മനാമ: രാജ്യത്തെ ഓരോരുത്തർക്കും ആരോഗ്യ സേവനം ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതിക്ക് 2018 ഓടെ നടപടിയാകും. രാജ്യത്തെ മുഴുവൻ സ്വദേശികൾക്കും വിദേശികൾക്കും ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിന് ഇൻഷുറൻസ് സമ്പ്രദായം 2018 മുതൽ നടപ്പാക്കിത്തുടങ്ങുമെന്ന് പ്രതിരോധ കാര്യ സ്റ്റേറ്റ് മന്ത്രിയും ആരോഗ്യ ഹൈകൗൺസിൽ ചെയർമാനുമായ ശൈഖ് മുഹമ്മദ് ബിൻഅബ്ദുല്ല ആൽഖലീഫ വ്യക്തമാക്കി.

ലോക ബാങ്കുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയുടെഅന്തിമ റിപ്പോർട്ട് 2ി015 ആദ്യ പാദത്തിൽ ലഭിക്കും. അതിന് ശേഷം പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടപ്പിൽ വരുത്തും.ഘട്ടം ഘട്ടമായി നടപ്പാക്കുന്ന പദ്ധതിയിൽ പൊതുസ്വകാര്യ മേഖലയിലെ ആശുപത്രികൾക്ക് പങ്ക് വഹിക്കാനുണ്ടാകും.

ദേശീയ ആരോഗ്യ പരിരക്ഷാ പദ്ധതി നടപ്പാക്കുന്നതിന് ഹൈകൗൺസിൽ ഫോർ ഹെൽത് നേരത്തെ തന്നെ നടപടികൾ സ്വീകരിച്ചിരുന്നു.
ആരോഗ്യ മേഖലയിലെ ചെലവ് നിയന്ത്രിക്കുന്നതിനുള്ള ആലോചനകൾക്കൊടുവിലാണ് ലോക ബാങ്കുമായി സഹകരിച്ച് ഇക്കാര്യത്തിൽ പദ്ധതി തയാറാക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ ഏതാനുംദിവസങ്ങളായി ലോക ബാങ്ക് പ്രതിനിധികൾ രാജ്യം സന്ദർശിക്കുകയും ഇക്കാര്യത്തിൽ ആവശ്യമായ പഠനം നടത്തുകയൂം ചെയ്തിട്ടുണ്ട്.

രാജ്യത്തെ സാമ്പത്തിക വളർച്ചയിൽ സുപ്രധാന പങ്ക് വഹിക്കുന്ന മേഖലയിൽ ആരോഗ്യ സേവന സ്ഥാപനങ്ങളുമുണ്ട്. പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി വരുന്നതോടെ ഇവരുടെ വളർച്ചയും ഉറപ്പാക്കാൻ സാധിക്കുമെന്ന്അദ്ദേഹം വ്യക്തമാക്കി.