- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടികൾ വിലയുള്ള ഭൂമി 30 ലക്ഷം രൂപയ്ക്ക് നവാബ് മാലിക് സ്വന്തമാക്കിയത് അധോലോകത്തിന്റെ കരുത്തിൽ; ദാവൂദുമായി നേരിട്ട് ബന്ധമുള്ള മഹാരാഷ്ട്രാ മന്ത്രി; ചോട്ടാ ഷക്കീലുമായും സൗഹൃദം; വാങ്കഡെയെ പൊളിക്കാനിറങ്ങിയ നവാബ് മാലിക്കിനെ അകത്താക്കി ഇഡി മാജിക്; ഇത് കേന്ദ്ര പ്രതികാരമോ?
മുംബൈ: കേന്ദ്ര ഏജൻസികളെ വെട്ടിലാക്കിയ വെളിപ്പെടുത്തലുകൾ നടത്തിയ നവാബ് മാലിക്. മഹാരാഷ്ട്രയിലെ ഓരോ ഇടപാടിലും കേന്ദ്രത്തെ വിമർശിക്കാൻ മാലിക്കുണ്ടായിരുന്നു. ഷാരൂഖ് ഖാന്റെ മകന് വേണ്ടി നിരവധി വാദങ്ങൾ ഉയർത്തി. തെളിവുകൾ പുറത്തു വിട്ടു. എല്ലാവരും ഉയർത്തിക്കാട്ടിയ നർക്കോട്ടിക് ഉദ്യോഗസ്ഥനെതിരെ നിയമ പോരാട്ടം നടത്തി. ചിത്രങ്ങൾ പുറത്തുവിട്ടു. ഒടുവിൽ മാലിക്കിനെ കേന്ദ്ര ഏജൻസി പൊക്കി. ജയിലിൽ അടച്ചു. ദാവൂദ് ഇബ്രാഹിമുമായുള്ള അടുപ്പത്തിന്റെ ആരോപണ നിഴലിലാണ് അറസ്റ്റ്.
അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമും കൂട്ടാളികളും ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എൻസിപി നേതാവും മഹാരാഷ്ട്ര ന്യൂനപക്ഷ വകുപ്പ് മന്ത്രിയുമായ നവാബ് മാലിക്കിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നിൽ രാഷ്ട്രീയ പ്രതികാരമാണെന്ന് എൻസിപി പറയുന്നു. വിവാദങ്ങളിൽ നിന്ന് വിവാദങ്ങളിലേക്ക് സഞ്ചരിച്ച മന്ത്രിയാണ് മാലിക്. നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) മുൻ സോണൽ ഡയറക്ടർ സമീർ വാങ്കഡെയുടെ പിതാവ് ധ്യാൻദേവ് വാങ്കഡെ നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ എൻസിപി നേതാവും മന്ത്രിയുമായ നവാബ് മാലിക്കിന് ബോംബെ ഹൈക്കോടതി കാരണം കാണിക്കൽ നോട്ടിസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
തന്റെ കുടുംബത്തിനെതിരെ അപകീർത്തികരമായ പരസ്യ പ്രസ്താവനകളും സമൂഹമാധ്യമ പോസ്റ്റുകളും നടത്തില്ലെന്ന് നേരത്തെ കോടതിയിൽ നൽകിയ ഉറപ്പ് മാലിക് ലംഘിച്ചുവെന്നു ആരോപിച്ചാണ് ധ്യാൻദേവ് ഹൈക്കോടതിയെ സമീപിച്ചത്. എൻസിപി ദേശീയ വക്താവായ നവാബ് നെഹ്റു നഗറിൽ നിന്ന് തുടർച്ചയായി മൂന്ന് തവണ (1996, 1999, 2004) സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചു. 2009ൽ പുതിയ മണ്ഡലമായ അനുശക്തി നഗറിൽ എത്തിയപ്പോഴും ജയിച്ചു. ഇതിനെല്ലാം പിന്നിൽ ദാവൂദുണ്ടെന്ന ആരോപണമാണ് ഇഡി സജീവമാക്കുന്നത്.
അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി കള്ളപ്പണ ഇടപാട് നടത്തിയെന്ന് ആരോപിച്ചാണ് നവാബ് മാലിക്കിനെ അറസ്റ്റ് ചെയ്തത്. 1993 ലെ സ്ഫോടന പരമ്പര കേസ് പ്രതി കൂടെയായ ദാവൂദുമായി ഭൂമി ഇടപാട് നടത്തിയെന്നും ഇഡി ആരോപിച്ചു. ദാവൂദിന്റെ സഹായി ഇബ്രാഹിം സർദാർ ഷഹ്വാലിയുമായും സഹോദരി ഹസീന പാർക്കറുടെ ബോഡിഗാർഡുമായും നവാബ് നടത്തിയ ഇടപാടുകൾ ഇഡിയുടെ നിരീക്ഷണത്തിലായിരുന്നു.
കോടികൾ വിലയുള്ള ഭൂമി 30 ലക്ഷം രൂപയ്ക്ക് നവാബ് മാലിക് സ്വന്തമാക്കിയിരുന്നതായി പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ആരോപിച്ചിരുന്നു. സർദാർ ഷാഹ്വാലി, സലീം പട്ടേൽ എന്നിവരുമായാണ് നവാബ് മാലിക് ഭൂമി ഇടപാട് നടത്തിയതെന്നുമായിരുന്നു ഫഡ്നാവിസിന്റെ ആരോപണം. ദാവൂദ് ഇബ്രാഹിം, സഹായികളായ ചോട്ടാ ഷക്കീൽ, പർക്കർ, ഇക്ബാൽ മിർച്ചി എന്നിവർക്കെതിരെയാണ് കള്ളപണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റർ ചെയ്തത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ നവാബ് മാലിക്കിനും പങ്കുള്ളതായി കണ്ടെത്തി. സമീർ വാങ്കഡെയും നവാബ് മാലിക്കും തമ്മിലുള്ള അങ്കം സംസ്ഥാനത്ത് കുറച്ചുനാളായി ഉയർന്നുകേൾക്കുന്ന ഒന്നാണ്. സിനിമാക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് വാങ്കഡെയുടെ ലക്ഷ്യമെന്നാണ് മാലിക്കിന്റെ ആരോപണം. വാങ്കഡെയുടെ ദുബായ്, മാലദ്വീപ് സന്ദർശനങ്ങൾ ഇതിനുവേണ്ടിയായിരുന്നെന്നും ആരോപിച്ചു. ഒരു വർഷത്തിനുള്ളിൽ വാങ്കഡെയുടെ ജോലി നഷ്ടപ്പെടുമെന്ന് ഉറപ്പാണെന്നും പറഞ്ഞു. ഇതിന് പിന്നാലെ കേന്ദ്ര ഏജൻസികളുടെ കണ്ണിലെ കരടായി നവാബ് മാലിക്.
അടുത്തിടെ, കേസുമായി ബന്ധപ്പെട്ട് ഇഡി ഒന്നിലധികം റെയ്ഡുകൾ നടത്തുകയും ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇഖ്ബാൽ കസ്കറിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. നവാബ് മാലിക് വാങ്ങിയ സ്വത്തുമായി ബന്ധപ്പെട്ട ചില തെളിവുകൾ അന്വേഷണത്തിൽ പുറത്തുവന്നിട്ടുണ്ടെന്നും ഇഡി വൃത്തങ്ങൾ അറിയിച്ചു. ബുധനാഴ്ച കാലത്ത് മാലിക്കിന്റെ വസതിയിൽ ഇഡിയെത്തി ചോദ്യം ചെയ്യുകയായിരുന്നു. രാവിലെ ആറ് മണിയോടെ മാലിക്കിന്റെ വസതിയിൽ എത്തിയ ഇഡി ഉദ്യോഗസ്ഥർ ഒരു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. തുടർന്ന് ഓഫിസിലേക്ക് വിളിച്ചു വരുത്തി അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമായിരുന്നു അറസറ്റ്.
ബിജെപി നേതാക്കളും എൻസിബിയും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടെന്നും ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാനെ വ്യാജ റെയ്ഡിന്റെ പേരിൽ കുരുക്കാനാണ് എൻസിബി ശ്രമിക്കുന്നതെന്നും മാലിക് നേരത്തേ ആരോപിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ