റിയാദ്: സ്വദേശി വത്കരണം ശക്തമാകുന്ന സൗദിയിൽ മലയാളികൾ ഉൾപ്പടെയുള്ള പ്രവാസികൾക്ക് വീണ്ടും തിരിച്ചടി. 12 മേഖലകളിൽ വ്യാപിക്കുന്ന സ്വദേശിവത്കരണത്തിന്റെ രണ്ടാം ഘട്ടം ഇന്ന് മുതൽ ആരംഭിക്കുമെന്ന് സൗദി ഭരണകൂടം അറിയിച്ചിരിക്കുകയാണ്. ഇതോടെ മലയാളികൾ അടങ്ങുന്ന ആയിരക്കണക്കിനാളുകൾ ജോലി നഷ്ടമാകുമോ എന്ന ആശങ്കയിലാണ്.

ഇലക്ട്രിക്, ഇലക്ട്രോണിക്സ് ഷോപ്പുകൾ, കണ്ണട, വാച്ച് വിൽപ്പന മേഖലകളിൽ 70 ശതമാനം സ്വദേശിവത്കരണം നടത്തണമെന്ന് തൊഴിൽ സാമൂഹിക മന്ത്രാലയം നിർദ്ദേശം നൽകിയിരുന്നു. നൂറു ശതമാനം നിതാഖാത്ത് നടപ്പിലാക്കണമെന്ന് നിർദ്ദേശം ഉണ്ടായിരുന്നെങ്കിലും പിന്നിട് ഇത് 70 ആയി ചുരുക്കുകയാണ് ചെയ്തത്.

ഇലക്ട്രോണിക്‌സ് ഉൽപന്നങ്ങളുടെ കടകളിൽ ജോലി ചെയ്യുന്നവരെയും ഇത്തരം സ്ഥാപനങ്ങൾ നടത്തുന്ന പ്രവാസികളെയും നിതാഖാത് ബാധിക്കും. ഈ മേഖലകളിലെ മൊത്ത, ചില്ലറ വ്യാപാര സ്ഥാപനങ്ങൾക്കെല്ലാം പുതിയ തീരുമാനം ബാധകമായിരിക്കും. 2019 ജനുവരി ഏഴിനാണു മൂന്നാം ഘട്ടം നിതാഖാത് നടപ്പാക്കുക.

സ്പെയർ പാർട്സ്, കെട്ടിട നിർമ്മാണ സാമഗ്രികൾ, മെഡിക്കൽ ഉപകരണങ്ങൾ, കാർപെറ്റ്, ചോക്ലേറ്റ്-പലഹാരങ്ങൾ എന്നിവ വിൽക്കുന്ന കടകളെയാണു മൂന്നാംഘട്ടം നിതാഖാത് ബാധിക്കുക. നിതാഖാത് പ്രഖ്യാപിച്ചിട്ടുള്ള മേഖലകളിൽ ഏറെയും ജോലി ചെയ്യുന്നത് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരാണ്.

മൂന്നാംഘട്ട സ്വദേശിവൽക്കരണം കൂടി നടപ്പാക്കുന്നതോടെ മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിനു പ്രവാസികൾക്കു ജോലി നഷ്ടമാകുമെന്നാണ് ആശങ്ക. 12 മേഖലകളിൽ സ്വദേശിവൽക്കരണം നടപ്പാക്കുമെന്നു കഴിഞ്ഞ ജനുവരിയിലാണു പ്രഖ്യാപിച്ചത്. ആദ്യഘട്ടം സെപ്റ്റംബർ -11 ന് പ്രാബല്യത്തിൽ വന്നിരുന്നു. കാർ, ഇരുചക്രവാഹനങ്ങൾ, കുട്ടികൾക്കും പുരുഷന്മാർക്കുമുള്ള റെഡിമെയ്ഡ് വസ്ത്രങ്ങൾ, ഓഫീസ് ഫർണിച്ചർ, പാത്രക്കടകൾ എന്നീ നാലു മേഖലകളിലാണ് ആദ്യഘട്ടത്തിൽ സ്വദേശിവൽകരണം നടപ്പിലാക്കിയത്.