കൊച്ചി: സ്വദേശിവത്കരണം സൗദിയിൽ ശക്തമായി പിടിമുറുക്കുന്നു എന്ന വാർത്ത മലയാളികൾ അടക്കം ആയിരക്കണക്കിന് പ്രവാസികളെ ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്. പഴം -പച്ചക്കറി മേഖലയിലും സ്വദേശിവത്കരണം നടത്താനുള്ള ശ്രമത്തിലാണ് സൗദി അധികൃതർ. ഇതിനായുള്ള നിയമം ജനുവരി ഏഴ് മുതൽ തൊഴിൽ മന്ത്രാലയം രാജ്യത്ത് പ്രാബല്യത്തിൽ കൊണ്ടുവരുമെന്നാണ് സൂചന. ജിദ്ദ നഗരത്തിൽ താത്കാലികമായി തുടങ്ങിയ നിതാഖാത് (സ്വദേശിവത്കരണം) വിജയകരമായ പശ്ചാത്തലത്തിലാണ് രാജ്യമെങ്ങും ഈ നിയമം കർശനമാക്കാൻ ശ്രമം തുടങ്ങിയത്.

രാജ്യത്തെ പഴം-പച്ചക്കറി മേഖലയിലെ മൊത്ത, ചില്ലറ വിൽപ്പന കേന്ദ്രങ്ങളിലെല്ലാം പുതിയ നിയമം ബാധകമാകും. ഇതോടെ അടുത്ത വർഷമാദ്യത്തോടെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് മലയാളികളടക്കമുള്ള പ്രവാസികൾക്ക് തൊഴിൽ നഷ്ടമാകും.

ജിദ്ദയിലെ പഴം-പച്ചക്കറി മാർക്കറ്റുകളിൽ സ്വദേശിവത്കരണം 80 ശതമാനത്തിലേറെ പൂർത്തിയായ സാഹചര്യത്തിലാണ് അധികൃതർ നിയമം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്. മാർക്കറ്റിലെ കച്ചവടസ്ഥാപനങ്ങൾക്കുപുറമേ വിവിധ കമ്പനികൾ, റിസോർട്ടുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലെയും പഴം-പച്ചക്കറി വിതരണ സ്ഥാപനങ്ങളിൽ നിതാഖാത് ശക്തമായി നടപ്പാക്കാനാണ് ആലോചിക്കുന്നത്. ചില്ലറവ്യാപാര മേഖലയിൽകൂടി നിതാഖാത് ശക്തമാകുന്നതോടെ കൂടുതൽ സ്വദേശികൾക്ക് തൊഴിൽ ലഭ്യമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

ഇലക്ട്രോണിക് ഉപകരണങ്ങൾ, വാച്ച്, കണ്ണട, ഇലക്ട്രിക് ഉപകരണങ്ങൾ തുടങ്ങിയ ഷോപ്പുകളിൽ രണ്ടാംഘട്ട നിതാഖാത് നവംബറിൽ തുടങ്ങിയിരുന്നു. ആദ്യഘട്ടം സെപ്റ്റംബറിലാണ് നടപ്പാക്കിയത്. സൗദിയിലെ വ്യാപാരമേഖലയിൽ ഇപ്പോൾ ജോലിചെയ്യുന്നവരിൽ 65 ശതമാനത്തോളം പേർ വിദേശികളാണെന്നാണ് കണക്ക്. 12.30 ലക്ഷം വിദേശികളാണ് സൗദിയിലെ വ്യാപാരമേഖലയിൽ ജോലിചെയ്യുന്നത്.