പനച്ചിക്കാട്: പനച്ചിക്കാട് ദക്ഷിണമൂകാംബിക ക്ഷേത്രത്തിൽ നവരാത്രി കലാപരിപാടികൾ ഇക്കുറി 12 ദിവസം ഉണ്ടാകും.അപേക്ഷകൾ അഭൂതപൂർവമായി വർദ്ധിച്ചതാണ് കാരണം. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണത്തെ നവരാത്രി മഹോത്സവത്തിൽ രണ്ടു ദിവസംകൂടി കലാകാരന്മാർക്ക് കലാ ഉപാസന നടത്തുന്നതിന് അവസരമാണ് ഒരുക്കിയിരിക്കുന്നത്.

2017 സെപ്റ്റംബർ 21 മുതൽ ആരംഭിച്ച് സെപ്റ്റംബർ 30 വിജയദശമിയോടുകൂടി സമാപിക്കുമെങ്കിലും കലോപാസകരുടെ വർദ്ധനവ് കണക്കിലെടുത്ത് ഉപാസനക്കുള്ള സൗകര്യം ഒക്ടോബർ 1, 2(ഏകാദശി, ദ്വാദശി) തീയതികളിൽക്കൂടിയാണ് സൗകര്യപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബർ 28 ദുർഗാഷ്ടമി ദിവസം വിശിഷ്ട ഗ്രന്ഥങ്ങൾ വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്രയും ഗ്രന്ഥം എഴുന്നള്ളത്തും പൂജവെയ്‌പ്പും നടക്കും. സെപ്റ്റംബർ 29നാണ് മഹാനവമിദർശനം. സെപ്റ്റംബർ 30 വിജയദശമി ദിനത്തിൽ രാവിലെ 4ന് പൂജയെടുപ്പോടെ വിദ്യാരംഭത്തിന് തുടക്കമാകും.

നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് കലാമണ്ഡപത്തിൽ രാപ്പകൽഭേദമെന്യേ വിവിധ കലാപരിപാടികൾ അരങ്ങേറുന്നതോടൊപ്പം ദേശിയ സംഗീത നൃത്തോത്സവവും നടക്കും.
നവരാത്രികാലത്തിന് ശേഷവും ഇനി മുതൽ എല്ലാ ഞായറാഴിച്ചകളിലും വെളുത്തപക്ഷ നവമിക്കും കലാപരിപാടികൾ അവതരിപ്പിക്കാൻ അവസരം ലഭിക്കുമെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു.ഞായറാഴിച്ചകളിലും വെളുത്തപക്ഷ നവമിക്കും കലാപരിപാടികൾ അവതരിപ്പിക്കാൻ താല്പര്യമുള്ളവർക്ക് സെപ്റ്റംബർ 21 മുതൽ ദേവസ്വം ഓഫിസിൽ അപേക്ഷ സമർപ്പിക്കാം .അപേക്ഷാ ഫോം പനച്ചിക്കാട് ദേവസ്വം ഒഫിഷ്യൽ പോർട്ടലായ panachickad.org ൽ ലഭ്യമാണ്.