ദമ്മാം: കേരളത്തിലെ ഇടതുപക്ഷ സർക്കാർ വിജയകരമായി നടപ്പാക്കിയ വിവിധ ജനക്ഷേമപദ്ധതികൾ, ഇപ്പോൾ നടക്കുന്ന ത്രിതല തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വ്യക്തമായ മുൻതൂക്കം നൽകിയെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയും, മുൻ എംഎ‍ൽഎ യുമായ സത്യൻ മൊകേരി പറഞ്ഞു.

നവയുഗം സാംസ്കാരികവേദിയുടെ 2021 മെമ്പർഷിപ്പിന്റെ വിതരണോത്ഘാടനം, ഓൺലൈനിൽ സൂം പ്ലാറ്റ്ഫോമിൽ നടന്ന യോഗത്തിൽ വെച്ച് നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ നാലരവർഷം കൊണ്ട് മറ്റൊരു കാലഘട്ടത്തിലും നടന്നിട്ടില്ലാത്ത വികസനപ്രവർത്തനങ്ങളാണ് കേരളസർക്കാർ നടത്തിയത്. ഓഖി, പ്രളയം, നിപ്പ, കോവിഡ് തുടങ്ങി ഒട്ടേറെ വെല്ലുവിളികളെ തരണം ചെയ്ത്, സാധാരണ ജനങ്ങളുടെ നിത്യജീവിതത്തിന്റെ പ്രധാന പ്രശ്‌നങ്ങളായ ഭക്ഷണം, വീട്, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ വൻപിച്ച മാറ്റമാണ് സർക്കാർ കൊണ്ടുവന്നത്. താഴെത്തട്ടിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വികസനപ്രവർത്തനങ്ങൾക്കായി ഇത്രയധികം ഫണ്ട് അനുവദിച്ച കാലം വേറെയില്ല. അതിന്റെയെല്ലാം ഗുണഫലങ്ങൾ അനുഭവിച്ച സാധാരണജനങ്ങൾ ഇടതുപക്ഷത്തിനെ തന്നെ വിജയിപ്പിക്കും എന്നതിൽ സംശയമില്ല എന്ന് അദ്ദേഹം പറഞ്ഞു.

നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസിമോഹന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ നവയുഗം മുൻവൈസ് പ്രസിഡന്റും, പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇത്തവണ സ്ഥാനാർത്ഥിയുമായിരുന്ന രാജീവ് ചവറ ആശംസപ്രസംഗം നടത്തി. നവയുഗം ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ സ്വാഗതവും, നവയുഗം രക്ഷാധികാരി ഷാജി മതിലകം നന്ദിയും പറഞ്ഞു.

നവയുഗം കേന്ദ്രകമ്മിറ്റി അംഗങ്ങൾ, മേഖല, യൂണിറ്റ് ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. നവയുഗത്തിന്റെ 2021 ലെ മെമ്പർഷിപ്പ് വിതരണ ക്യാമ്പയിൽ ഡിസംബർ 12 മുതൽ ആരംഭിച്ചതായി കേന്ദ്രകമ്മിറ്റി അറിയിച്ചു.