- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവയുഗം സഹായിച്ചു; രോഗം മൂലം ദുരിതത്തിലായ വീട്ടുജോലിക്കാരി നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: കരാർ കാലാവധി കഴിഞ്ഞിട്ടും, രോഗം മൂലം ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ടിട്ടും, സ്‌പോൺസർ നാട്ടിലേയ്ക്ക് അയയ്ക്കാൻ തയ്യാറാകാത്തതിനാൽ ദുരിതത്തിലായ മലയാളിയായ വനിത, നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ ഇടപെടൽ മൂലം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.
തിരുവനന്തപുരം കടുവാക്കരകുന്ന് സ്വദേശിനിയായ ഇന്ദിര ജാനകിയാണ് ദുരിതപർവ്വം താണ്ടി നാട്ടിലേയ്ക്ക് മടങ്ങിയത്. മൂന്നു വര്ഷം മുൻപാണ് ഇന്ദിര ദമ്മാമിലെ ഒരു സൗദിയുടെ വീട്ടിൽ ജോലിക്കായി എത്തിയത്. രാവിലെ മുതൽ പാതിരാത്രി വരെ നീളുന്ന വിശ്രമമില്ലാത്ത വീട്ടുജോലി കാരണം ആരോഗ്യം ക്ഷയിക്കാൻ തുടങ്ങിയിട്ടും, നാട്ടിലെ കുടുംബത്തിന്റെ സാമ്പത്തിക അവസ്ഥ ഓർത്ത് അവർ പിടിച്ചു നിന്നു. കരാർ കാലാവധിയായ മൂന്നു വർഷം കഴിഞ്ഞപ്പോൾ, അവർ നാട്ടിലേയ്ക്ക് എക്‌സിറ്റിൽ മടക്കി അയയ്ക്കാൻ സ്‌പോൺസറോട് ആവശ്യപ്പെട്ടെങ്കിലും, അയാൾ സമ്മതിച്ചില്ല. ശാരീരിക അവശതകൾ കാരണം ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയിൽ ആയിട്ടും, അവരെക്കൊണ്ട് ആ വീട്ടുകാർ ജോലി ചെയ്യിച്ചു.
ഒടുവിൽ ഒരു ദിവസം, ജോലിക്കിടെ തല കറങ്ങി വീണ ഇന്ദിരയെ ആ വീട്ടുകാർ ദമ്മാം കിങ് ഫഹദ് ആശുപത്രിയിൽ കൊണ്ടുവന്ന് അഡ്‌മിറ്റ് ചെയ്യിച്ചു മടങ്ങിപ്പോയി. കുറച്ചു ദിവസത്തെ ചികിത്സിക്ക് ശേഷം, രോഗം കുറഞ്ഞപ്പോൾ, ഡോക്റ്റർ അവരെ ഡിസ്ചാർജ്ജ് ചെയ്യാൻ നിർദ്ദേശിച്ചു. എന്നാൽ താൻ ജോലിസ്ഥലത്തേക്ക് മടങ്ങില്ല എന്നും, തന്നെ തിരികെ അയക്കരുതേ എന്നും അവർ അവിടെ കിടന്ന് ഉറക്കെ വിളിച്ചു കരഞ്ഞു. ആ അവസ്ഥ കണ്ട മലയാളിയായ ഒരു നഴ്സ്, നവയുഗം ജീവകാരുണ്യപ്രവർത്തകയായ മഞ്ജു മണികുട്ടനെ ഫോണിൽ ബന്ധപ്പെട്ട് ആശുപത്രിയിൽ നടന്ന സംഭവങ്ങൾ അറിയിച്ചു.
മഞ്ജുവും, ഭർത്താവും നവയുഗം ജീവകാരുണ്യപ്രവർത്തനുമായ പത്മനാഭൻ മണിക്കുട്ടനും ഉടനെ ആശുപത്രിയിൽ എത്തി ഇന്ദിരയെക്കണ്ട് വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കി. ആ ആശുപത്രിയിൽ തന്നെ ജോലി ചെയ്യുന്ന സാമൂഹ്യപ്രവർത്തകനായ ഷാജഹാന്റെ സഹായത്തോടെ ഇന്ദിരയുടെ സ്പോൺസറുടെ അഡ്രസ്സും, ആശുപത്രിയിൽ നൽകിയ ഫോൺ നമ്പറും മനസ്സിലാക്കി. സ്‌പോൺസറിനെ വിളിച്ചു വിവരം പറഞ്ഞപ്പോൾ, അയാൾ ആശുപത്രിയിൽ എത്തി.
ഇന്ദിരയ്ക്ക് ജോലി ചെയ്യാനുള്ള ആരോഗ്യം ഇല്ലെന്നും, അവരെ കരാർ പ്രകാരം എക്‌സിറ്റ് നൽകി നാട്ടിലേയ്ക്ക് അയയ്ക്കണമെന്നും മഞ്ജുവും, മണിക്കുട്ടനും സ്‌പോൺസറോട് ആവശ്യപ്പെട്ടു. എന്നാൽ അയാൾ ആദ്യമൊന്നും വഴങ്ങിയില്ല. വലിയ വാഗ്വാദങ്ങൾക്കും, തർക്കങ്ങൾക്കും ഒടുവിൽ, ഇന്ദിരയെ തത്ക്കാലത്തേയ്ക്ക് മഞ്ജുവിന്റെ കൂടെ വിടാമെന്നും, പിന്നീട് എക്‌സിറ്റ് അടിച്ചു നൽകാമെന്നും സ്‌പോൺസർ സമ്മതിച്ചു.
മഞ്ജു മണിക്കുട്ടൻ, ഇന്ദിരയെ കൂട്ടികൊണ്ടു സ്പോൺസറുടെ വീട്ടിൽ എത്തി. അവിടെ നിന്ന് ഇന്ദിരയുടെ പാസ്സ്‌പോര്ട്ടും, മറ്റു സാധനങ്ങളും എടുത്തു കൊണ്ട് വന്നു, അവരെ മഞ്ജുവിന്റെ വീട്ടിൽ കൊണ്ടുപോയി താമസിപ്പിച്ചു.
തുടർന്നുള്ള ദിവസങ്ങളിൽ മഞ്ജു സ്പോൺസറെ നിരന്തരമായി ഫോണിൽ ബന്ധപ്പെട്ട് സമ്മർദ്ദം ചെലുത്തിയതിന്റെ ഫലമായി, അയാൾ ഇന്ദിരയ്ക്ക് എക്‌സിറ്റും വിമാനടിക്കറ്റും നൽകി. നവയുഗം കുടുംബവേദി സെക്രെട്ടറി ശരണ്യ ഷിബുകുമാറും മഞ്ജുവിനെ ഈ കേസിൽ സഹായിച്ചു.
അങ്ങനെ നിയമനടപടികൾ ഒക്കെ പൂർത്തിയാക്കി, നവയുഗത്തിനു നന്ദി പറഞ്ഞുകൊണ്ട്, ഇന്ദിര നാട്ടിലേയ്ക്ക് മടങ്ങി.