- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയപാതയോരത്തെ നിർമ്മാണങ്ങൾക്കുള്ള ദൂരപരിധി ഇനി 7.5 മീറ്റർ; അഞ്ചു മീറ്ററിനും ഏഴു മീറ്ററിനും അകത്ത് ഉപാധികളോടെ മാത്രം നിർമ്മാണാനുമതി; നിബന്ധന കർശനമാക്കുമ്പോൾ വെട്ടിലാകുക പാതയോരങ്ങളിൽ താമസിക്കുന്നവരും വികസനത്തിനായി ഭൂമി വിട്ടു കൊടുക്കുന്നവരും; വരുന്നത് വൻ കുടിയിറക്കിന്റെ കാലമോ?
ഹരിപ്പാട്: കേരളം പോലെ ജനസാന്ദ്രതയിൽ മുന്നിലുള്ള സംസ്ഥാനത്ത് ദേശീയപാതാ വികസനം എന്നത് എന്നും വൻ വെല്ലുവിളിയുള്ള കാര്യമാണ്. ഭൂമി ഏറ്റെടുക്കൽ അടക്കം വളരെ ചെലവുള്ള കാര്യമാണ്. മാത്രമല്ല, ജനസാന്ദ്രതയിലെ വർധന കാരണം ശതകോടികൾ ചിലവുള്ള കാര്യമാണ് കേരളത്തിലെ ഭൂമി ഏറ്റെടുക്കലും മറ്റും. എന്നാൽ, ഇപ്പോൾ ദേശീയ പാതയോരങ്ങളിലെ നിർമ്മാണങ്ങൾക്ക് കർശന നിബന്ധ ഏർപ്പെടുത്താൻ ദേശീയപാതാ അതോരിറ്റി ഒരുങ്ങുമ്പോൾ അത് വൻ വെല്ലുവിളിയാണ് ഉയർത്തുന്നത്.
ദേശീയപാതയോരത്തു നിർമ്മാണം നടത്താനുള്ള കുറഞ്ഞ ദൂരപരിധി ഏഴരമീറ്ററാക്കി ഉയർത്തിക്കൊണ്ടാണ് ദേശീയപാത അഥോറിറ്റിയുടെ നിർദ്ദേശം. നിലവിൽ വീടുകൾക്കു ദേശീയപാതയിൽ നിന്നു മൂന്നു മീറ്ററും വാണിജ്യ നിർമ്മിതികൾക്ക് ആറു മീറ്ററുമായിരുന്നു അകലം വേണ്ടിയിരുന്നത്. ഇനി ഇത്തരം വേർതിരിവുണ്ടാകില്ല. പൊതുമരാമത്തുവകുപ്പിന്റെ ദേശീയപാത വിഭാഗത്തിന് ഇതുസംബന്ധിച്ച് അഥോറിറ്റിയുടെ നിർദ്ദേശം ലഭിച്ചു.
ദേശീയപാതയുടെ അതിർത്തിക്കല്ലിൽനിന്ന് അഞ്ചു മീറ്ററിനകത്ത് ഒരുതരത്തിലുള്ള നിർമ്മാണവും അനുവദിക്കില്ല. അഞ്ചു മുതൽ ഏഴര വരെ മീറ്റർ ഉപാധികളോടെ അനുമതി നൽകും. ഇതിനു ഭൂവുടമ ദേശീയപാത അഥോറിറ്റിക്കു സത്യവാങ്മൂലം നൽകണം. ബന്ധപ്പെട്ട ഭൂമി ഭാവിയിൽ ദേശീയപാത വികസനത്തിനുവേണ്ടി ഏറ്റെടുക്കേണ്ടിവന്നാൽ നഷ്ടപരിഹാരം ആവശ്യപ്പെടാതെ സ്വന്തം ചെലവിൽ കെട്ടിടം പൊളിച്ചു മാറ്റാമെന്നതാണു സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തേണ്ടത്.
പുതിയ തീരുമാനം ഏറ്റവും വെല്ലുവിളിയാകുക ദേശീയപാത വികസനത്തിനായി ഭൂമി വിട്ടുകൊടുക്കുന്നവർക്കാണ്യ ഏറ്റെടുക്കുന്ന ഭൂമിയിലെ വീടുപൊളിച്ചു നീക്കേണ്ടിവരുന്നവർ ബാക്കിഭൂമിയിൽ പുതിയവീടു നിർമ്മിക്കുമ്പോഴും ദൂരപരിധി വ്യവസ്ഥ പാലിക്കേണ്ടിവരുന്നതിനാലാണിത്. എന്നാൽ, ഭാഗികമായി പൊളിക്കുന്ന വീടുകൾക്കും വാണിജ്യകെട്ടിടങ്ങൾക്കും ഇതു ബാധകമല്ല. കെട്ടിടം സുരക്ഷിതമാണെന്നു പൊതുമരാമത്ത് വകുപ്പു സാക്ഷ്യപ്പെടുത്തിയാൽ തുടർന്നും ഉപയോഗിക്കാം.
ദേശീയപാത 66 ആറുവരിയിൽ പുനർനിർമ്മിക്കാനുള്ള ഭൂമിയേറ്റെടുക്കലും തുടർ പ്രവർത്തനങ്ങളും നടന്നുവരുകയാണ്. അതിനാൽ ആയിരക്കണക്കിനു കുടുംബങ്ങളെ ദൂരപരിധി ഉയർത്തൽ ബാധിക്കും. പലർക്കും സ്ഥലം വെറുതെയിടേണ്ടിവരും. ദേശീയപാതയ്ക്കായി ഏറ്റെടുത്തതിനുശേഷം അവശേഷിക്കുന്ന സ്ഥലത്തു ദൂരപരിധി പാലിച്ചു പുതിയവീടു നിർമ്മിക്കാൻ കഴിയാതെ വരുന്നവർക്കാണിത്. ഇങ്ങനെയുള്ളവരെ പുനരധിവസിപ്പിക്കേണ്ടതാണെങ്കിലും നിലവിൽ അതിനു തീരുമാനമില്ലെന്നാണു ബന്ധപ്പെട്ടവർ സൂചിപ്പിക്കുന്നത്.
നിബന്ധനകൾ കർശനമായി നടപ്പിലാക്കിയാൽ വീണ്ടുമൊരു കുടിയിറക്കിന്റെ കാലമാണോ വരുന്നത് എന്ന സംശയവും ശക്തമാണ്.
മറുനാടന് മലയാളി ബ്യൂറോ