ദമ്മാം: നവയുഗം അമാംമ്ര യൂണിറ്റ് കമ്മിറ്റി സഹഭാരവാഹിയായ ഷെഫീഖ് കുരീപ്പുഴയുടെ നിര്യാണത്തിൽ നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. നാട്ടിൽ വെക്കേഷന് പോയിരുന്ന അദ്ദേഹം അവിടെ വെച്ച് കോവിഡ് ബാധിച്ചു മരണമടയുകയായിരുന്നു.

കൊല്ലം കുരീപ്പുഴ തരയിൽ ഫിർദവ്‌സ് മൻസിലിൽ താമസക്കാരനായിരുന്ന ഷെഫീഖ് (55 വയസ്സ്), കഴിഞ്ഞ ഇരുപത്തഞ്ചു വർഷമായി സൗദി അറേബ്യയിൽ പ്രവാസി ആയിരുന്നു. പത്തു വർഷമായി നവയുഗം അമാംമ്ര യൂണിറ്റ് കമ്മിറ്റിയിൽ അംഗമായി പ്രവർത്തിച്ചു വരികയായിരുന്ന അദ്ദേഹം, കഴിഞ്ഞ ഫെബ്രുവരിയിൽ ആണ് വെക്കേഷന് നാട്ടിൽ പോയത്. തിരികെ വരാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനിടയിലാണ് കോവിഡ് രോഗം പിടിപെട്ടത്. ശ്വാസതടസ്സം നേരിട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സിച്ചെങ്കിലും, ക്രമേണ രോഗം മൂർച്ഛിച്ചു മരണം സംഭവിക്കുകയായിരുന്നു.

നൂർജഹാനാണ് ഷഫീഖിന്റെ ഭാര്യ.ഫിർദൗസ്, ജന്നത്ത്, ഫവാസ് എന്നിവർ മക്കളും, ഷിഹാബുദീൻ, ഫാത്തിമ എന്നിവർ മരുമക്കളുമാണ്.

നവയുഗത്തിന്റെ ദമ്മാമിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന ഷഫീഖ്, നവയുഗം അമാംമ്ര യൂണിറ്റ് കമ്മിറ്റി ജോയിന്റ് സെക്രട്ടറിയായും, ദമ്മാം മേഖല കമ്മിറ്റി മെമ്പറായും പ്രവർത്തിച്ച് സംഘാടകപാടവം തെളിയിച്ചിട്ടുണ്ട്. ഊഷ്മളമായ പെരുമാറ്റത്തിലൂടെ ഒട്ടേറെ സൗഹൃദങ്ങളെ സൃഷ്ടിച്ചിട്ടുള്ള ഷഫീഖിന്റെ നിര്യാണം നവയുഗത്തിന് വലിയൊരു നഷ്ടമാണ്.

അദ്ദേഹത്തിന്റെ നിര്യാണത്തിൽ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുന്നതായും, ആദരാഞ്ജലികൾ അർപ്പിക്കുന്നതായും നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസി മോഹനും, ആക്റ്റിങ് സെക്രെട്ടറി ദാസൻ രാഘവനും പറഞ്ഞു