- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊറിയൻ ചലച്ചിത്രകാരൻ കിം കി ഡുക്കിന്റെയും, മലയാളി എഴുത്തുകാരൻ യു.എ.ഖാദറിന്റെയും നിര്യാണത്തിൽ നവയുഗം വായനവേദി അനുശോചനം രേഖപ്പെടുത്തി
ദമ്മാം: ഭാഷയുടെ അതിരുകൾ തകർത്ത് മലയാളിസിനിമ പ്രേമികളുടെ ആരാധന പിടിച്ചു പറ്റിയ വിശ്വവിഖ്യാത ദക്ഷിണ കൊറിയൻ സിനിമ സംവിധായകൻ കിം കി ഡുക്ക്, നോവലിസ്റ്റും, ചെറുകഥാകൃത്തും, ചിത്രകാരനുമെല്ലാമായി മലയാളത്തിന്റെ സാംസ്‌കാരിക ഭൂമികയിൽ ഏഴു പതിറ്റാണ്ടോളം നിറഞ്ഞു നിന്ന എഴുത്തുകാരൻ യു.എ ഖാദർ എന്നിവരുടെ നിര്യാണത്തിൽ നവയുഗം സാംസ്കാരികവേദി വായനവേദി കേന്ദ്രകമ്മിറ്റി ദുഃഖം രേഖപ്പെടുത്തി.
ദേശാതിർത്തികൾക്കും, ഭാഷാതിർത്തികൾക്കും, ആദർശ-വിശ്വാസാതിർത്തികൾക്കും പൗരത്വനിയമങ്ങൾക്കും അപ്പുറം തങ്ങളുടെ പ്രവർത്തനമേഖലകളിൽ മികച്ചു നിന്ന് അനന്യസാധാരണമായ വിസ്മയം തീർത്ത പ്രതിഭകളായിരുന്നു കിം കി ഡുക്കും, യു.എ.ഖാദറും എന്ന് നവയുഗം വായനവേദി അനുസ്മരണ പ്രസ്താവനയിൽ പറഞ്ഞു. .
മനുഷ്യജീവിതത്തെ ഋതുഭേദങ്ങളുടെ നിഴലിൽ കണ്ട, ഒട്ടേറെ ലോകപ്രശസ്ത ദക്ഷിണ കൊറിയൻ സിനിമകൾ തീർത്ത സംവിധായകനായിരുന്നു കിം കി ഡുക്ക്. സമരിറ്റൻ ഗേൾ, ത്രീ അയേൺ, അരിരംഗ്, ബ്രത്ത്, പിയത്ത തുടങ്ങി 23 സിനിമകൾ സംവിധാനം ചെയ്ത അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തി നേടിയ ചിത്രം 'സ്പ്രിങ് സമ്മർ ഫാൾ വിന്റർ ആൻഡ് സ്പ്രിങ്' ആണ്. 69-ാമത് വെനീസ് ചലച്ചിത്രമേളയിലെ ഗോൾഡൻ ലയൺ, 61-ാമത് വെനീസ് ചലച്ചിത്രമേളയിൽ സിൽവർ ലയൺ, 54-ാമത് ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ സിൽവർ ബെയർ, കാൻ ഫെസ്റ്റിവൽ പുരസ്‌കാരങ്ങൾ ഉൾപ്പെടെ ഒട്ടേറെ ബഹുമതികൾ നേടിയിട്ടുള്ള അദ്ദേഹത്തിന് ലോകമെമ്പാടും ആരാധകർ ഉണ്ട്. തിരുവനന്തപുരം ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിലൂടെ മലയാളി ചലച്ചിത്രപ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സംവിധായകനായി മാറിയിരുന്നു.
ബർമ്മക്കാരിയായ മാതാവിന്റെ മകനായി ജനിച്ചു മലയാളത്തിന്റെ സ്വന്തമായി മാറിയ യു.എ.ഖാദർ, ഉത്തര കേരളത്തിന്റെ ഉപബോധ മനസ്സിനെ സ്വന്തം സർഗ്ഗാത്മകതയുടെ ജൈവതട്ടകമാക്കി മാറ്റിയ എഴുത്തുകാരനാണ്. കാവും തെയ്യവും ഭൂതപ്പൊരുളുകളും ആചാരാനുഷ്ഠാനങ്ങളും നാടോടി വിജ്ഞാനവഴികളും മിത്തുകളായി ഇദ്ദേഹത്തിന്റെ രചനകളിൽ നിറഞ്ഞു നിന്നു. നോവലുകൾ, കഥാസമാഹാരങ്ങൾ, ലേഖനങ്ങൾ, യാത്രാവിവരണം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി എഴുപതോളം കൃതികളുടെ കർത്താവായ ഖാദറിന്റെ ഏറ്റവും പ്രശസ്ത കൃതിയായ 'തൃക്കോട്ടൂർ പെരുമ' മലയാളഭാഷയിലുണ്ടായ ദേശപുരാവൃത്തരചനകളിൽ പ്രധാനപ്പെട്ടതാണ്. തൃക്കോട്ടൂർ കഥകൾ, കൃഷ്ണമണിയിലെ തീനാളം, അഘോരശിവം, വായേ പാതാളം, കലശം, ഖുറൈശിക്കൂട്ടം, പൂമരത്തളിരുകൾ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാനരചനകൾ. കേരള സാഹിത്യ അക്കാദമി, കേരള ലളിതകലാ അക്കാദമി എന്നിവയിൽ അംഗവും സാഹിത്യ പ്രവർത്തക സഹകരണസംഘം വൈസ് പ്രസിഡന്റുമായിരുന്ന അദ്ദേഹത്തിന്, കേരള സാഹിത്യ അക്കാദമി അവാർഡ്, കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം, എസ് .കെ. പൊറ്റെക്കാട്ട് അവാർഡ്, പത്മപ്രഭാ പുരസ്‌കാരം, അബുദാബി ശക്തി അവാർഡ്, മാതൃഭൂമി സാഹിത്യ പുരസ്‌കാരം എന്നീ ഒട്ടേറെ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.
ഈ രണ്ടു മഹാപ്രതിഭകളുടെയും വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും, ആദരാഞ്ജലികൾ അർപ്പിക്കുന്നതായും നവയുഗം വായനവേദി കേന്ദ്രകമ്മിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു.