- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് ബാധിച്ചു മരണമടഞ്ഞ പ്രവാസിയുടെ കുടുംബത്തിന് നവയുഗത്തിന്റെ കൈത്താങ്ങ്
ദമ്മാം/തിരുവനന്തപുരം: കോവിഡ് ബാധിച്ചു മരണമടഞ്ഞ നവയുഗം സാംസ്കാരികവേദി അൽഹസ്സ ശോബാ യൂണീറ്റ് മെമ്പറായ ബൈജു കുമാറിന്റെ കുടുംബത്തിനുള്ള നവയുഗത്തിന്റെ സഹായധനം കൈമാറി.
തിരുവനന്തപുരം ചെമ്പഴന്തിയിൽ ഉള്ള ബൈജു കുമാറിന്റെ വീട്ടിൽ നടന്ന ചടങ്ങിൽ വെച്ച്, നിയമസഭ ചീഫ് വിപ്പ് കെ രാജൻ എംഎൽഎ ബൈജുകുമാറിന്റെ ഭാര്യ അർച്ചന എസ് നായർക്ക് നവയുഗത്തിന്റെ കുടുംബസഹായധനം കൈമാറി.
നവയുഗം കേന്ദ്രകമ്മിറ്റി ജോയിന്റ് സെക്രട്ടറി ശ്രീകുമാർ വെള്ളല്ലൂർ, നവയുഗം കേരള ഘടകം സെക്രട്ടറി കെ. ആർ. അജിത്, ടിറ്റോ ജോയിക്കുട്ടി, സി. പി. ഐ. കഴക്കൂട്ടം മണ്ഡലം കമ്മിറ്റി സെക്രട്ടറി ചന്തവിള മധു, ശ്രീകാര്യം ലോക്കൽ കമ്മിറ്റി അംഗം ഗാന്ധിപുരം ബഷീർ, ചെമ്പഴന്തി ബ്രാഞ്ച് സെക്രട്ടറി എം. രാജേഷ് , കഴക്കൂട്ടം ലോക്കൽ കമ്മിറ്റി അംഗം ശ്രീകുമാർ, പി. മഹാദേവൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അൽ ഹസ്സയിൽ പതിന്നാലു വർഷത്തോളമായി പ്ലംബർ ആയി ജോലി നോക്കി വരികയായിരുന്ന, നവയുഗത്തിന്റെ സജീവപ്രവർത്തകനായിരുന്ന ബൈജുകുമാർ (48 വയസ്സ്), ജൂലൈ മാസത്തിലാണ് കോവിഡ് രോഗബാധിതനായത്. പനി വന്ന് ശരീരം തളർന്ന് റൂമിൽ ബോധമില്ലാതെ കിടന്ന ബൈജുവിനെ, നവയുഗം പ്രവർത്തകരാണ് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് പരിശോധനയിൽ കോവിഡ് സ്ഥിതീകരിക്കുകയായിരുന്നു. 28 ദിവസങ്ങളോളം മുബാറസ് ബിൻജ്ജലവി ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ ആയിരുന്ന അദ്ദേഹം, ഓഗസ്റ്റ് ഏഴിന് പുലർച്ചേ 2.20 ന് മരണത്തിനു കീഴടങ്ങുകയായിരുന്നു. നവയുഗം അൽഹസ്സ മേഖല പ്രസിഡന്റ് ഉണ്ണി മാധവന്റെ നേതൃത്വത്തിൽ നവയുഗം ജീവകാരുണ്യവിഭാഗം, നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം ഇവിടെത്തന്നെ മറവു ചെയ്യുകയായിരുന്നു.
ബൈജു കുമാറിന്റെ നിര്യാണത്തോടെ ഭാര്യയായ അർച്ചന എ നായരും, മക്കളായ വൈഷ്ണവി , വൈഷ്ണ എന്നിവരും ഉൾപ്പെടുന്ന കുടുംബം പ്രതിസന്ധിയിലായി. അവരെ സഹായിക്കാനായി നവയുഗം കേന്ദ്രകമ്മിറ്റി തീരുമാനപ്രകാരമാണ് കുടുംബസഹായ ഫണ്ട് സ്വരൂപിച്ചത്.