ദമ്മാം: ജോലി ചെയ്തിരുന്ന കമ്പനിയിൽ ഉണ്ടായ ചില പ്രശ്‌നങ്ങളെത്തുടർന്ന് ക്രിമിനൽ കേസിൽ അകപ്പെട്ട ഉത്തരപ്രദേശുകാരനായ തൊഴിലാളി, നവയുഗം സാംസ്കാരികവേദി ജീവകാരുണ്യപ്രവർത്തകരുടെ സഹായത്തോടെ നിയമ പ്രശ്‌നങ്ങൾ തരണം ചെയ്തു നാട്ടിലേയ്ക്ക് മടങ്ങി.

ഒരു പ്രമുഖ ഫുഡ് ചെയിൻ കമ്പനിയുടെ തുഗ്ബയിൽ ഉള്ള കടയിൽ രണ്ടു വർഷമായി ജോലി നോക്കി വരികയായിരുന്നു ഉത്തരപ്രദേശ് ബറേലി സ്വദേശിയായ ജാവേദ് അഹമ്മദ്. ആ കമ്പനി ബ്രാഞ്ചിൽ മാനേജരായ ഈജിപ്ഷ്യൻ പൗരൻ ജോലി സംബന്ധമായി മാനേജർ അനാവശ്യമായി വഴക്കു പറയുന്നത് മൂലം ഉണ്ടായ അഭിപ്രായവ്യത്യാസങ്ങളാണ് പ്രശ്‌നങ്ങൾക്കൊക്കെ തുടക്കമായത്. മാനേജരോടുള്ള ദേഷ്യം തീർക്കാൻ അല്പം കടന്ന കൈയാണ് ജാവേദ് പ്രയോഗിച്ചത്. ആ കടയിൽ ഭക്ഷണസാധനങ്ങൾ ഉണ്ടാക്കാൻ കാലാവധി കഴിഞ്ഞതും കേടായതുമായ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നു എന്ന് കാണിച്ചു കൊണ്ട് ഒരു വീഡിയോ ഉണ്ടാക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ജോലി ചെയ്യുന്ന സ്ഥാപനത്തിനെതിരെ പ്രവർത്തിക്കുന്നത് സൗദിയിൽ നിയമപരമായി വലിയൊരു തെറ്റാണ് എന്ന് മനസ്സിലാക്കാതെയായിരുന്നു ഈ സാഹസം.

ഈ വിവരം മനസ്സിലാക്കിയ മാനേജർ ജാവേദിനെ താമസസ്ഥലത്തു ചെന്ന് പൊതിരെ തല്ലി. മർദ്ദനത്തിൽ രക്തം വാർന്ന ജാവേദ് സഹായത്തിനു പൊലീസിനെ ഫോണിൽ വിളിച്ചു. പൊലീസ് സ്ഥലത്തെത്തി രണ്ടു പേരെയും അറസ്റ്റു ചെയ്തു.

അങ്ങനെ ക്രിമിനൽ കേസിൽ അകപ്പെട്ട ജാവേദ്, ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്‌മെന്റിലും, പൊലീസ് സ്റ്റേഷനിലും ഒക്കെയായി അഞ്ചാറ് മാസം കയറി ഇറങ്ങി നടന്നു. അവസാനം ഈ കേസ് കോബാർ ലേബർ കോടതിയിലും എത്തി.

റിയാദിലെ ഇന്ത്യൻ എംബസ്സിയാണ് നവയുഗം ജീവകാരുണ്യപ്രവർത്തകനായ പത്മനാഭൻ മണിക്കുട്ടനെ വിളിച്ചു ഈ കേസ് ഏൽപ്പിച്ചത്. തുടർന്ന് മണിക്കുട്ടൻ ജാവേദിനെ കാണുകയും വിവരങ്ങൾ വിശദമായി ചോദിച്ചു മനസ്സിലാക്കുകയും ചെയ്തു.

നിയമപരമായ നൂലാമാലകൾ കാരണം കേസ് ഒരുപാട് കാലം നീണ്ടുപോകാൻ സാധ്യത ഉണ്ടെന്നു മനസ്സിലാക്കിയ മണിക്കുട്ടൻ, മറ്റു നവയുഗം ജീവകാരുണ്യപ്രവർത്തകരോടൊപ്പം, ജാവേദിന്റെ കമ്പനിയെത്തന്നെ നേരിട്ട് ബന്ധപ്പെട്ടു. അക്രമം നടത്തിയ മാനേജരെ കമ്പനി സ്ഥലം മാറ്റിയതിനാൽ, പുതുതായി വന്ന മാനേജറോട് ഒത്തുതീർപ്പ് ചർച്ചകൾ നടത്തി. ഒരു പാവപ്പെട്ട കുടുംബത്തിലെ അംഗമായ ജാവേദിന്റെ ദയനീയാവസ്ഥ വിവരിച്ചു മണിക്കുട്ടൻ നടത്തിയ അഭ്യർത്ഥനകൾക്ക് ഒടുവിൽ കമ്പനി അയഞ്ഞു. രണ്ടുകൂട്ടരും കേസുകൾ പിൻവലിക്കാൻ തയ്യാറായി. കമ്പനി ജാവേദിനു എക്‌സിറ്റും വിമാനടിക്കറ്റും നൽകി.

അങ്ങനെ നിയമക്കുരുക്കുകൾ അഴിച്ചു, നവയുഗത്തിനു നന്ദിയും പറഞ്ഞു ജാവേദ് നാട്ടിലേയ്ക്ക് മടങ്ങി.