മെൽബൺ: രാജ്യത്തെ മിനിമം വേജ് വർധിപ്പിച്ചുകൊണ്ട് ഫെയർ വർക്ക് കമ്മീഷൻ ഉത്തരവായി. ഇനി മുതൽ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്ക് മണിക്കൂറിൽ 17.70 ഡോളർ മിനിമം വേജ് ആയി ലഭിക്കും. നിലവിൽ 17.29 ഡോളർ ആണ് 2.4 ശതമാനം ഉയർത്തി 17.70 ഡോളർ ആക്കിയത്.

മിനിമം വേജ് ഉയർത്തിയതോടെ ആഴ്ചയിൽ 672.70 ഡോളർ ആയിരിക്കും ഇനി മുതൽ വേതനമായി ലഭിക്കുക. ഇതോടെ വേതനത്തിൽ ആഴ്ചയിൽ 15.80 ഡോളറിന്റെ വർധനയാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്തെ 1.8 മില്യണിലധികം തൊഴിലാളികൾക്ക് ജൂലൈ ഒന്നു മുതൽ പുതിയ വേതനം ലഭിച്ചു തുടങ്ങും.

രാജ്യത്തിന്റെ സമ്പദ് ഘടന കരുത്തു പ്രാപിച്ചതിനെ തുടർന്നാണ് കുറഞ്ഞ വേതനക്കാർക്ക് മിനിമം വേജ് താരതമ്യേന മെച്ചപ്പെട്ട രീതിയിൽ വർധിക്കാൻ സാധിച്ചതെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. അതേസമയം ലേബർ മാർക്കറ്റിൽ മുൻ വർഷത്തെക്കാൾ കടുത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. നാണ്യപ്പെരുപ്പവും വേജ് ഗ്രോത്തും ചരിത്രത്തിലെ താഴ്ന്ന നിലയിൽ ആണെന്നാണ് വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ പത്തു വർഷമായി താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളുടെ അവസ്ഥ മോശമായി തന്നെ തുടരുകയാണെന്നും ഒട്ടേറെപ്പേർ ദാരിദ്ര്യരേഖയ്ക്കു താഴെ ജീവിക്കുന്നുണ്ടെന്നും കമ്മീഷൻ എടുത്തുപറഞ്ഞു. കഴിഞ്ഞ വർഷം മിനിമം വേജിൽ 2.5 ശതമാനം വർധനയാണ് കമ്മീഷൻ നടത്തിയത്. അതേസമയം മിനിമം വേജ് മണിക്കൂറിൽ 18.07 ഡോളർ ആയി ഉയർത്തണമെന്നതായിരുന്നു ഓസ്‌ട്രേലിയൻ കൗൺസിൽ ഓഫ് ട്രേഡ് യൂണിയന്റെ ആവശ്യം.