട്ടി പറയുന്നത്. സോണിയയ്ക്കും രാഹുലിനും പുറമെ കോൺഗ്രസ് നേതാക്കളായ മോത്തിലാൽ വോറ, ഓസ്‌കാർ ഫെർണാണ്ടസ്, സുമൻ ദുബെ, സാം പത്രോഡ, യങ് ഇന്ത്യൻസ് കമ്പനി എന്നിവരും ഹാജരാകണമെന്നാണു വിചാരണ കോടതി ഉത്തരവിട്ടത്.