തൃശൂർ: സൗഹൃദ സംഭാഷണം മുതലാക്കി ആദ്യം സെറ്റിൽമെന്റ്. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട സുഹൃത്ത് കൂടുതൽ തുക വാങ്ങി നൽകാമെന്ന് പറഞ്ഞപ്പോൾ സംഭാഷണം ആയച്ചു നൽകി സഹകരണം. പണം വാങ്ങാൻ കൂട്ടുകാരിയെയും വിളിച്ചുവരുത്തി. ഒടുവിൽ ചെന്നുപെട്ടത് പൊലീസ് ഒരുക്കിയ കെണിയിൽ.'ഇരയും' കൂട്ടാളിയും ഇരുമ്പഴിക്കുള്ളിൽ.

തൃശൂർ നഗരത്തിൽ പ്രവർത്തിച്ചുവരുന്ന സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ഹണി ട്രാപ്പിൽപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഭവത്തിന്റെ പിന്നാമ്പുറത്ത് നടന്നത് മികച്ച ആസൂത്രണമെന്നും അറസ്റ്റിലായ യുവതികളിൽ ഒരാൾ ഇത്തരത്തിൽ മുമ്പ് പണം കൈപ്പറ്റിതായി സൂചന ലഭിച്ചെന്നും പൊലീസ് അറിയിച്ചു.

മണ്ണുത്തി കറപ്പം വീട്ടിൽ നൗഫിയ ( 27), കായംകുളം സ്വദേശിനി നിസ (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഡോക്ടർ അയച്ച വാട്‌സാപ്പ് സന്ദേശങ്ങൾ തങ്ങളെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് വരുത്തി തീർത്ത് ഇയാളിൽ നിന്ന് പണം തട്ടാനുള്ള ശ്രമമായിരുന്നു അറസ്റ്റിലായ യുവതികളും സംഘത്തിലുൾപ്പെട്ട പ്രവാസി മലയാളിയും ചേർന്ന് നടത്തിയതെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.

കേസ് നൽകാതിരിക്കണമെങ്കിൽ മൂന്നു ലക്ഷം രൂപ നൽകണമെന്നാവശ്യപ്പെടുകായിരുന്നു സംഭവത്തിന്റെ സൂത്രധാരൻ എന്ന് കരുതപ്പെടുന്ന പ്രവാസി മലയാളി ഇന്റർനെറ്റ് കോളിലൂടെ ആവശ്യപ്പെട്ടത്. ഇതിന് വേണ്ടി പലതവണ വാട്‌സാപ്പ് കാൾ വഴിയും ചാറ്റ് വഴിയും ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതോടെ ഡോക്ടർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

തുടർന്ന് വെസ്റ്റ് പൊലീസ് നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് യുവതികൾ കുടുങ്ങിയത്.രണ്ട് പേരും കൂടി ആസൂത്രണം ചെയ്താണ് ഡോക്ടറിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായതോടെ ഇരുവരെയും അറസ്റ്റുചെയ്യുകയായിരുന്നു.സി.പി വി.കെ.രാജുവിന്റെ നേതൃത്വത്തിൽ എസ്‌ഐ.കെ.സി.ബൈജു,സിനീയർ സി.പി.ഒ മാരായ ഷൈജ,പ്രിയ, സി.പി.ഒ ഷിനോജ് എന്നിവരുടെ നേതൃത്വത്തിലാണ് യുവതികളെ പിടികൂടിയത്.

ഇതിൽ നൗഫിയ ഡോക്ടറുടെ അടുത്ത് ചികത്സയ്ക്ക് എത്തിയിരുന്നു. തുടർന്ന് ഇരുവരും നല്ല സൗഹൃദത്തിലായിരുന്നു. ഇടയ്ക്ക് വാട്സാപ്പ് ചാറ്റുകളും നടന്നു.അടുപ്പം കൂടിയപ്പോൾ ഡോക്ടറുടെ ഭാഗത്തുനിന്നും ഉണ്ടായ 'തുറന്നു പറച്ചിലുകൾ ' അടങ്ങിയ വോയിസ് മെസേജുകളും നൗഫിയയുടെ ഫോണിലേയ്ക്ക് പ്രവഹിച്ചു.

ഈ മെസേജുകൾ ആയുധമാക്കി നൗഫിയ മുൻപ് ഡോക്ടറിൽ നിന്നും ഭേദപ്പെട്ട തുക വസൂലാക്കിയെന്നും ഇതെ മെസേജുകൾ പ്രയോജനപ്പെടുത്തി കൂടുതൽ പണം ഉണ്ടാക്കുന്നതിനുള്ള നീക്കമാണ് ഇപ്പോൾ ഗൾഫിൽ ജോലി ചെയ്യുന്ന സുഹൃത്തുവഴി നടത്തിയതെന്നുമാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.

നൗഫിയയുടെ ഉമ്മ ഗൾഫിൽ ജോലി ചെയ്യുകയാണ്. ബന്ധുവിനൊപ്പമാണ് താമസം. മോദിങ് രംഗത്ത് പ്രവർത്തിക്കുന്നു എന്നാണ് ഉറ്റവരെ അറിയിച്ചിരുന്നത്.സാമൂഹിക മാധ്യമ പ്രൊഫൈലുകളിലും ഇത് ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഫോട്ടോ ഷൂട്ട് ഉണ്ടെന്നും മറ്റും പറഞ്ഞ് വീട്ടിൽ നിന്നറങ്ങിയാൽ രണ്ടും മൂന്നും ദിവസമൊക്കെ കഴിഞ്ഞാണ് നൗഫിയ വീട്ടിൽ മടങ്ങി എത്തിയിരുന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.

ബംഗ്ലൂരുവിൽ ഫിറ്റനസ് ട്രെയിനറായി പ്രവർത്തിച്ചുവരികയാണെന്നും പ്രവാസി യുവാവ്, ഡോക്ടറിൽ നിന്നും പണം വാങ്ങണമെന്നും പറഞ്ഞ് തന്നെ പറഞ്ഞയയ്ക്കുകയായിരുന്നെന്നുമാണ് നിസ ആദ്യം പൊലീസിൽ വെളിപ്പെടുത്തിയത്. പണം നൽകാമെന്ന് പറഞ്ഞ് ഡോക്ടറുടെ വാട്സാപ്പ് വഴി പൊലീസ് മെസേജ് അയച്ചിരുന്നു.ഇതുപ്രാകാരം പണം കൈപ്പറ്റാൻ എത്തിയപ്പോഴാണ് നിസ പിടിയിലാവുന്നത്.

സ്റ്റേഷനിൽ എത്തിച്ച് വവിരങ്ങൾ ശേഖരിച്ച് വരുന്നതിനിടെയാണ് നൗഫിയയുടെ കോൾ നിസയുടെ ഫോണിലേയ്ക്ക് എത്തുന്നത്.സ്പീക്കർ ഫോണിലിട്ട് നിസയോട് കോൾ അറ്റന്റ് ചെയ്യാൻ പൊലീസ് നിർദ്ദേശിച്ചു.3 ലക്ഷലുമായി മുങ്ങരുതെന്നും ഉടൻ തമ്മിൽ കാണണമെന്നും നൗഫിയ പറയുന്നത് കേട്ടപ്പോൾ കാര്യങ്ങളുടെ കിടപ്പുവശം ഏറെക്കുറെ പൊലീസിന് വ്യക്തമായി.

പിന്നെ നൗഫിയയെ വലയിലാക്കാൻ പൊലീസ് കർമ്മ പദ്ധതി തയ്യാറാക്കി.പൊലീസ് നിർദ്ദേശ പ്രകാരം നിസ ,നൗഫിയയെ മൊബൈലിൽ വിളിച്ച് കൂടിക്കാഴ്ചയ്ക്ക് സമയവും സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങളും കൈമാറി.ഇതുപ്രകാരം കൃത്യസമയത്ത് കൂടിക്കാഴ്ച കേന്ദ്രത്തിലെത്തിയ നൗഫിയയെ കാത്തുനിന്ന വനിത പൊലീസ് കയ്യോടെ പൊക്കി.തുടർന്ന വിവരശേഖരണത്തിൽ ഇവർ മൂവരും ചേർന്ന പണം തട്ടുന്നതിന് തയ്യാറാക്കിയ മാസ്്റ്റർ പ്ലാൻ പൊലീസിന് ബോദ്ധ്യപ്പെടുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.