- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയപാത വികസനം: ആരാധനാലയങ്ങൾ മാറ്റിസ്ഥാപിക്കേണ്ടി വന്നാൽ ദൈവം ക്ഷമിക്കും; അലൈന്മെന്റ് മാറ്റേണ്ടെന്ന് ഹൈക്കോടതി; ഭൂമി ഏറ്റെടുക്കൽ വിഷയത്തിൽ അനാവശ്യമായി ഇടപെടില്ല; വിവിധ മേഖലകളുടെ വികസനവുമായി ബന്ധപ്പെട്ടതെന്നും കോടതി
കൊച്ചി: ആരാധനാലയങ്ങൾക്കായി ദേശീയ പാതയുടെ അലൈന്മെന്റ് മാറ്റേണ്ടതില്ലെന്ന് ഹൈക്കോടതി. വികസന പദ്ധതികൾക്കായുള്ള ദേശീയ പാതയുടെ സ്ഥലം ഏറ്റെടുക്കലിൽ ഇടപെടില്ല എന്നും കോടതി വ്യക്തമാക്കി.
ആർക്കും പ്രയാസമുണ്ടാക്കാതെ വികസന പദ്ധതി സാധ്യമാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കൊല്ലം ഉമയനെല്ലൂരിൽ ദേശീയപാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്നത് ചോദ്യം ചെയ്തുള്ള ഹർജി തള്ളിയാണ് കോടതി നിരീക്ഷണം.
ദേശീയ പാതയുടെ വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നത് ആരാധനാലയങ്ങളെ ബാധിച്ചാൽ അത് ദൈവം പൊറുത്തുകൊള്ളും. ദേശീയ പാതക്കായി ഭൂമി ഏറ്റെടുക്കുന്നത് ചോദ്യം ചെയ്തുകൊണ്ട് സമർപ്പിച്ച ഹർജികൾ തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ പ്രതികരണം. ജസ്റ്റിസ് ബി കുഞ്ഞികൃഷ്ണനാണ് ഹർജി പരിഗണിച്ചത്.
ഹർജിക്കാരേയും ഭൂമി ഏറ്റെടുക്കുന്ന അധികാരികളേയും വിധി എഴുതുന്ന ജഡ്ജിയേയും ദൈവം സംരക്ഷിച്ചുകൊള്ളും. ദൈവം എപ്പോഴും നമ്മുടെ ഒപ്പമുണ്ടാകുമെന്നും വിധി ന്യായത്തിൽ പറയുന്നു. രാജ്യപുരോഗതിക്ക് ദേശീയപാത ഒഴിച്ചുകൂടാനാകാത്തതായതിനാൽ സ്ഥലം ഏറ്റെടുക്കുന്നത് ഒഴിവാക്കാനാകില്ലെന്നും കോടതി പറഞ്ഞു.
കൊല്ലം ഉമയനെല്ലൂർ വില്ലേജിലൂടെ കടന്നുപോകുന്ന ദേശീയപാത 66-ന്റെ പുതുക്കിയ അലൈന്മെന്റിന് എതിരായിരുന്നു ഹൈക്കോടതിയിലെ ഹർജികൾ. ഒരു ആരാധാനാലയം സംരക്ഷിക്കാൻ 2008-ലെ അലൈന്റ്മെന്റ് പുതുക്കിയപ്പോൾ കൂടുതൽ വീടും ആരാധനാലയങ്ങളും നഷ്ടമാകുമെന്ന സ്ഥിതിയായെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചു.
ഈ ഹർജികൾ തള്ളി, ശ്രീകുമാരൻ തമ്പിയുടെ 'മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു' എന്ന വരികളുദ്ധരിച്ച് കോടതി ഇങ്ങനെ പറഞ്ഞു, ''ദൈവം സർവ്വവ്യാപിയാണ്. ദേശീയപാതയുടെ വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നത് ആരാധനാലയങ്ങളെ ബാധിച്ചാൽ അത് ദൈവം ക്ഷമിച്ചോളും. ഈ ഉത്തരവിറക്കുന്ന ജഡ്ജിയോടും, വിധി നടപ്പാക്കുന്ന അധികൃതരോടും ഹർജിക്കാരോടും''.
ദേശീയ പാതയുടെ അലൈന്മെന്റിൽ മാറ്റം വരുത്തണം, സ്ഥലമേറ്റെടുക്കൽ നടത്തരുത് തുടങ്ങിയ ആവശ്യങ്ങളായിരുന്നു ഹരജിക്കാർ കോടതിയിൽ ഉന്നയിച്ചത്.കുടുംബപരമായ സ്വത്തുക്കൾ മാത്രമല്ല, ആരാധനാലയങ്ങൾ കൂടി സ്ഥലമേറ്റെടുക്കുമ്പോൾ മാറ്റിസ്ഥാപിക്കേണ്ടി വരുമെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു.
എന്നാൽ ദേശീയ പാതകളുടെ വികസനം രാജ്യത്തിന്റെ വികസനത്തിന് അത്യാവശ്യമാണെന്നും ഇതുമായി ബന്ധപ്പെട്ട് ആരാധനാലയങ്ങൾ മാറ്റിസ്ഥാപിക്കേണ്ടി വന്നാൽ ദൈവം ക്ഷമിക്കുമെന്നും കോടതി പറഞ്ഞു.ഭൂമി ഏറ്റെടുക്കൽ വിഷയത്തിൽ അനാവശ്യമായി ഇടപെടില്ലെന്നും ദേശീയ പാത വികസനം വിവിധ മേഖലകളിലെ വികസനവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
കൊല്ലം ഉദയനല്ലൂർ സ്വദേശികളായ ബാലകൃഷ്ണ പിള്ള, എം ലളിതകുമാരി, എം ശ്രീലത തുടങ്ങിയവരായിരുന്നു ദേശീയ പാതക്കായി ഭൂമി ഏറ്റെടുക്കുന്നത് ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചത്.
രാജ്യത്തിന്റെ വികസനത്തിന് ദേശീയപാതയുടെ വികസനം ആവശ്യമാണ്. പൊതുതാൽപര്യത്തിന് വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പുമായി സ്ഥലമുടമകൾ സഹകരിക്കണമെന്നും കോടതി നിർദേശിച്ചു. ആർക്കും ബുദ്ധിമുട്ടുണ്ടാകാതെ വികസന പദ്ധതികൾ നടപ്പാക്കാനാകില്ല. ഇത്തരം ബുദ്ധിമുട്ടുകൾ വികസനത്തിന്റെ ഭാഗമാണെന്ന് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണൻ വിധിയിൽ വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ