ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജിവച്ചു. പനാമ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട കേസിൽ ഷെരീഫ് കുറ്റക്കാരനാണെന്ന് പാക് സുപ്രീം കോടതി കണ്ടെത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് രാജി.തൊണ്ണൂറുകളിൽ പ്രധാനമന്ത്രിയായിരിക്കെ ഷെരീഫും കുടുംബാംഗങ്ങളും വിദേശത്ത് അനധികൃതമായി സമ്പാദിച്ച സ്വത്തുവിവരങ്ങളാണ് പാനമരേഖകളിലൂടെ പുറത്തുവന്നത്. മൊസാക് ഫൊൻസെക എന്ന സ്ഥാപനം വഴി ഷെരീഫിന്റെ മക്കളായ മറിയം, ഹസൻ, ഹുസൈൻ എന്നിവർ ലണ്ടനിൽ വസ്തുവകകൾ വാങ്ങിയെന്നാണ് ആരോപണം.

ഷെരീഫ് കുറ്റക്കാരനാണെന്നുകണ്ടെത്തിയതിനെത്തുടർന്ന് പാക്കിസ്ഥാൻ ഉപതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടിവന്നേക്കും. സൈനികനേതൃത്വം ഈ അവസരം ഉപയോഗപ്പെടുത്തി സ്വാധീനം ഉറപ്പിക്കുമോ എന്ന ആശങ്കയുമുണ്ട്.പാക് സുപ്രീം കോടതിയിലെ അഞ്ചംഗ ബഞ്ച് ഐകകണ്ഠമായാണ് ഷെരീഫിനെതിരായ വിധി പ്രസ്താവിച്ചത്. വിധി മാനിച്ച് ഷെരീഫ് പ്രധാനമന്ത്രിപദം ഒഴിയുന്നതായി തൊട്ടുപിന്നാലെ അദ്ദേഹത്തിന്റെ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു. സത്യസന്ധനായ പാർലമെന്റ് അംഗമായി തുടരാൻ നവാസ് ഷെരീഫിന് യോഗ്യതയില്ലെന്ന് സുപ്രീം കോടതി ജഡ്ജി ഇജാസ് അഫ്സൽ ഖാൻ വിധിന്യായത്തിൽ വ്യക്തമാക്കി.

നവാസ് ഷെരീഫിനെതിരായ വിധി സുപ്രീം കോടതി പ്രഖ്യാപിക്കുന്ന സാഹചര്യത്തിൽ രാജ്യതലസ്ഥാനമായ ഇസ്ലാമാബാദിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ആയിരക്കണക്കിന് സൈനികരെയും പൊലീസുകാരെയുമാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നത്. മൂന്നാം തവണ പ്രധാനമന്ത്രി പദത്തിലെത്തിയപ്പോഴാണ് വിദേശത്തെ അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച പനാമ വെളിപ്പെടുത്തലുകൾ ഷെരീഫിന് വിനയാകുന്നത്. പ്രധാനമന്ത്രിപദത്തിൽ ഒരുവർഷംകൂടി തികയ്ക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ പാക്കിസ്ഥാന്റെ ചരിത്രത്തിൽ കാലാവധി പൂർത്തിയാക്കുന്ന ആദ്യ പ്രധാനമന്ത്രിയായി നവാസ് ഷെരീഫ് മാറുമായിരുന്നു. പാക്കിസ്ഥാനിലെ പട്ടാള ഭരണാധികാരികളല്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രധാനമന്ത്രിയും അഞ്ചുവർഷം പൂർത്തിയാക്കിയിട്ടില്ല.