- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാഷണൽ ഹെറാൾഡ് കേസ്: സോണിയ ഗാന്ധിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി; രണ്ട് ദിവസങ്ങളിലായി ഇ.ഡി. വിശദീകരണം തേടിയത് 55 ചോദ്യങ്ങൾക്ക്; കേന്ദ്ര സർക്കാർ നിയമം ദുരുപയോഗം ചെയ്യുന്നുവെന്ന് കോൺഗ്രസ്; ഡൽഹിയിലും തിരുവനന്തപുരത്തും പ്രതിഷേധം; അറസ്റ്റ്
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. ചോദ്യം ചെയ്യലിന് ശേഷം സോണിയാ ഗാന്ധി ഇ.ഡി. ഓഫീസ് വിട്ടു. കേസിൽ ഇനി ഹാജരാകുന്നത് സംബന്ധിച്ച് അറിയിപ്പ് ഒന്നും നൽകിയിട്ടില്ല. സോണിയ ഗാന്ധി ചോദ്യം ചെയ്യലിനോട് പൂർണമായി സഹകരിച്ചുവെന്നാണ് ഇഡി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. ഇതുവരെ 11 മണിക്കൂറാണ് സോണിയാ ഗാന്ധിയെ ഇഡി സംഘം ചോദ്യം ചെയ്തത്. അതേസമയം ഇഡിയുടെ ചോദ്യം ചെയ്യലിനെതിരെ ഇന്നും കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
പ്രിയങ്ക ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഒപ്പമാണ് മൂന്നാം ദിവസവും സോണിയ ഗാന്ധി ഇ ഡി ഓഫീസിലെത്തിയത്. തുടർച്ചയായി രണ്ടാം ദിവസമാണ് സോണിയയുടെ ചോദ്യംചെയ്യൽ. ഒരാഴ്ച മുമ്പാണ് സോണിയയെ ആദ്യമായി ഇഡി ചോദ്യംചെയ്തത്. വലിയ പ്രതിഷേധമാണ് ഇഡി നടപടികൾക്കെതിരെ കോൺഗ്രസ് ഉയർത്തുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 55 ചോദ്യങ്ങൾ സോണിയയോട് ചോദിച്ചതായാണ് വിവരം. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയോടുന്നയിച്ച അതേ ചോദ്യങ്ങളാണ് സോണിയയോടും ചോദിച്ചത്. എന്നാലിക്കാര്യങ്ങളിൽ തനിക്ക് വ്യക്തതയില്ലെന്ന മറുപടിയാണ് അവർ നൽകിയതെന്നാണ് വിവരം.
കടുത്ത പ്രതിഷേധമാണ് രാജ്യ തലസ്ഥാനത്തും തിരുവനന്തപുരത്തും അരങ്ങേറിയത്. കോൺഗ്രസ് എംപിമാർ വിജയ് ചൗക്കിലേക്ക് മാർച്ച് നടത്തി. തുടർന്ന് രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്താൻ ശ്രമിച്ച എംപിമാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 66 കോൺഗ്രസ് എംപിമാരെ കസ്റ്റഡിയിലെടുത്തിരുന്നു. എഐസിസി അസ്ഥാനത്തും കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. മാർച്ച് നയിച്ച കെസി വേണുഗോപാൽ, മുകുൾ വാസ്നിക് അടക്കമുള്ള എംപിമാരെ പൊലീസ് ബലമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തിരുവനന്തപുരത്ത് രാജ്ഭവന് മുന്നിൽ പ്രതിഷേധിച്ച നേതാക്കളേയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, ഡിസിസി പ്രസിഡന്റ് പാലോട് രവി എന്നിവരുടെ നേതൃത്വത്തിലാണ് രാജ്ഭവനിലേക്ക് മാർച്ച് നടത്തിയത്. രാജ്ഭവന്റെ മുന്നിൽ ബാരിക്കേഡ് വെച്ച് പൊലീസ് മാർച്ച് തടഞ്ഞു. പിന്നീട് പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
സോണിയാ ഗാന്ധിയെ ഇഡി ചൊവ്വാഴ്ച ആറ് മണിക്കൂറോളം നേരം ചോദ്യം ചെയ്തിരുന്നു. രാവിലെ 11ന് തുടങ്ങിയ ചോദ്യം ചെയ്യൽ വൈകുന്നേരം ഏഴ് വരെ നീണ്ടു. സോണിയയെ ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച് ഇന്നലെ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാർച്ചിൽ രാഹുൽ ഗാന്ധിയെ അടക്കം അറസ്റ്റ് ചെയ്തിരുന്നു. സോണിയയുടെ ചോദ്യം ചെയ്യൽ പൂർത്തിയയാതിന് ശേഷമാണ് ഇവരെ വിട്ടയച്ചത്.
സോണിയയുടെ ചോദ്യംചെയ്യലിൽ കേന്ദ്ര സർക്കാർ നിയമം ദുരുപയോഗം ചെയ്യുകയാണെന്നത് കോൺഗ്രസ് നേതൃത്വം ആവർത്തിച്ചു. എഐസിസി ആസ്ഥാനത്ത് മുതിർന്ന നേതാവ് ഗുലാംനബി ആസാദ്, ആനന്ദ് ശർമ്മ തുടങ്ങി ഗ്രൂപ്പ് 23 നേതാക്കളും കലഹം മറന്ന് എത്തി. ആരോഗ്യ പ്രശ്‌നങ്ങൾ പോലും പരിഗണിക്കാതെയാണ് സോണിയയെ ചോദ്യം ചെയ്യുന്നതെന്നും ഇത് ഉചിതമായ നടപടിയല്ലെന്നും മുതിർന്ന നേതാവ് ഗുലാംനബി ആസാദ് കുറ്റപ്പെടുത്തി.
പ്രായം പോലും പരിഗണിക്കാതെ വലിയ സമ്മർദ്ദമാണ് എൻഫോഴ്‌സ്‌മെന്റ് സോണിയക്ക് നൽകുന്നത്. 50 മണിക്കൂറിലേറെ രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തിരുന്നു. അതിനപ്പുറം എന്താണ് സോണിയ ഗാന്ധിയിൽ നിന്ന് അറിയാനുള്ളതെന്നും ഗുലാംനബി ആസാദ് ചോദിച്ചു. ആരോഗ്യ പ്രശ്‌നങ്ങൾ കാരണമാണ് താൻ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടികൾക്ക് ഇതുവരെ എത്താതിരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. സോണിയയെ ചോദ്യം ചെയ്യുന്നതല്ല കേന്ദ്രം നിയമം ദുരുപയോഗം ചെയ്യുന്നതാണ് വിഷയമെന്ന് ആനന്ദ് ശർമ്മയും കുറ്റപ്പെടുത്തി. നിയമം ജനങ്ങളെ ഭീഷണിപ്പെടുത്താൻ ഉപയോഗിക്കുന്നു. ജനാധിപത്യത്തിൽ എതിരാളികൾ ഉണ്ടാകും. എന്നാൽ ഈ നടപടി അത്യന്തം ഖേദകരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മൂന്ന് തവണയാണ് സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനോട് സോണിയ ഗാന്ധി പൂർണ്ണമായി സഹകരിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നേരത്തെ ആവശ്യപ്പെട്ട തീയതികളിൽ സോണിയ ഗാന്ധിക്ക് എത്താനായിരുന്നില്ല. അഡീഷൽ ഡയറക്ടർ ഉൾപ്പെടെ അഞ്ച് വനിത ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘമാണ് സോണിയ ഗാന്ധിയെ ചോദ്യം ചെയ്തതെന്നാണ് വിവരം. ചോദ്യം ചെയ്യലിനിടെ ക്ഷീണം അനുഭവപ്പെട്ടാൽ വിശ്രമിക്കാൻ സമയം അനുവദിക്കുമെന്നും ഇഡി അറിയിച്ചിരുന്നു.
ന്യൂസ് ഡെസ്ക്