റിയാദ് : സൗദിയിൽ സ്വദേശിവത്കരണം ശക്തമാവുന്നതിന്റെ ഭാഗമായി ഗ്രോസറികളിലും സൗദി പൗരന്മാർക്ക് ജോലി നൽകാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. രാജ്യത്തെ ഗ്രോസറികളിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് പ്രവാസികൾക്ക് ഇത് വൻ തിരിച്ചടിയാകും. സർക്കാർ നീക്കം നടപ്പായാൽ മലയാളികൾ ഉൾപ്പെടെ 1,60,000 വിദേശികൾക്കാണ് ജോലി നഷ്ടപ്പെടുന്നത്.

ഈ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾ വർഷം 600 കോടി റിയാൽ (ഏകദേശം 11,400 കോടി രൂപ) ആണ് അതതു നാടുകളിലേക്ക് അയയ്ക്കുന്നത്. ഈ പണം സൗദിയിൽ നിന്നു പുറത്തുപോകാതെ തടയാമെന്നും മേഖലയിൽ 35,000 സൗദി സ്വദേശികൾക്കെങ്കിലും ഉടൻ ജോലി നൽകാമെന്നുമാണ് അധികൃതരുടെ കണക്കുകൂട്ടൽ. ഇതിനു മുന്നോടിയായി ഗ്രോസറി ജോലികളിൽ സൗദിക്കാർക്കു പരിശീലനവും ആരംഭിച്ചു.