ജിദ്ദ: സൗദിയിൽ സ്വദേശീവത്ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി 20-ലധികം തൊഴിൽ മേഖലകൾ കൂടി സ്വദേശീവത്ക്കരിക്കാൻ മന്ത്രാലയം ഒരുങ്ങുന്നു. ട്രാവൽ-ടൂറിസം, ഹോട്ടൽ ഇൻഡസ്ട്രി, പെട്രോ കെമിക്കൽസ്, കാർപെൻട്രി, പ്ലംബിങ് മേഖലകളിലാണ് സ്വദേശീവത്ക്കരിക്കാൻ അധികൃതർ തയ്യാറെടുക്കുന്നത്.

സൗദി സ്വദേശികൾക്കിടയിൽ അനുഭവപ്പെടുന്ന തൊഴിലില്ലായ്മ പരിഹരിക്കാനാണ് രാജ്യം സ്വദേശീ വത്ക്കരണം ശക്തമാക്കുന്നത്. ഇതിന് ആവശ്യമായ ട്രെയിനിംഗും മറ്റും ടെക്‌നിക്കൽ ആൻഡ് വൊക്കേഷണൽ ട്രെയ്‌നിങ് കോർപറേഷൻ (ടിവിടിസി) സ്വദേശികൾക്ക് നൽകിവരുന്നുണ്ട്. നിലവിൽ 81 ശതമാനം തൊഴിലുകളും വിദേശികൾ കൈയടക്കിവച്ചിരിക്കുകയാണ്. ടെക്‌നിക്കൽ, പ്രൊഫഷണൽ മേഖലകളിലുള്ള ഒട്ടുമിക്ക തൊഴിലുകളിലും പ്രവാസികളുടെ ആധിപത്യമാണ് നിറഞ്ഞുനിൽക്കുന്നത്. ഈ സാഹചര്യത്തിന് മാറ്റമുണ്ടാകാനാണ് സ്വദേശികൾക്ക് പരിശീലനം നൽകി ഇവരെ കൂടുതൽ തൊഴിൽ മേഖലകളിലേക്ക് കൊണ്ടുവരുന്നതെന്ന് ടിവിടിസി ഗവർണർ അല് അൽഖഫീസ് വ്യക്തമാക്കി.

സൗദി പുരുഷന്മാരുടെ ഇടയിൽ 11.7 ശതമാനം എന്ന നിരക്കിൽ തൊഴിലില്ലായ്മ നിലനിൽക്കുന്നുണ്ട്. ആറു ലക്ഷത്തിലധികം പേർ തൊഴിൽ അന്വേഷകരായി നിൽക്കുന്നുമുണ്ട്. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ ലേബർ മിനിസ്ട്രിയും ഹ്യൂമൻ റിസോഴ്‌സ് ഡവലപ്‌മെന്റ് ഫണ്ടും ചേർന്ന് ഏഴു ലക്ഷത്തിലധികം സൗദി സ്വദേശികൾക്ക് തൊഴിൽ നേടിക്കൊടുത്തിട്ടുണ്ടെന്ന് അധികൃതർ വെളിപ്പെടുത്തുന്നു.