പട്യാല: 34 വർഷം മുമ്പ് റോഡിലെ അടിപിടിയിൽ ഒരാൾ കൊല്ലപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ട കോൺഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദു പട്യാല സെൻട്രൽ ജയിലിൽ. 241383-ാം നമ്പർ തടവുകാരനായി ഇന്നലെ താമസിച്ചത് ജയിലിലെ പത്താം നമ്പർ ബാരക്കിലാണ്. കൊലപാതകക്കേസിൽ പ്രതികളായ എട്ടുപേരാണ് സിദ്ദുവിന്റെ സെല്ലിലുള്ളത്. സിമന്റ് കട്ടിലിലാണ് അദ്ദേഹം കിടന്നുറങ്ങിയത്.

മെഡിക്കൽ പരിശോധനകൾക്ക് ശേഷമാണ് സിദ്ദുവിനെ പട്യാല സെൻട്രൽ ജയിലിലേക്കയച്ചത്. അടിപിടിയിൽ ഗുർണാം സിങ് എന്നയാൾ കൊല്ലപ്പെട്ട കേസിൽ സുപ്രീംകോടതി വ്യാഴാഴ്ച സിദ്ദുവിനെ ഒരു വർഷം തടവിന് ശിക്ഷിച്ചിരുന്നു.

തന്റെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി കീഴടങ്ങാൻ കൂടുതൽ സമയം വേണമെന്നാവശ്യപ്പെട്ട് സിദ്ദു മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്വി മുഖേന സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹർജി അടിയന്തിരമായി പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് വിസമ്മതിച്ചു. ഇതിനെ തുടർന്നാണ് സിദ്ദു പട്യാല സെഷൻസ് കോടതിയിലെത്തി കീഴടങ്ങിയത്.

വെള്ളിയാഴ്ച രാത്രിയിലെ അത്താഴം സിദ്ദു ജയിലിൽ കഴിച്ചില്ല. മരുന്ന് മാത്രമാണ് കഴിച്ചത് . രാത്രി 7.15ന് ചപ്പാത്തിയും പരിപ്പ് കറിയും നൽകിയെങ്കിലും ആരോഗ്യപരമായ കാരണങ്ങളാൽ അത് കഴിക്കാൻ തയ്യാറായില്ല. പഴങ്ങളും പച്ചക്കറി സാലഡുമാണ് അദ്ദേഹം കഴിച്ചത്. ഏറെക്കാലമായി സിദ്ദു ചപ്പാത്തി കഴിക്കാറില്ലെന്ന് അദ്ദേഹത്തിന്റെ മാധ്യമ ഉപദേശകനായ സുരീന്ദർ ദല്ല പറഞ്ഞു.

സിദ്ദുവിനായി പ്രത്യേക ഭക്ഷണമൊന്നും ഒരുക്കിയിട്ടില്ല. ഡോക്ടർമാർ നിർദേശിക്കുകയാണെങ്കിൽ കാന്റീനിൽ നിന്ന് വേണ്ട ഭക്ഷണം ലഭ്യമാക്കും. അല്ലെങ്കിൽ സ്വയം പാകം ചെയ്തു കഴിക്കാമെന്നും ജയിൽ അധികൃതർ വ്യക്തമാക്കി.

നാല് സെറ്റ് വെള്ള കുർത്ത-പൈജാമ, ഒരു കസേര-മേശ, ഒരു അലമാര, രണ്ട് തലപ്പാവ്, ഒരു പുതപ്പ്, ഒരു കിടക്ക, മൂന്ന് സെറ്റ് അടിവസ്ത്രങ്ങൾ, ഒരു ബനിയൻ, രണ്ട് ടവ്വലുകൾ, ഒരു കൊതുകുവല, ഒരു കോപ്പിയും പേനയും, ഒരു ജോഡി ഷൂസ്, രണ്ട് ബെഡ് കവറുകൾ, രണ്ട് തലയണ കവറുകൾ എന്നിവയാണ് സിദ്ദുവിന് ഇന്നലെ ജയിലിൽനിന്ന് കൊടുത്ത വസ്തുക്കൾ.

കഠിന തടവാണ് സിദ്ദുവിന് വിധിച്ചിരിക്കുന്നത്. അതിനാൽ ജയിൽ ചട്ടങ്ങൾ കർശനമായി പാലിക്കേണ്ടി വരും. ആദ്യ മൂന്ന് മാസം തൊഴിൽ ട്രെയിനിങ് നൽകും. ഈ സമയത്ത് ഒരു വേതനവും ലഭിക്കില്ല. ഇതിന് ശേഷം പ്രതിദിനം 40 രൂപയും തൊഴിലിൽ വൈദഗ്ധ്യം കാണിക്കുകയാണെങ്കിൽ പ്രതിദിനം 60 രൂപയും ലഭിക്കും

34 വർഷം മുമ്പ് റോഡിൽ വാഹനം പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കത്തിൽ ഗുർണാം സിങ് (65) എന്ന വ്യക്തി കൊല്ലപ്പെട്ട കേസിൽ സുപ്രിംകോടതി കഴിഞ്ഞ ദിവസമാണ് സിദ്ദുവിനെ ഒരു വർഷം കഠിന തടവിന് ശിക്ഷിച്ചത്. ആരോഗ്യസ്ഥിതി മോശമായതിനാൽ കീഴടങ്ങാൻ കൂടുതൽ സമയം ആവശ്യപ്പെട്ടെങ്കിലും ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിക്കാൻ വിസമ്മതിച്ചു. തുടർന്നാണ് സിദ്ദു പട്യാല കോടതിയിലെത്തി കീഴടങ്ങിയത്.

നേരത്തെ പഞ്ചാബ്, ഹരിയാന ഹൈക്കോടതി സിദ്ദുവിന് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. 2018ൽ ഇത് 1000രൂപ പിഴയിലൊതുക്കി സുപ്രീംകോടതി ഉത്തരവിട്ടു. തുടർന്ന് ഗുർണാം സിംഗിന്റെ ബന്ധുക്കൾ നൽകിയ പുനഃപരിശോധനാ ഹർജിയിലാണ് സുപ്രീംകോടതി 1000 രൂപ പിഴയോടൊപ്പം ഒരു വർഷം തടവ് ശിക്ഷ വിധിച്ചത്.