- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയപാത 766 ൽ താമരശ്ശേരി മുതൽ അടിവാരം വരെയുള്ള ഭാഗങ്ങളിൽ റോഡ് നവീകരണത്തിൽ കോടികളുടെ അഴിമതിയെന്ന് ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാരും രാഷ്ട്രീയ പാർട്ടികളും രംഗത്ത്. ജനുവരിയിൽ നവീകരിച്ച റോഡ് പലയിടത്തും പൊളിഞ്ഞു; വിള്ളലുകളിൽ പശയൊഴിച്ച് കുഴിയടക്കുന്നതായും ആരോപണം; റിപ്പോർട്ട് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്
കോഴിക്കോട്: ദേശീയ പാത 766 കോഴിക്കോട് കൊല്ലഗൽ റോഡിൽ താമരശ്ശേരി ചുങ്കം മുതൽ അടിവാരം വരെയുള്ള ഭാഗങ്ങളിലെ റീടാറിങ് പ്രവർത്തിയിൽ അഴിമതി ആരോപണം ശക്തം. റീ ടാറിങ് നടത്തി ദിവസങ്ങൾക്കകം വിവധയിടങ്ങളിൽ വലിയ തോതിൽ വിള്ളലുകൾ രൂപപ്പെട്ടതോടെയാണ് നവീകരണ പ്രവർത്തിയിൽ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ച് നാട്ടുകാരും പൊതുപ്രവർത്തകരും രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തിയിരിക്കുന്നത്. ആരോപണം ശക്തമായതോടെ ക്രമക്കേട് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് സംഭവത്തിൽ വിശദീകരണം തേടിയിട്ടുണ്ട്. പൊതുമരാമത്ത് അഡീഷണൽ ചീഫ് സെക്രട്ടറിയിൽ നിന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് റിപ്പോർട്ട് തേടിയിരിക്കുന്നത്.
പൊതുപ്രവർത്തകൻ മജീദ് താമരശ്ശേരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ദേശീയ പാതയിൽ താമരശ്ശേരി ചെക്പോസ്റ്റ് മുതൽ അടിവാരം വരെയുള്ള ഭാഗങ്ങളിലാണ് ക്രമക്കേട് നടന്നിട്ടുണ്ടെന്ന ആരോപണം ഉയർന്നിരിക്കുന്നത്. നിർമ്മാണ പ്രവർത്തി ഏറ്റെടുത്ത് നടത്തിയ കരാർ കമ്പനി നാഥ് കൺസ്ട്രക്ഷനെതിരെയാണ് നാട്ടുകാരടക്കമുള്ളവർ അഴിമതി ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.
ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഗ്യാസ് വിതരണ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനിടെ ജനുവരി ആറ് മുതലാണ് ദേശീയ പാത 766 കോഴിക്കോട് കൊല്ലഗൽ പാതയിൽ റീടാറിങ് പ്രവർത്തികൾ ആരംഭിച്ചത്.
നാഥ് കൺസ്ട്രക്ഷൻ കമ്പനിയാണ് നവീകരണ പ്രവർത്തികൾ നടത്തിയത്. കാലതാമസമില്ലാതെ നവീകരണ പ്രവർത്തികൾ പൂർത്തീകരിച്ചെങ്കിലും തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ റോഡിന്റെ വിവിധ ഭാഗങ്ങളിൽ വിള്ളലുകൾ രൂപപ്പെട്ടുതുടങ്ങി. വാഹന സാന്ദ്രത കൂടിയ പാതയിൽ കൃത്യമായ അളവിൽ അസംസ്കൃത വസ്തുക്കൾ ചേർത്തല്ല ടാറിങ് നടത്തിയത് എന്നാണ് നാട്ടുകാരുടെ ആരോപണം. ഓരോ ഇടങ്ങളിൽ വിള്ളലുകൾ രൂപപ്പെടുമ്പോഴും നാട്ടുകാർ പരാതി നൽകുകയും ആ ഭാഗങ്ങളിൽ മാത്രം കുഴിയടക്കുകയുമാണ് ചെയ്തിരുന്നത്. എന്നാൽ ഒരു ഭാഗത്തെ കുഴിയടച്ച ഉടൻ തന്നെ നേരത്തെ രൂപപ്പെട്ട വിള്ളലിന് സമാനമായി സമീപത്ത് വേറെയും കുഴികൾ രൂപ്പെടുകയാണ് ചെയ്യുന്നത്. റോഡിൽ പുല്ലാഞ്ഞിമേട് ഭാഗത്തും ചുങ്കം ചെക്പോസ്റ്റിന് സമീപത്തുമാണ് കൂടുതൽ വിള്ളലുകൾ രൂപപ്പെട്ടിരിക്കുന്നത്.
സംഭവത്തിൽ വിജിലൻസിനും വകുപ്പ് മന്ത്രിക്കും ചീഫ് എഞ്ചിനീയർക്കും പരാതികൾ നൽകിയിട്ടുണ്ട്. വിള്ളലുകൾ കണ്ട ഭാഗത്ത് പലതവണ മിനുക്ക് പണികൾ നടത്തിയെങ്കിലും വീണ്ടും വലിയ വിള്ളലുകൾ രൂപപ്പെടുകയാണ് ചെയ്യുന്നത്. അതിനിടെ വിള്ളലുണ്ടായ ഭാഗങ്ങളിൽ നാട്ടുകാരുടെ കണ്ണിൽ പൊടിയിടുന്ന തരത്തിൽ ചെറിയ മിനുക്ക് പണികൾ നടത്തി കുഴിയടക്കുന്നത് നാട്ടുകാർ തടഞ്ഞിരുന്നു. കഴിഞ്ഞ ദിവസം വരെ റോഡിന്റെ ഓരോ ഭാഗങ്ങളിലും വിള്ളലുകൾ രൂപപ്പെടുമ്പോൾ ആ ഭാഗം പൂർണ്ണമായും പൊളിച്ച് അവിടെ റീടാറിങ് നടത്തുകയാണ് ചെയ്തിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം മുതൽ വിള്ളലുകൾ രൂപപ്പെട്ട ഇടങ്ങളിൽ വിള്ളലുകൾക്കിടയിലേക്ക് കുപ്പിയിൽ കൊണ്ടുവന്ന ഒരു രാസ മിശ്രിതം ഒഴിക്കുകയും അതിന്റെ മുകളിലേക്ക് പാറപ്പൊടി വിതറുകയും ചെയ്യുകയാണ് ചെയ്യുന്നത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ കൂടുതൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.
ഒരു മഴക്കാലത്തെ പോലും അതിജീവിക്കാൻ ഈ റോഡിന് കഴിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. റോഡിൽ ഓരോ ദിവസവും പകൽ കാണുന്ന വിള്ളലുകൾ രാത്രിയിൽ മിനുക്കുപണി നടത്തി സ്ഥലം വിടുകയാണ് കരാറുകാർ. ഇപ്പോഴും റോഡിൽ വിവിധയിടങ്ങളിൽ വിള്ളലുകളും, തുളകളും, ഉപരിതലം ഇളകി പോയതുമായ ഭാഗങ്ങളും വളരെയേറെയുണ്ട് .ഇത്തരം സ്ഥലങ്ങളിൽ വിള്ളലുകളിലൂടെ വെള്ളമിറങ്ങി ടാറിങ്ങ് പൂർണമായും ഇളകിപോകുമെന്ന് നാട്ടുകാർ പറയുന്നു.സാധാരണ ഇത്തരം വാഹന സാന്ദ്രതയേറിയ റോഡിൽ ടാറിങ്ങ് നടക്കുമ്പോൾ വലിയ കംപ്രസറിൽ നിന്നും കാറ്റടിപ്പിച്ച് റോഡിലെ പൊടികൾ നീക്കം ചെയ്യാറാണ് പതിവ് എന്നാൽ ഇവിടെ അതുണ്ടായിട്ടില്ല. ഇതിനാൽ തന്നെ റോഡിലെ പൊടിപോലും പൂർണമായും നീക്കം ചെയ്യാതെയാണ് റീടാറിംങ്ങ് നടന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.റോഡുപണി സംബന്ധിച്ച് അന്വേഷണം നടക്കുന്ന ഘട്ടത്തിൽ ഈ പ്രവൃത്തിയുടെയും, പൊളിച്ചുനീക്കുന്നതിന്റെയും, തകർന്ന സ്ഥലങ്ങളുടെയും വീഡിയോ കൈമാറുമെന്നും നാട്ടുകാർ പറഞ്ഞു.റോഡു പണി നടക്കുന്ന സ്ഥലത്ത് നിയോഗിച്ച ഉദ്യോഗസ്ഥരും, കരാറുകാരും തമ്മിലുള്ള ഒത്തുകളി സംബന്ധിച്ചും അന്വേഷണം നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
ദേശീയപാത 766 താമരശ്ശേരി ചെക്ക് പോസ്റ്റ് മുതൽ അടിവാരം വരെ ഉള്ള റോഡ് പണിയിലെ ക്രമക്കേട് സംബന്ധിച്ച് സർക്കാർ അന്വേഷിക്കണമെന്ന് കേരള കോൺഗ്രസ് ജോസഫ് കൊടുവള്ളി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. റോഡുപണി ആരംഭിച്ച നാൾ മുതൽ തന്നെ റോഡ് തകരാനും ഇടയായ സാഹചര്യത്തെ കുറിച്ച് വിദഗ്ധ സമിതിയെ കൊണ്ട് പരിശോധന നടത്തണം. യോഗം ജില്ലാ വൈസ് പ്രസിഡന്റ് അബു കല്ലിടിക്കിൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് ജോൺസൺ ചക്കാട്ടിൽ അധ്യക്ഷത വഹിച്ചു ,ജോയി നെല്ലിക്കുന്നിൽ, ഡീൻ ജോസഫ് ,അലക്സ് കാപ്പിൽ സെബാസ്റ്റ്യൻ . ജയരാജൻ കൂടത്തായി എന്നിവർ പ്രസംഗിച്ചു.
ദേശീയപാതയിൽ പുതുപ്പാടി പഞ്ചായത്തിലൂടെ കടന്നുപോകുന്ന പുല്ലാഞ്ഞിമേട് മുതൽ അടിവാരംവരെയുള്ള ഭാഗങ്ങളിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന റീടാറിങ് തീർത്തും അശാസ്ത്രീയമായും നിയമങ്ങൾ കാറ്റിൽപ്പറത്തിക്കൊണ്ടുള്ളതുമാണെന്ന് ബിജെപി. പുതുപ്പാടി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.പ്രവൃത്തി നിയന്ത്രിക്കേണ്ട ഉദ്യോസ്ഥരും വകുപ്പും അഴിമതിക്ക് കൂട്ടുനിൽക്കുകയാണെന്നും യോഗം ആരോപിച്ചു. ബിജെപി. സംസ്ഥാന അധ്യക്ഷൻ നയിക്കുന്ന വിജയ് യാത്രയുടെ ഈങ്ങാപ്പുഴയിൽ നടന്ന അവലോകന യോഗത്തിലാണ് അഴിമതിക്ക് എതിരേ പ്രമേയം പാസ്സാക്കിയത്. അശാസ്ത്രീയമായ രീതിയിൽ റീടാറിങ് നടത്തിയത് ഒട്ടേറേസ്ഥലങ്ങളിൽ പൊട്ടിപ്പൊളിഞ്ഞും വിണ്ടുകീറിയും അടർന്ന് പോയ രീതിയിലുമാണ് കാണുന്നത്.
ഇതിനെക്കുറിച്ച് പരാതിപ്പെട്ടപ്പോൾ കേടുവന്ന ഭാഗങ്ങളിൽ എന്തോ പശ ഒഴിച്ച് പാറപ്പൊടിയോ മറ്റോ ഇട്ട് തത്കാല പരിഹാരം നടത്തി തടിതപ്പുകയാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഒത്താശയില്ലാതെ ഇത്തരം തട്ടിക്കൂട്ട് പ്രവൃത്തി ചെയ്യാൻ സാധിക്കില്ല. സാധാരണക്കാരുടെ ജീവൻ പന്താടുന്ന രീതിയിലുള്ള പ്രവൃത്തി നിയന്ത്രിക്കണം. റോഡിൽ ആവശ്യമായ സിഗ്നൽ ബോർഡുകളും സീബ്രാലൈൻ പോലുള്ള സുരക്ഷാ അടയാളങ്ങളും എത്രയുംവേഗം ഏർപ്പെടുത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം വൈസ് പ്രസിഡന്റ് ടി.പി. അനന്തനാരായണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.എം. സജീവൻ അധ്യക്ഷനായി. പി.വി. സാബു, ഇ. അനിൽകുമാർ, ഐ. ശശി, കെ.കെ. ശ്രീധരൻ, എൻ.കെ. സന്തോഷ്, തുടങ്ങിയവർ സംസാരിച്ചു.