- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്നലെ രാജ്യത്ത് മരിച്ചത് 3979 പേർ; മഹാരാഷ്ട്രയിൽ 57,640ഉം കർണ്ണാടകയിൽ 50112ഉം കേരളത്തിൽ 41,953ഉം പ്രതിദിന രോഗികൾ; കാശ്മീർ മുതൽ കന്യാകുമാരി വരെ രോഗ വ്യാപനം തീവ്രം; ഓക്സിജനും മരുന്നുകളും ക്ഷാമത്തിലേക്ക്; ലോകത്തെ മൊത്തം കോവിഡ് കേസുകളുടെ പകുതിക്കടുത്ത് ഇന്ത്യയിൽ; വൈറസിനെ പിടിച്ചുകെട്ടാൻ ദേശീയ ലോക്ഡൗൺ ഉടൻ വന്നേക്കും
ന്യൂഡൽഹി: കോവിഡ് ബാധിച്ച് ഇന്നലെ മരിച്ചത് 3979 പേരാണ്. രാജ്യത്ത് കാര്യങ്ങൾ കൈവിട്ടു പോകുന്നുവെന്ന സൂചനയുമായി ഇന്നലെ റിപ്പോർട്ട് ചെയ്തത് 4,12,373 പേർക്കാണ്. മഹാരാഷ്ട്രയിൽ 57,640ഉം കർണ്ണാടകയിൽ 50112ഉം കേരളത്തിൽ 41,953ഉം. ഈ മൂന്ന് സംസ്ഥാനങ്ങളും ആശങ്കയുടെ നിഴലിൽ. അതുകൊണ്ട് തന്നെ പ്രതിസന്ധിയെ പിടിച്ചു കെട്ടാൻ വീണ്ടും ദേശീയ ലോക്ഡൗൺ വന്നേക്കും. സമ്പൂർണ ലോക്ഡൗൺ ഇല്ലെന്നു കേന്ദ്രം പറയുമ്പോഴും കോവിഡ് വ്യാപനത്തെ നേരിടാൻ മറ്റു മാർഗമില്ലെന്ന അവസ്ഥയിലാണു സംസ്ഥാനങ്ങൾ. ഇത് കേന്ദ്രവും ഗൗരവത്തോടെ പരിഗണിക്കും.
സമ്പൂർണ്ണ അടച്ചിടലാകും കേന്ദ്രം പ്രഖ്യാപിക്കുക. ലോക്ഡൗൺ ഉൾപ്പെടെ സാധ്യതകൾ ചർച്ചയിലുണ്ടെന്നു നിതി ആയോഗ് അംഗവും ദേശീയ കോവിഡ് വിദഗ്ധ സമിതി അധ്യക്ഷനുമായ ഡോ. വി.കെ. പോൾ പറഞ്ഞു. ഓരോ സാഹചര്യത്തിലും കൂടുതൽ നടപടികൾ ആവശ്യമെങ്കിൽ സ്വീകരിക്കും. കോവിഡ് നിയന്ത്രണത്തിന് സംസ്ഥാനങ്ങൾക്കു പൊതുനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. മൃഗങ്ങളിൽ നിന്നു വൈറസ് വ്യാപനം ഉണ്ടാകുന്നില്ല. മനുഷ്യരിൽ നിന്നു മനുഷ്യരിലേക്കാണ് വ്യാപനം. ഡോ. പോൾ ആവർത്തിച്ചു. ആന്ധ്രയിൽ കണ്ടെത്തിയ എൻ440കെ വൈറസ് വകഭേദം പെട്ടെന്നു തന്നെ ഇല്ലാതായെന്നത് ആശ്വാസമാണ്. എന്നാൽ മറ്റ് വകഭേദങ്ങൾ പ്രതിസന്ധി തന്നെയാണ്. അതിവേഗം വ്യാപിക്കുകയും മാറ്റങ്ങൾക്കു വിധേയമാകുകയും ചെയ്യുന്ന വൈറസ് വകഭേദങ്ങൾക്ക് അനുസൃതമായി വാക്സീനുകൾ പുതുക്കേണ്ടതുണ്ടെന്ന് കേന്ദ്ര സർക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് കെ. വിജയരാഘവൻ പറഞ്ഞു.
നിലവിൽ വാക്സീനുകൾ ഫലപ്രദമാണ്. ഇന്ത്യയിൽ ഇരട്ട മാറ്റത്തിനു വിധേയമായ വകഭേദം ഇപ്പോഴത്തെ വൈറസ് വ്യാപനത്തിനു പ്രധാന കാരണമാകാം. അശ്രദ്ധയോടെയുള്ള പെരുമാറ്റവും രണ്ടാം വ്യാപനത്തിനു കാരണമായി. കേരളമുൾപ്പെടെയുള്ള മിക്ക സംസ്ഥാനങ്ങളും പൂർണഭാഗിക ലോക്ഡൗണുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇതുകൊണ്ട് രോഗത്തെ പിടിച്ചു കെട്ടാൻ കഴിയില്ല. ഡൽഹി മുതൽ കേരളം വരെ വ്യാപനം രൂക്ഷമാണ്. അതുകൊണ്ട് തന്നെ അടച്ചിടലിലൂടെ മാത്രമേ വൈറസിനെ പിടിച്ചു കെട്ടാനാകൂ. ഇല്ലാത്ത പക്ഷം രാജ്യത്തെ ആരോഗ്യ സംവിധാനം പോലും വലിയ പ്രതിസന്ധിയിലാകും. കോവിഡ് വാക്സിൻ ഉൽപാദനം വേഗത്തിലാക്കേണ്ടതുമുണ്ട്.
കഴിഞ്ഞ ഒരാഴ്ചയായി ലോകത്തെ മൊത്തം കോവിഡ് കേസുകളുടെ പകുതിക്കടുത്ത് ഇന്ത്യയിലാണ് റിപ്പോർട്ട് ചെയ്യുന്നതെന്ന് ലോകാരോഗ്യ സംഘടന. ലോകത്തെ മൊത്തം കോവിഡ് കേസുകളിൽ 46 ശതമാനവും ഇന്ത്യയിൽനിന്നാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ആഗോളതലത്തിലുള്ള കോവിഡ് മരണങ്ങളുടെ 25 ശതമാനവും ഇന്ത്യയിൽ നിന്നാണ് വരുന്നതെന്നതാണ് വസ്തുത. ബുധനാഴ്ച രാവിലത്തെ കണക്ക് അനുസരിച്ച് ഇന്ത്യയിൽ 24 മണിക്കൂറിനിടെ 3,780 കോവിഡ് മരണങ്ങളാണ് ഉണ്ടായത്. ഇന്നലെ രാത്രിയിലെ കണക്ക് വന്നപ്പോൾ ഇത് വീണ്ടും കൂടി. പ്രതിദിന രോഗ ബാധയുടെ കണക്കിലും വ്യത്യാസം വന്നു.
തുടർച്ചയായ 14ാം ദിവസമാണ് ഇന്ത്യയിലെ പ്രതിദിന രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടക്കുന്നത്. ആവശ്യത്തിന് ഓക്സിജനും കിടക്കകളുമില്ലാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് രോഗികൾ നരകയാതന അനുഭവിക്കുന്നതിന്റെ റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ശ്മശാനങ്ങളുടെ വെളിയിൽ മൃതദേഹങ്ങളുമായി ബന്ധുക്കൾ കാത്തുനിൽക്കുന്നതിന്റെ ദൃശ്യങ്ങളും നൊമ്പരക്കാഴ്ചയാകുകയാണ്. ഇത് ഇനിയും ഗുരുതരമായി മാറും.
മഹാരാഷ്ട്രയിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് ബാധിച്ച് മരിച്ചത് 920 പേരാണ്. രോഗം ബാധിച്ച് ഒരു ദിവസം മരണപ്പെടുന്ന ഏറ്റവും ഉയർന്ന കണക്കാണിത്. 57,640 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഇതിൽ 3,882 പേർ മുംബൈയിലാണ്. ഇവിടെ 24 മണിക്കൂറിൽ 77 പേർ മരിക്കുകയും ചെയ്തു. പുനെയിൽ 9,084 പുതിയ കേസുകളും 93 മരണവും റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ നിലവിൽ 6.41 ലക്ഷം രോഗബാധിതരാണു ചികിത്സയിലുള്ളത്.
കർണാടകയിൽ ആദ്യമായി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 50,000 കടന്നു. തലസ്ഥാനമായ ബംഗളൂരുവിലാണ് ഇതിൽ പകുതിയും. ആകെ കേസുകൾ 17.4 ലക്ഷത്തിലേക്ക് ഉയർന്നു. 346 പുതിയ മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 16,884 ആയി. കേരളവും പ്രതിസന്ധിയിലാണ്.
മറുനാടന് മലയാളി ബ്യൂറോ