അമൃതപുരി: അമൃതാനന്ദമയി മഠം യുവജനവിഭാഗമായ അയുധിന്റെ നേതൃത്വത്തിൽദേശീയ യുവജനദിനവും വിവേകനന്ദജയന്തിയാഘോഷവും സംഘടിപ്പിച്ചു. അമൃതപുരികാമ്പസിൽ നടന്ന യുവജനാഘോഷത്തിൽ വിശിഷ്ടാതിഥിയായ യുവ മാദ്ധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ഹെന്ദോൾ സെൻ ഗുപ്ത മുഖ്യ പ്രഭാഷണം നടത്തി. ഹെന്ദോളിന്റെ വിവേകാനന്ദനെകുറിച്ചുള്ള പുതിയ ഗ്രന്ഥമായ 'ദി മോഡേൺ മങ്ക്'ചടങ്ങിൽ പ്രദർശിപ്പിച്ചു. വിവേകാനന്ദ സ്വാമിയുടെ ചരിത്ര പ്രസിദ്ധമായ ഷിക്കാഗോ പ്രസംഗത്തിന്റെ ശബ്ദരേഖയോടു കൂടിയാണ് ചടങ്ങ് ആരംഭിച്ചത്.

ശാസ്ത്രീയമായി തെളിയിക്കാൻ കഴിയാത്ത മതതത്വങ്ങൾ നിലനിൽക്കില്ലെന്നുള്ള വിവേകാനന്ദ ഭാഷ്യത്തിന് ഈ വർത്തമാനകാലത്ത് ഏറെ പ്രസക്തിയുണ്ടെന്ന് ഹെന്ദോൾ സെൻ ഗുപ്ത തന്റെ പ്രഭാഷണത്തിൽ പറഞ്ഞു. തുടർന്ന് നടന്ന വിശദമായ സംവാദത്തിൽ ഭാരതീയ സംസ്‌കാരത്തെയും അതിന്റെ മഹത്തായ പൈതൃകത്തെക്കുറിച്ചു മുള്ള വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ടു. ഭാരതത്തിലെ ചില ഉൾനാടൻ പ്രദേശങ്ങളിൽ ഇന്നും മതത്തിന്റെയും ജാതിയുടെയും പേരിൽ അസമത്വങ്ങൾ നിലനില്ക്കുന്നുണ്ടെന്നും ആ മനോഭാവം മാറേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം തന്റെ പ്രഭാഷണത്തിൽ ഊന്നിപ്പറഞ്ഞു.

അമൃത വിശ്വവിദ്യാപീഠം അസോസിയേറ്റ് ഡീൻ ഡോ ബാലകൃഷ്ണ ശങ്കർ ആമുഖ പ്രസംഗം നടത്തി. അമൃതപുരി അയുധ് സ്റ്റുഡന്റ് ലീഡർ നിതിൻ ദിലീപ് നന്ദി പ്രകാശനം നടത്തി.തുടർന്ന് കാമ്പസിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും മത്സരങ്ങളും നടന്നു. ദേശീയതലത്തിൽ ആയുധ് സംഘടിപ്പിക്കുന്ന ആശയാവിഷ്‌കാർ മത്സരമായ 'ഫോർ മിനുട്ട്‌സ് ഫോർ ഇന്ത്യ' കൂടുതൽ പങ്കാളിത്തം ഉണ്ടാവായി സൃഷ്ടികൾ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 12 ആക്കിയതായി സംഘാടകർ അറിയിച്ചു.