- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഉദ്യോഗസ്ഥന്റെ വീട്ടിലെ നായയെ കുളിപ്പിക്കാൻ വിസമ്മതിച്ച ഗൺമാനെ സസ്പെൻഡ് ചെയ്തു എസ് പി; ആളില്ലാത്ത സമയം വീട്ടിൽ കയറിയെന്ന പേരിൽ സസ്പെൻഷൻ; സസ്പെൻഷൻ റദ്ദാക്കി അന്ന് തന്നെ തിരിച്ചെടുത്ത് ഐജിയുടെ ഇടപെടൽ; ദാസ്യപ്പണി ചെയ്യിച്ച നവനീത് ശർമയെ തിരുത്തി അനൂപ് കുരുവിള ജോൺ
തിരുവനന്തപുരം: കേരളാ പൊലീസിൽ വീണ്ടും ദാസ്യവേലാ വിവാദം. വീട്ടിലെ നായയെ കുളിപ്പിക്കാത്തതിന് എസ് പി സസ്പെൻഡ് ചെയ്ത പൊലീസുകാരനെ അന്നു തന്നെ തിരിച്ചെടുത്ത് ഐജി. ടെലികമ്യൂണിക്കേഷൻസ് എസ് പി നവനീത് ശർമയുടെ നടപടിയാണ് ഐ.ജി അനൂപ് കുരുവിള ജോൺ ഇടപെട്ടു തിരിത്തിയത്. തന്റെ ഗൺമാനെയായിരുന്നു എസ്പി സസ്പെൻഡ് ചെയ്തത്. ആളില്ലാത്ത സമയം വീട്ടിൽ കയറിയെന്ന പേരിലായിരുന്നു സസ്പെൻഷൻ.
എന്നാൽ, വീട്ടിലെനായയെ കുളിപ്പിക്കാത്തതായിരുന്നു യഥാർത്ഥ കാരണമെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇത് പൊലീസുകാർക്കിടയിൽ പ്രതിഷേധമെന്ന നിലയിലേക്ക് മാറുമെന്ന് അവസ്ഥയും വന്നു. ഇതോടെയാണ് ഐജിയും വിഷയത്തിൽ ഇടപെട്ടിരിക്കുന്നത്. ഇന്നലെ രാവിലെ സസ്പെൻഡ് ചെയ്ത പൊലീസുകാരനെ മണിക്കൂറുകൾക്കുളിൽ ഐജി തിരിച്ചെടുക്കുകയായിരുന്നു. പൊലീസുകാരനെ എസ്പിയുടെ ഗൺമാൻ സ്ഥാനത്ത് നിന്നും തിരികെ വിളിക്കുകയും ചെയ്തു.
എസ്പിയുടെ ഇതര സംസ്ഥാനക്കാരനായ ജോലിക്കാരൻ ആകാശിനെ ക്വാർട്ടേഴ്സിൽ വിളിച്ച് എസ്പിയുടെ വളർത്തു നായ്ക്കളെ കുളിപ്പിക്കാനും മലമൂത്ര വിസർജ്യം മാറ്റാനും ആവശ്യപ്പെട്ടത് നിഷേധിച്ചതിനെ തുടർന്നാണ് സസ്പെൻഡ് ചെയ്തതെന്ന് ആരോപണമുണ്ട്. പൊലീസ് ക്വാർട്ടേഴ്സിലാണ് എസ്പി താമസിക്കുന്നത്. ടെലികമ്മ്യൂണിക്കേഷൻ, എആർ വിഭാഗത്തിൽനിന്നായി രണ്ടു ഗൺമാന്മാർ എസ്പിക്കൊപ്പമുണ്ട്. ഞായറാഴ്ച എസ്പിയുടെ ജോലിക്കാരൻ ആകാശിനെ ക്വാർട്ടേഴ്സിലേക്കു വിളിപ്പിച്ചു. പട്ടിയുടെ വിസർജ്യം കോരാൻ പറഞ്ഞപ്പോൾ അതു തന്റെ ജോലിയല്ലെന്നു പറഞ്ഞ് ആകാശ് ഗൺമാന്മാരുടെ റെസ്റ്റ് റൂമിൽ ഇരുന്നു.
ഇതിനുശേഷം എസ്പി ടെലികമ്മ്യൂണിക്കേഷൻ ആസ്ഥാനത്തെ എസ്ഐയോട് പ്രകാശിനെതിരെ ഒരു സ്പെഷൽ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടതായി പൊലീസുകാർ പറയുന്നു. വീട്ടിൽ അതിക്രമിച്ചു കയറി ഉപകരണങ്ങൾ നശിപ്പിച്ചു എന്നെഴുതാനായിരുന്നു നിർദ്ദേശം. എസ്ഐയെ കൊണ്ട് നിർബന്ധപൂർവം എഴുതി വാങ്ങിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആകാശിനെ സസ്പെൻഡ് ചെയ്തതെന്നും പൊലീസുകാർ ആരോപിക്കുന്നു.
അസോസിയേഷൻ നേതാക്കൾ വിഷയം ഡിജിപിയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന്, സസ്പെൻഷൻ പിൻവലിച്ച് മാതൃ യൂണിറ്റായ തിരുവനന്തപുരം സിറ്റിയിലേക്കു ആകാശിനെ മാറ്റാൻ ഡിജിപി ഐജിക്കു നിർദ്ദേശം നൽകുകയായിരുന്നു. നേരത്തെ ഡിജിപി സുദേഷ് കുമാറും സമാനമായ വിവാദത്തിൽ ചെന്നു ചാടിയിരുന്നു. പൊലീസുകാരെ കൊണ്ട് അടിമപ്പണി എടുക്കുകയും വിസമ്മതിച്ച പൊലീസുകാരനെ ഉദ്യോഗസ്ഥന്റെ മകൾ മർദ്ദിക്കുകയും ചെയ്തത് വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. ഈ കേസ് ഇപ്പോഴും നിലനില്ക്കുന്നതാണ് കേരളാ പൊലീസ് മേധവി പദവിയിലേക്ക് എത്തുന്നതിന് അടക്കം സുദേഷിനെ വെല്ലുവിളിയായി മാറിയത്.
ഇത്തരം സംഭവങ്ങൾക്കെതിരെ സാധാരണ പൊലീസുകാരിൽ കടുത്ത എതിർപ്പ് ഉയരുമ്പോഴാണ് വീണ്ടും ദാസ്യവേലാ വിവാദം ഉണ്ടാകുന്നതും. നേരത്തെ കണ്ണൂർ ജില്ലാ പൊലീസ് മേധാവിയുടെ ജോലിയെ ചെയ്തിട്ടുള്ള വ്യക്തിയാണ് നവനീത് ശർമ്മ. ഉത്തർപ്രദേശിലെ ഗസ്സിയാബാദ് സ്വദേശിയായ നവനീത് ശർമ്മ 2014 ബാച്ച് ഐപിഎസ് ഓഫീസറാണ്. ഡൽഹിയിലെ മൗലാന ആസാദ് മെഡിക്കൽ കോളേജിൽനിന്ന് എംബിബിഎസ് നേടിയശേഷം സിവിൽ സർവീസ് രംഗത്തേക്കു തിരിയുകയായിരുന്നു. 2013ൽ റെയിൽവേ സർവീസിൽ നിയമനം ലഭിച്ചു. അടുത്തവർഷം വീണ്ടുമെഴുതി ഐപിഎസ് നേടുകയും ചെയ്തു.
അട്ടപ്പാടി എഎസ്പിയായും തൃശൂരിൽ ഇന്ത്യാ റിസർവ് ബറ്റാലിയൻ കമാൻഡന്റായും പ്രവർത്തിച്ചു. കോവിഡ് കാലത്ത് കണ്ണൂരിൽ സ്പെഷ്യൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. സുശീൽ ശർമയുടെയും സൂസി ശർമയുടെയും മകനാണ്. ഭാര്യ അസ്ത സ്നേഹ റെയിൽവേ ഡിവിഷനൽ എഞ്ചിനീയറാണ്.